Sunday, December 6, 2009

ഡിസംബര്‍ 6

ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു – യോഹന്നാന്‍ എഴുതിയ സുവിശേഷം.

ബൈബിളില്‍ ദാര്‍ശനികമായി ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന വരിയേതെന്നു ചോദിച്ചാല്‍ ചിലര്‍ക്കെങ്കിലും ഈ വരികള്‍ ഓര്‍മ്മവന്നേയ്ക്കും. അതിന്റെ വ്യാഖ്യാനങ്ങളിലേയ്ക്കു സമീപിക്കുന്നില്ല, കുറച്ചുദിവസം മുമ്പായിരുന്നു ഒരു സുഹൃത്തുമായി ഈ വരികളെ കുറിച്ചു സംസാരിച്ചതിന്റെ തുടര്‍ച്ചയായി ബൈബിള്‍ വായനയിലായിരുന്നു. അന്നൊരിക്കല്‍ തിരികെ വീട്ടിലേയ്ക്കു പ്രവേശിക്കുമ്പോള്‍ വീട്ടുടമസ്ഥ തനി പാലക്കാടന്‍ ഉച്ചാരണത്തില്‍ കൃസ്ത്യാനിയായോ എന്നു ചോദിക്കയുണ്ടായി.

‘നിങ്ങളെന്തിനാ ബൈബിള്‍ വെയ്ക്കണേ?’, ബൈബിളെന്നല്ല ഒട്ടുമിക്ക ആദ്ധ്യാത്മിക പുസ്തകങ്ങളും എന്റെ കൈവശമുണ്ടെന്നു ചിരിച്ചൊഴിയുവാന്‍ നോക്കിയപ്പോള്‍ അവര്‍ ആവേശത്തോടെ പറഞ്ഞു, ‘സായിബാബയെ കുറിച്ചു ബൈബിളിലുള്ളത് ഞാന്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്.’

തിരതള്ളിവന്ന നിരാശയും ഖേദവും പ്രകടിപ്പിക്കാതെ മുറിയിലേയ്ക്ക് വേഗം ഒഴിഞ്ഞുപോന്നു. പിന്നെ കുറച്ചു കഴിഞ്ഞെപ്പോഴോ വാതില്‍ക്കല്‍ അവരുടെ ശബ്ദം കേട്ടു. ഖുറാനുണ്ടോ? ഉവ്വെന്നു മറുപടി പറഞ്ഞപ്പോള്‍ ആവേശമായി. അതിലുമുണ്ടത്രെ സായിബാബയെ കുറിച്ച്. സ്ഥലസൗകര്യക്കുറവുമൂലം അടുത്തകാലത്തു നാട്ടിലേയ്ക്കു പുസ്തകങ്ങള്‍ തിരിച്ചയതില്‍ ഖുറാനും ഉള്‍പ്പെട്ടിരുന്നു. എന്നിരുന്നാലും ആവേശം ഒട്ടും കുറയാതെ ബൈബിള്‍ വന്നെടുത്തു് അവര്‍ അടയാളപ്പെടുത്തി വച്ചിരുന്ന ഭാഗം കാണിച്ചു തന്നു. ‘വെളിപാടുകളിള്‍’ യേശുവിനെ വിവരിക്കുന്ന ചില വരികള്‍ ആള്‍ദൈവത്തിന്റെ വര്‍ണ്ണനകളോടു സാമ്യപ്പെടുന്നു. ‘എന്തൊരു അത്ഭുതം അല്ലേ?’ അവര്‍ വീണ്ടും അതിശയപ്പെടുന്നു.

അവര്‍ കൈയ്യേറിയ ബൈബിള്‍ താളുകളില്‍ ഗ്രാഫൈറ്റിന്റെ നരച്ചനിറത്തില്‍ മതപരമായ അസഹിഷ്ണുത വെളിപ്പെട്ടുകിടക്കുന്നു. കര്‍സേവകരെയും സംഘ്പരിവാറിനെയുമൊക്കെയാണു് ഓര്‍മ്മ വന്നതു്. ഒരര്‍ത്ഥത്തില്‍ വരികള്‍ക്കു കീഴെ പെന്‍സിലോടിച്ചു അവര്‍ അടയാളപ്പെടുത്തിയെടുക്കുന്നതു സ്വയം ആവര്‍ത്തിക്കുവാന്‍ ചരിത്രത്തിനുള്ള ക്രൂരമായ ഇച്ഛയെയാണു്.

