Tuesday, January 27, 2009

രണ്ടായിക്കീറിയ ഭൂപടങ്ങൾക്കിടയിലെ തടവുമുറി

നിങ്ങൾ ഈ തടവുമുറിയ്ക്കു അഭിമുഖമായി നിൽക്കുകയാണല്ലോ
നിങ്ങൾ എന്നെ നോക്കി ചിരിക്കുവാൻ ശ്രമിക്കുന്നുണ്ടല്ലേ?

എന്റെ കുറ്റം, ഞാൻ എന്റെ കുറ്റം തിരിച്ചറിയുന്നില്ലെന്നതാണു്
അതുപക്ഷെ എന്റെ തടവുമുറിയും തിരിച്ചറിയുന്നില്ല കേട്ടോ
പകരം തടവുമുറി നിരന്തരം എന്നെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു
ജനലഴിയിലൂടെ വെയിൽ വെളിച്ചം ഞാനിരിക്കാനില്ലാത്ത മൂലയിലേയ്ക്കു വീഴ്ത്തിക്കൊണ്ടു്
എട്ടടി സമചതുരത്തിനുള്ളിൽ എന്റെ കാലടികൾക്കപ്പുറം തരിശമാക്കിക്കൊണ്ടു്

നിങ്ങൾ പള്ളിക്കൂടത്തിൽ ഭൂപടങ്ങൾ മായ്ച്ചുവരച്ചു പഠിച്ചിട്ടുണ്ടല്ലോ
ഒരു ഭൂപടം രണ്ടായിക്കീറിയതു് എന്റെ മുത്തശ്ശിയുടെ വയറിനു മുകളിലൂടെയാണു്
എനിക്കു ലഭിച്ച മുത്തശ്ശിയുടെ അരഭാഗത്തിൽ അവരുടെ വിണ്ടുകീറിയ കാലടികളാണുണ്ടായിരുന്നതു്
എന്റെ നാട്ടിലെ നദികൾ മുത്തശ്ശിയുടെ കാലടിയെ ഓർമ്മിപ്പിച്ചിരുന്നു, ചോരപൊടിഞ്ഞിരുന്നു

ഈ തടവുമുറിയ്ക്കപ്പുറത്തുള്ള ഒരു മുറിയിൽ എന്റെ അമ്മ
റഫേലിന്റെ കുഞ്ഞുമാലാഖകളുടെ ചിത്രമുള്ള തലയിണയിൽ മുഖമമർത്തി ഉറങ്ങുകയാണു്
അമ്മ ചിത്രത്തിലെ മാലാഖയെ ധ്യാനിച്ചതുകൊണ്ടാണ് ഞാനുണ്ടായതു്
നിങ്ങൾ ഇത്ര അവിശ്വാസത്തോടെ നോക്കുന്നതെന്തിനു്?
തടവുമുറിയ്ക്കു കണ്ണും കാതും വച്ചുകൊടുക്കുമ്പോൾ ഓർത്തിരുന്നുവോ
കല്ലും മരവും എനിക്കുവേണ്ടിയും ചാരപ്പണി ചെയ്യുമെന്നു്

ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്
ശാന്തമാണു്

കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?

5 comments:

Siji vyloppilly said...

Good..

Big Biz said...

nice

Dinkan-ഡിങ്കന്‍ said...

അവസാന ഖണ്ഡിക(സ്റ്റാൻസ?) വായിക്കുന്നതുവരെ
Thus born a 'Papillon' എന്നു കമെന്റിട്ട് തടവുചാടും പോലെ ഇവിടെ നിന്ന് രക്ഷപ്പെടാമെന്നാണ് കരുതിയത്.

പക്ഷേ....
ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു
തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്
ശാന്തമാണു്
... ഇതിൽ പിടിക്കപ്പെട്ടു. സ്വന്തം നിശ്വാസം പോലും ഒറ്റുകാരനാകുന്ന ഭൂപടങ്ങളിൽ മാലാഖസ്വപ്നങ്ങളുള്ള തടവുകാരന്
രക്ഷയില്ല... ഇനിയും ഭൂപടങ്ങൾ മായ്ച്ചുവരച്ച്/കനത്ത ഇരുട്ടിന്റെ തടവറമണത്ത്... സെലസ്റ്റിയൽ സെല്ലിൽ..

Anonymous said...

valum thalayum illatha katha

son of dust said...

കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?
ഉണ്ടാവില്ല രാജ്, കീറിയെടുത്ത ഭൂ‍പടത്തിന്റെ ഈ തടവറയുടേയും നിന്റെ വീടിന്റേയും അതിർ വരകൾ പരസ്പരം പങ്കിടുന്നതാവും.അതിരിഉകൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ ഈ തടവറയും വീടും അടയാളപ്പെടുന്നതെങ്ങനെ. സ്വപ്നവും ഫാന്റസിയും നിസ്സഹായതയുടെ പ്രതികര്ണമാവാതിരിക്കട്ടെ അല്ലേ രാജ്???