Sunday, May 31, 2009

സ്നേഹം

ഒരു സ്നേഹം മരിച്ചുപോയ്. മലയാളിയുടെ ഷൊവിനിസങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്ത വിധം ലോകത്തെ സ്നേഹിച്ചുകൊണ്ടു അവര്‍ മരിച്ചുപോയ്.

Saturday, May 16, 2009

There is No Joy in Celebrating the Most Obvious Victories

എല്ലാ തിരഞ്ഞെടുപ്പുകാലവും മലയാളിക്കു്‌ അത്യാവശ്യം തമാശകള്‍ നല്‍കിയാണല്ലോ കഴിഞ്ഞുപോവുക പതിവു്‌. പ.ബംഗാള്‍ ഉള്‍പ്പെടെ എട്ടുനിലയില്‍ പൊട്ടിയ സി.പി.ഐ(എം) -ന്റെ വിശേഷങ്ങളല്ല തമാശ. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കോണ്‍‌ഗ്രസ്സ് നേതാക്കള്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഒരു കാര്യം സത്യത്തില്‍ ചിരിയുണര്‍ത്തി. എല്‍.ഡി.എഫിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടനെ കാലങ്ങളോളം എല്‍.ഡി.എഫ്ഫില്‍ പിഴച്ചുപോയിക്കൊണ്ടിരിക്കുന്ന പാവം ജനതാദളിനെ സി.പി.ഐ(എം) ക്രൂരതയോടെ തഴഞ്ഞതിനെ കുറിച്ചു കോണ്‍‌ഗ്രസ്സ് നേതാക്കള്‍ സങ്കടത്തോടെ വിലപിക്കുന്നതുകാണം. ഇത്രമാത്രം ജനതാദളിനെ കുറിച്ചു സങ്കടപ്പെടുവാന്‍ എന്തുണ്ട്? ഇടതുജനാധിപത്യമുന്നണിയിലെ ഒരു ആഭ്യന്തരപ്രശ്നമാണോ തിരഞ്ഞെടുപ്പു വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വാചാലനാവേണ്ടുന്ന വിഷയം? ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കെ.പി.സി.സി അംഗങ്ങള്‍ക്കു അറിയില്ലെങ്കിലും വോട്ട് ചെയ്തവര്‍ക്കു നന്നായറിയാമെന്നു തോന്നുന്നു.

അക്രമരാഷ്ട്രീയവും, ദാരിദ്ര്യനിര്‍മ്മാജനത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദീര്‍ഘകാല ഭരണശേഷവും സംഭവിച്ച പരാജയം, വര്‍ഗ്ഗീയതയ്ക്കെതിരെ എന്നു പ്രസംഗിക്കുമ്പോഴും വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും, രാഷ്ട്രതാല്പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിലോമരാഷ്ട്രീയവും, സര്‍‌വ്വോപരി അഴിമതിയും സ്വജനപക്ഷപാതവും ഇടതുകോട്ടകളെ ഉലച്ചുവെന്നു വിളിച്ചു പറയുവാനുള്ള ഹോം‌വര്‍ക്ക് പോലും ചെയ്യാതെ കോണ്‍‌ഗ്രസ്സുകാര്‍ വായതുറക്കുമ്പോള്‍ ഒരു തമാശകേട്ട ലാഘവത്തോടെ ചിരിക്കുവാന്‍ തോന്നുന്നു. നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം സാറേ ഇടതുമുന്നണി തോറ്റതെന്തുകൊണ്ടാണെന്നു്‌. ഇതൊന്നും മറന്നുപോകാത്ത മിടുക്കന്മാര്‍ കേരളത്തിനു പുറത്തുണ്ടെന്ന വിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നുമാത്രം. ഇന്ത്യന്‍ ജനാധിപത്യത്തിനു വാഴ്വും വാഴ്ത്തും!