Ps: കേരളം കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളായ കശുവണ്ടി, കുരുമുളക്, എന്നിവയ്ക്കൊരു ദോഷമുണ്ട്, സാധാരണക്കാരില്‍ സാധാരണക്കാരനു ഇവയെക്കൊണ്ടൊന്നും വലിയ ഉപകാരമില്ല, ഉപയോഗത്തിനായി നോക്കുമ്പോള്‍ കിട്ടാന്‍ വലിയ വിലയും കൊടുക്കേണ്ടിവരുന്നു.

ഒരു കഷ്ണം റബ്ബര്‍ കൊണ്ടു് ഇന്നല്പം ഉപയോഗമുണ്ട്, കേരളത്തിനു സ്തുതി!

Saturday, October 17, 2009

Pink

വെളിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയായിരുന്നു
അപ്പോള്‍ നൂലില്‍ കെട്ടിയിറക്കിയതുപോലെ പകല്‍ വന്നു

കണ്ണുതുറന്നുറങ്ങരുതേ അരുതേ
സ്വപ്നങ്ങളില്‍ നഗ്നരാക്കപ്പെടുന്നവര്‍ കരഞ്ഞു
കണ്‍പുരികങ്ങളിലേയ്ക്കവര്‍
ഏണികയറി പേനുകളായ് കുടിയേറിപ്പോയ്

ചുണ്ണാമ്പുണ്ടോ? ഒരു വെറ്റിലയെടുക്കാന്‍
ഓര്‍ത്തോര്‍ത്തു പേടിപ്പിക്കുന്നു കള്ളിയങ്കാട്ടെ തമാശ

മുടിനാരു പിഴുതു വിചാരണ ചെയ്തു
ഓര്‍മ്മകളുമായുള്ള സമ്പര്‍ക്കത്തിനു ശിക്ഷനല്‍കി

അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നു
വന്നുകയറിയപ്പോള്‍ ശാസിച്ചു ഓടിച്ചുവിട്ടു
ഉടുപ്പിന്റെ നിറം ഒട്ടും ശരിയല്ല
പിങ്ക് ഉടുപ്പിട്ട മരണം ഹാഹാഹാ!

Saturday, September 26, 2009

ചിരിയുടേയും മറവിയുടേയും പുസ്തകം

മിലാന്‍ കുന്ദേരയുടെ The Book of Laughter and Forgetting എന്ന നോവലിലെ ആദ്യത്തെ അദ്ധ്യായം:

In February 1948, the Communist leader Klement Gottwald stepped out on the balcony of a Baroque palace in Prague to harangue hundreds of thousands of citizen massed in Old Town Square. That was a great turning point in the history of Bohemia. A fateful moment of the kind that occurs only once or twice a millennium.

Gottwald was flanked by his comrades, with Clementis standing close to him. It was snowing and cold, and Gottwald was bareheaded. Bursting with solicitude, Clementis took off his fur hat and set it on Gottwald's head.

The propaganda section made hundreds of thousands of copies of the photograph taken on the balcony where Gottwald, in a fur hat and surrounded by his comrades, spoke to the people. On that balcony the history of Communist Bohemia began. Every child knew that photograph, from seeing it on posters and in schoolbooks and museums.

Four years later, Clementis was charged with treason and hanged. The propaganda section immediately made him vanish from history and, of course, from all photographs. Ever since, Gottwald has been alone on the balcony. Where Clementis stood, there is only the bare palace wall. Nothing remains of Clementis but the fur hat on Gottwald's head.


സെബാസ്റ്റ്യന്‍ പോള്‍ കുന്ദേരയെ വായിച്ചു കാണണം. ഇതേ പുസ്തകത്തിലെ The struggle of man against power is the struggle of memory against forgetting എന്ന വരിയിലൂടെയാവണം ഒരു പക്ഷെ കുന്ദേര ഏറ്റവും കൂടുതല്‍ എടുത്തെഴുതപ്പെടുന്നതു്‌. അധികാരത്തിന്റെ ഉരുക്കുമുഷ്ടിക്കെതിരെ പൊരുതുവാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ മറവിയ്ക്കെതിരെ ഓര്‍മ്മയെന്നോണമാണു്‌. അതുകൊണ്ടു തന്നെയാവണം മാധ്യമവിചാരം എന്ന പരിപാടി പത്തുകൊല്ലത്തോളം നടത്തിയിരുന്ന സെബാസ്റ്റ്യന്‍ പോളിനു അധികാരത്തിന്റേയും മറവിയുടെയും പക്ഷത്തുനിന്നു മാറിനിന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകളോടെ ഉണര്‍ന്നുവരേണ്ടി വന്നതു്‌.

മാധ്യമങ്ങള്‍ ഓര്‍മ്മയുടെ കൂറുകാരാണു്‌, അതുകൊണ്ടാണു മാധ്യമങ്ങളെ പലരും പേടിക്കുന്നതും.

വിലാപങ്ങള്‍ക്കപ്പുറം

ചില ചുരുങ്ങിയ വാക്കുകളില്‍ ടി.വി.ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയെ ടാക്സോണമിക്കലായി ചിത്രീകരിക്കാവുന്നതാണ്‌. ഹിന്ദുതീവ്രവാദം, മെയില്‍ ഷൊവനിസം, മതപരമായ യാഥാസ്ഥികത്വം, സങ്കുചിതബോധം, അയഥാര്‍ത്ഥത എന്നിങ്ങനെ ചിരപരിചിതമായ വാക്കുകളില്‍ . ഗുജറാത്ത് കലാപത്തിനു അനന്തരമായ ഒരു പെണ്ണവസ്ഥയിലേയ്ക്ക് ടി.വി.ചന്ദ്രന്റെ ക്യാമറ വളരുന്നതു തീവ്രഹിന്ദുത്വത്തിനെ അതിന്റെ സായുധവും കലാപകരവുമായ വിഷപ്പത്തിമൂലം ഹിന്ദുതീവ്രവാദം എന്നു തീര്‍ച്ചയായും മാറ്റി വിശേഷിപ്പിക്കേണ്ടിവരുന്ന ഇന്ത്യന്‍ അവസ്ഥയുടെ ഭീതിപ്പെടുത്തുന്ന നിഴലില്‍ നിന്നുകൊണ്ടാണ്‌.

ഹിന്ദുതീവ്രവാദം ആദ്യത്തെ ചില സീനുകളിലും കഥാപാത്രങ്ങളുടെ മാനസികവ്യാപരങ്ങളായി ചില ചെറു സീനുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കപ്പെടുന്നുള്ളുവെങ്കിലും അതുപടര്‍ത്തുന്ന നിഴല്‍ സിനിമയിലുടനീളമുണ്ട്. തീവ്രഹിന്ദുത്വം പുലമ്പുന്ന ഒരു ഗുജറാത്ത് കലാപകാരിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ ഭ്രാന്ത് മലയാളത്തിനു അന്യമായ ശബ്ദമായിട്ടുപോലും മനഃപൂര്‍‌വ്വം തന്നെ സബ്‌ടൈറ്റിലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമ സബ്‌ടൈറ്റിലിന്റെ കലയല്ലല്ലോ!

അനന്തരം ക്രൂരമായ പീഢനങ്ങള്‍ക്കിരയാവുന്ന ഒരു പെണ്‍കുട്ടി അതിയാദൃച്ഛികതയോടെ ആണ്‍പോരിമയുടെ കേരളത്തില്‍ രക്ഷപ്പെട്ടെത്തുന്നു എത്തുന്നു. കേരളത്തിലെ ആണ്‍നോട്ടങ്ങള്‍ അതിജീവിക്കുവാന്‍ കഴിഞ്ഞാല്‍ ലോകത്തിലെവിടെയുമുള്ള ആണുങ്ങളുടെ ഇടയിലും ജീവിക്കാമെന്നു ഒരു സുഹൃത്തു പറഞ്ഞതു്‌ ഓര്‍ത്തുപോകുന്നു. സാഹിറയെ കേരളത്തില്‍ ഒരു പുരുഷന്‍ കാണുമ്പോഴെല്ലാം ആദ്യം അവളുടെ വലിയ മാറിടം കാണുന്നു. സാഹിറ എന്ന ടി.വി.ചന്ദ്രന്റെ നായികയുടെ പേര്‌ വെട്ടി നിങ്ങള്‍ ഏതു പേരും എഴുതിക്കൊള്ളുക. മുന്‍പറഞ്ഞ വാക്യം അതിന്റെ ശരിയില്‍ നിലനില്‍ക്കും. സിനിമയുടെ ഒടുക്കമെങ്ങോ സാഹിറയ്ക്കൊരു ഷാള്‍ ഉണ്ടാകുന്നതോടെ അവളുടെ ചുണ്ടുകളിലേയ്ക്ക് പുരുഷന്റെ കാഴ്ച തെറിച്ചുവീഴുന്നുണ്ട്. സിനിമയില്‍ ഒരു പുരുഷന്‍ സാഹിറയെ കാണുന്നതാണ്‌ ആ പുരുഷന്റെ പാത്രസൃഷ്ടിയെന്ന ലളിതമായ സമവാക്യത്തിലാണ്‌ ചിത്രത്തിന്റെ നിര്‍മ്മിതി. പോലീസ് ഓഫീസര്‍ ആദ്യമായി സാഹിറയെ കാണുമ്പോള്‍ നിവര്‍ന്നു കിടക്കുന്ന ഒരു പെണ്ണുടലിനെ സാഹിറയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സം‌വിധായകന്‍ അടുത്തുവരുന്ന ഒരു സീക്വന്‍സില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഡോക്ടറിന്റെ നോട്ടം കാണിക്കുന്നേയില്ല.

സാഹിറ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍ അവളിലേയ്ക്ക് നോട്ടമെത്താത്ത കേരളത്തിലെ മറ്റു ചില ആണുങ്ങളും സിനിമയില്‍ കാഴ്ചയാവുന്നുണ്ട്. അയഥാര്‍ത്ഥത സ്യൂഡോബുദ്ധിജീവികളില്‍ മദ്യമായി നിറയുന്ന രംഗം ഹാസ്യത്തിലുപരിയായ് വളരുന്നതു മിമിക്രിതാരങ്ങള്‍ അനശ്വരമാക്കിയ ബുദ്ധിജീവി ഇമേജുകള്‍ ആവര്‍ത്തിച്ചു ടി.വി.ചന്ദ്രന്‍ ആ സമൂഹത്തെ പരിഹസിക്കുന്നതുകൊണ്ടുമാത്രമല്ല. ഓരോ പുതിയ മാനുഷിക പ്രശ്നങ്ങളേയും സാമൂഹികരഥം തങ്ങള്‍ തെളിക്കുന്നു എന്ന മിഥ്യാബോധത്തിലിരിക്കുന്ന കേരളീയ പുരുഷന്‍ മദ്യം വീഴ്ത്തി ആഘോഷിക്കുന്നു. അതു മദ്യപിക്കാനുള്ള മറ്റൊരു കാരണം മാത്രമാവുന്നു. ഇതേ മദ്യത്തിന്റെ മറ്റൊരു കാഴ്ചയാണ്‌ വേറെയൊരു സീനില്‍ സദുദ്ദേശ്യത്തോടെ സാഹിറയുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്ന ബിജു മേനോനില്‍ കാണാനാവുന്നതു്‌. മദ്യപിക്കാതെ സമൂഹത്തില്‍ ഇടപെടാന്‍ കഴിയാത്ത രണ്ടു തരം പുരുഷന്മാരുടെ കാഴ്ചകളിലൂടെ ആണ്‍ ഷൊവനിസത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നുണ്ട് സിനിമ. ഇനിയെങ്ങാനും മദ്യമാണോ കേരളത്തിലെ പുരുഷന്റെ വയാഗ്ര?

പാഠം ഒന്നു്‌ ഒരു വിലാപം എന്ന സിനിമയിലെ വിലാപത്തില്‍ നിന്നും വിലാപങ്ങള്‍ക്കപ്പുറത്തേയ്ക്കെത്തുമ്പോഴും സിനിമയിലെ സാഹിറയുടേതെന്ന പോലെ തോറ്റുപോകുന്ന കുതറിയോട്ടങ്ങളാണ്‌ കേരളത്തിലെ പെണ്‍ മുസ്ലീം ജീവിതം. ആശുപത്രിയില്‍ വച്ച് സാഹിറയെ കാണുന്ന ഒരു രോഗിയുടെ ഭര്‍ത്താവ് അവളെ രണ്ടാമത്തെ ഭാര്യയാക്കിയാല്‍ കൊള്ളാമെന്നു ആശിക്കുന്നുണ്ട്. അയാള്‍ സാഹിറയുടെ വലിയ മാറിടമാണ്‌ അവളെ നോക്കുമ്പോഴെല്ലാം കാണുന്നത്. സിനിമയില്‍ അവളുടെ അച്ഛനോളം പ്രായമുള്ള ഒരാള്‍ അവളെ വിവാഹം കഴിക്കുക തന്നെ ചെയ്യുന്നു. അയാള്‍ നോക്കുമ്പോള്‍ അവള്‍ മാറത്തു തുണിയിട്ടിരുന്നു, അതുകൊണ്ട് അവളുടെ ചുണ്ടാണ്‌ ആദ്യം കണ്ടത്. മുസ്ലീം സമൂഹത്തിന്റെ യാഥാസ്ഥികതയില്‍ ഈ നോട്ടങ്ങള്‍ തികഞ്ഞ ശരിയാവുകയാണ്‌. ഒന്നോ രണ്ടോ പവന്‍ മെഹറിനു ഒരു പെണ്ണ് കെട്ടിപ്പോവും. രൂക്ഷമായ സങ്കുചിതബോധത്തില്‍ ഇതേ സമൂഹം യാഥാസ്ഥിതികതയ്ക്ക് വളക്കൂറുള്ള മണ്ണാവുന്നു.

ഹിന്ദുതീവ്രവാദത്തിന്റെ ഇരയായ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ കഥ എങ്ങനെയാണ്‌ കേരളത്തിലെ മുസ്ലീം സമുദായത്തിലെ സങ്കുചിതാവസ്ഥയ്ക്കു നേരെയുള്ള കടുത്ത വിമര്‍ശനമാകുന്നതു്‌?

കലാപത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കുന്ന പെണ്‍ ഡോക്ടര്‍ , പിന്നീടു്‌ അവളെ സം‌രക്ഷിക്കുന്ന വയസ്സനായ ഒരു കാവല്‍ക്കാരന്‍ എന്നിവര്‍ പഴി കേള്‍ക്കുന്നത് ഒരു മുസ്ലീം പെണ്‍കുട്ടിയെ അവളുടെ മതപരമായ സ്വത്വബോധത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എന്ന ആക്ഷേപത്തോടെയാണ്‍. ഇസ്ലാമിക് ക്ലര്‍ജികള്‍ രാഷ്ട്രീയ നേട്ടത്തിനു്‌ ഉപയോഗിച്ചേയ്ക്കാവുന്ന ഒരു ആരോപണം എന്ന സാധ്യതയില്‍ മാത്രമല്ല ടി.വി.ചന്ദ്രന്‍ ഇതു പ്രകടിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു 'ഉമ്മ'യും ഇതേ മതപരമായ സ്വത്വബോധത്തെപ്പറ്റി ആശങ്കപ്പെടുന്നുണ്ട്. തെരുവിലെ പുരുഷാധിപത്യത്തില്‍ നിന്നും സാഹിറയെ ഒളിച്ചുകടത്തിപ്പോന്ന് രാധ എന്ന ഹിന്ദുപെണ്‍കുട്ടിയാക്കുന്ന ഗോപാലേട്ടന്‍ ഇക്കൂട്ടത്തിനു മുമ്പില്‍ നിന്ദ്യനാകുന്നു. ആ കൂട്ടത്തിലെ സ്ത്രീയും പുരുഷനും സാഹിറയുടെ അവസ്ഥകളെ മനസ്സിലാക്കുന്നില്ല. മതത്തെ മനസ്സിലാക്കുന്നു, അല്ല ബിംബവല്‍ക്കരിക്കുന്നു. മുസ്ലീം = മലപ്പുറം, പര്‍ദ്ദ, സദ്ദാം എന്നിങ്ങനെ ചില ബിംബങ്ങളിലേയ്ക്ക് ദയനീയമായി ചേരിചേര്‍ക്കപ്പെടുന്നു.

സാഹിറയായി അഭിനയിച്ച പ്രിയങ്ക സിനിമയുടെ അവസാന രംഗത്തു രോഷം കൊള്ളുന്നു, പൂവിനും പുഴുവിനും ഇടമുള്ള ഭൂമിയില്‍ പെണ്ണിന്‌ ഇടമില്ലാതെ പോയതെങ്ങനെയാണെന്നു്‌?

Black Pepper

ഡിയര്‍ ഹരിപ്രസാദ്,

ബ്രേക്ക് ഫാസ്റ്റിനു ബോയില്‍ഡ് എഗ്ഗിനൊപ്പം ബ്ലാക്ക് പെപ്പര്‍ ഇടണോ എന്നു ചോദിച്ചതു നിങ്ങളെ സല്‍ക്കരിക്കുവാനുള്ള ത്വരകൊണ്ടൊന്നുമല്ല. എനിക്കതു ശീലമാണ്‌. 'ഏയ് അതൊന്നും വേണ്ടാ'യെന്നു നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നതു എനിക്ക് അലര്‍ജിയാണ്‌. ഒരു ഗ്രാം ബ്ലാക്ക് പെപ്പര്‍ പുഴുങ്ങിയ കോഴിമുട്ടയ്ക്കു മുകളില്‍ വിതറുന്നതു ബുദ്ധിമുട്ടല്ലേ എന്നു നിങ്ങള്‍ കരുതുന്നു. രണ്ടോ മൂന്നോ സെക്കന്‍ഡിലധികം എനിക്കതിനു ചിലവുവരില്ലെന്നറിയുമോ? എന്നെ ബുദ്ധിമുട്ടിക്കരുതു്‌ എന്നു കരുതുന്നതു നിങ്ങളുടെ മുടിഞ്ഞ നായര്‍ ദുരഭിമാനത്താലാണു്‌. അകന്ന ബന്ധമോര്‍ത്തു്‌ എന്റെ വീടിന്റെ പ്രൈവസിയിലേയ്ക്കു നുഴഞ്ഞുകയറുന്നതില്‍ വരേണ്ടാത്ത അഭിമാനക്ഷതം ഒരു നുള്ളു പൊടി കുരുമുളകില്‍ വരുന്നുണ്ടോ?

മറ്റൊന്ന്, നിങ്ങളുടെ വസ്ത്രം അലക്കുവാനുണ്ടോ എന്നു ചോദിക്കുമ്പോള്‍ embarrassed (അതിന്റെ മലയാളം എന്താ?) ആയിക്കൊണ്ട് കുപ്പായം മുറുകെപ്പിടിച്ച് നില്‍ക്കേണ്ടതില്ല. കാരണങ്ങള്‍

1. വസ്ത്രം മലയാളികള്‍ കരുതുന്നതുപോലെ ഒരു ലൈംഗികശബ്ദമല്ല.
2. ഒരുമിച്ച് അലക്കുമ്പോള്‍ വൈദ്യുതിച്ചിലവ് കുറയും.
3. നിങ്ങള്‍ക്ക് വാഷിങ് മെഷീന്‍ ഉപയോഗിക്കുവാന്‍ അറിയില്ലെന്നു തോന്നുന്നു.

എന്റെ മുഖത്തേയ്ക്കു കഴിവതും നോക്കാതെ ഇരിക്കുന്നതു്‌ എന്തു അര്‍ത്ഥത്തിലാണെന്നറിയില്ല. തിരിഞ്ഞു നടക്കുമ്പോള്‍ പുറകുവശത്തും നോക്കാതെയിരിക്കുക. നിങ്ങള്‍ ബാത്ത്‌റൂമില്‍ ഇപ്പോഴേ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്!

എന്റെ അച്ഛന്‍ fart ചെയ്യുമ്പോള്‍ ചിരി കടിച്ചുപിടിച്ചു ഇരിക്കരുത്. Make a joke about it, old man will like it.

ബാറില്‍ വച്ച് യാദൃച്ഛികമായി എന്ന കാണുകയാണെങ്കില്‍ അടുത്ത തവണ എനിക്കൊരു ബിയര്‍ ഓഫര്‍ ചെയ്യുക. അന്നു രാത്രിയുടെ അര്‍ത്ഥം നിങ്ങള്‍ക്കെന്റെ മുറിയില്‍ നുഴഞ്ഞു കയറാം എന്നല്ലെന്നും ഓര്‍ക്കുക.

ഇന്നലെ രാത്രി ബാല്‍ക്കണിയില്‍ ഞാന്‍ നിങ്ങളെ ചുംബിച്ചത് നരകം എന്റെ തലയിലേയ്ക്ക് ഇടിഞ്ഞു വീണതുകൊണ്ടായിരുന്നു. മറ്റേതെങ്കിലും നരകം നിങ്ങളിലും പൊട്ടി വീഴുന്നെങ്കില്‍ feel bold.

Sunday, May 31, 2009

സ്നേഹം

ഒരു സ്നേഹം മരിച്ചുപോയ്. മലയാളിയുടെ ഷൊവിനിസങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്ത വിധം ലോകത്തെ സ്നേഹിച്ചുകൊണ്ടു അവര്‍ മരിച്ചുപോയ്.

Saturday, May 16, 2009

There is No Joy in Celebrating the Most Obvious Victories

എല്ലാ തിരഞ്ഞെടുപ്പുകാലവും മലയാളിക്കു്‌ അത്യാവശ്യം തമാശകള്‍ നല്‍കിയാണല്ലോ കഴിഞ്ഞുപോവുക പതിവു്‌. പ.ബംഗാള്‍ ഉള്‍പ്പെടെ എട്ടുനിലയില്‍ പൊട്ടിയ സി.പി.ഐ(എം) -ന്റെ വിശേഷങ്ങളല്ല തമാശ. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കോണ്‍‌ഗ്രസ്സ് നേതാക്കള്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഒരു കാര്യം സത്യത്തില്‍ ചിരിയുണര്‍ത്തി. എല്‍.ഡി.എഫിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടനെ കാലങ്ങളോളം എല്‍.ഡി.എഫ്ഫില്‍ പിഴച്ചുപോയിക്കൊണ്ടിരിക്കുന്ന പാവം ജനതാദളിനെ സി.പി.ഐ(എം) ക്രൂരതയോടെ തഴഞ്ഞതിനെ കുറിച്ചു കോണ്‍‌ഗ്രസ്സ് നേതാക്കള്‍ സങ്കടത്തോടെ വിലപിക്കുന്നതുകാണം. ഇത്രമാത്രം ജനതാദളിനെ കുറിച്ചു സങ്കടപ്പെടുവാന്‍ എന്തുണ്ട്? ഇടതുജനാധിപത്യമുന്നണിയിലെ ഒരു ആഭ്യന്തരപ്രശ്നമാണോ തിരഞ്ഞെടുപ്പു വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വാചാലനാവേണ്ടുന്ന വിഷയം? ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കെ.പി.സി.സി അംഗങ്ങള്‍ക്കു അറിയില്ലെങ്കിലും വോട്ട് ചെയ്തവര്‍ക്കു നന്നായറിയാമെന്നു തോന്നുന്നു.

അക്രമരാഷ്ട്രീയവും, ദാരിദ്ര്യനിര്‍മ്മാജനത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദീര്‍ഘകാല ഭരണശേഷവും സംഭവിച്ച പരാജയം, വര്‍ഗ്ഗീയതയ്ക്കെതിരെ എന്നു പ്രസംഗിക്കുമ്പോഴും വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും, രാഷ്ട്രതാല്പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിലോമരാഷ്ട്രീയവും, സര്‍‌വ്വോപരി അഴിമതിയും സ്വജനപക്ഷപാതവും ഇടതുകോട്ടകളെ ഉലച്ചുവെന്നു വിളിച്ചു പറയുവാനുള്ള ഹോം‌വര്‍ക്ക് പോലും ചെയ്യാതെ കോണ്‍‌ഗ്രസ്സുകാര്‍ വായതുറക്കുമ്പോള്‍ ഒരു തമാശകേട്ട ലാഘവത്തോടെ ചിരിക്കുവാന്‍ തോന്നുന്നു. നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം സാറേ ഇടതുമുന്നണി തോറ്റതെന്തുകൊണ്ടാണെന്നു്‌. ഇതൊന്നും മറന്നുപോകാത്ത മിടുക്കന്മാര്‍ കേരളത്തിനു പുറത്തുണ്ടെന്ന വിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നുമാത്രം. ഇന്ത്യന്‍ ജനാധിപത്യത്തിനു വാഴ്വും വാഴ്ത്തും!

Wednesday, March 25, 2009

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും

ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ ‍, എഴുതി; ‘ബാബറി മസ്‌ജിദ്’.

സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു.   അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍

തിരുത്ത്, എന്‍ എസ് മാധവന്‍

ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്‌റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു്‌ എഴുതി തുടങ്ങിയത്. സുഹ്‌റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!

ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.

അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ്‌ എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്‌.

വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.

Tuesday, February 10, 2009

Desperate bachelor


image credits: http://flickr.com/photos/the-indie-cab/

Dear Sriram Sena

Sorry that I can't make it on 14th of Feb. I'll be there at Banglore on 22nd. Is your offer valid until then?

Yours faithfully,

- Desperate bachelor

P.S. Any chokiri will do.

Sunday, February 1, 2009

ജോണി ഡെപ്പിന്റെ കുടുംബം

ജോണി ഡെപ്പ് അന്നത്തെ പണിയെല്ലാം തീർത്തു ഒന്നര മണിക്കൂർ വണ്ടിയോടിച്ചു ക്ഷീണിച്ചു വീട്ടിലെത്തി വാതിൽ തുറന്നതേയുള്ളൂ. സ്വീകരണ മുറിയിൽ ജോണിയുടെ ഭാര്യ മെറൽ സ്ട്രീപ്പ് ഒരു കസേരയിൽ അനങ്ങാതെയിരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ജോണിക്കു കാര്യം മനസ്സിലായി. ഇന്നലെ റ്റീവിയിൽ കണ്ടതു പോലെ തന്റെ വീടു തീവ്രവാദികൾ കൈയേറിയിരിക്കുന്നു. ജോണിക്കു പുറകിൽ വീടിന്റെ വാതിൽ തന്നെയടഞ്ഞു.

വേഷം കൊണ്ടു ഇരുപതു വയസ്സു തോന്നിക്കുന്ന ഒരു തീവ്രവാദി തോക്കുചൂണ്ടി ജോണിയെ സോഫയിലിരുത്തി.

‘ഞാൻ ഒന്നര മണിക്കൂർ വണ്ടിയോടിച്ചു വരികയാണ്, ഇന്നു മുഴുവൻ അലച്ചിലായിരുന്നു. ഈ ടൈയും ഷൂസും ഊരിയിട്ടോട്ടെ?’ ജോണി ഡെപ്പ് ചോദിച്ചു.

തീവ്രവാദി സമ്മതിച്ചു കൊടുത്തു.

അപ്പോൾ ജോണി മെറലിനെ നോക്കിക്കൊണ്ടു പറഞ്ഞു, ‘ഈ പണിയൊന്നും എനിക്കു ശീലമില്ല. എന്റെ പൊന്നു് അടിമയെ ആണല്ലോ തീവ്രവാദി ഇപ്പോൾ കസേരയിൽ തടവിലാക്കിയിരിക്കുന്നതു്. അവളെ കുറച്ചു നേരത്തേയ്ക്കു അഴിച്ചു വിടുമോ?’ തീവ്രവാദി അതിനും സമ്മതം പറഞ്ഞു.

‘വിശക്കുന്നുണ്ടോ?’ അടിമ ജോണി ഡെപ്പിനോടു ചോദിച്ചു.

ജോണി ചുണ്ടത്തു വിരലു വച്ച് ശ്‌ശ്‌ശ് എന്നു ശബ്ദമുണ്ടാക്കി. തീവ്രവാദി കേട്ടാൽ എന്തു കരുതും?

തീവ്രവാദി ജോണിയുടേയും അടിമയുടേയും നീക്കങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയായിരുന്നു. അടിമ ജ്യൂസിനുള്ള ഓറഞ്ചു പിഴിയുമ്പോൾ ആണല്ലോ തീവ്രവാദി വീടു സ്വീകരണമുറിയും അടുക്കളയും കൈയേറിയതു്. ജോണി ഡെപ്പ് സങ്കോചത്തോടെ ചോദിച്ചു, ‘പ്ലീസ് ആ ഓറഞ്ചു ജ്യൂസ് ഞാൻ കുടിച്ചോട്ടേ?’

തീവ്രവാദി തോക്കിൻ കുഴൽ കീഴ്ചുണ്ടിൽ അമർത്തി കുറേ ആലോചിച്ചു. എന്നിട്ടു പറഞ്ഞു ‘Yellow കളറിലുള്ള ഓറഞ്ച് ജ്യൂസ് ആണെങ്കിൽ സമ്മതമല്ലെന്നു്.’

ദൈവമേ അടിമ എന്തു ചെയ്യും? മഞ്ഞ നിറമല്ലാത്ത ഓറഞ്ചു ജ്യൂസിനായിട്ട്! ജോണി ഡെപ്പ് എന്തു ചെയ്യും?

‘പ്ലീസ്...’ അടിമ കെഞ്ചി. തീവ്രവാദി അലിഞ്ഞു. ജോണിയെ നോക്കി. ജോണിയും കെഞ്ചി ‘പ്ലീസ്...’

തീവ്രവാദി ഒന്നു ആലോചിച്ചുകൊണ്ടു് ഉറക്കെപ്പറഞ്ഞു, ‘Then I need a chocolate drink.’

‘ഡീൽ.’ ജോണി കൈകൊടുക്കുവാൻ മുന്നോട്ടാഞ്ഞു.

‘നോ!’ തീവ്രവാദി പൊടുന്നനെ തോക്കു് ഉയർത്തി ജോണിക്കു നേരെ ചൂണ്ടി. ജോണി അറിയാതെ രണ്ടു കൈകളും ഉയർത്തി.

ഓറഞ്ചു ഡ്രിങ്കും ചോക്ലേറ്റ് ഡ്രിങ്കും അടിമ കൊണ്ടുവന്നു. വീറ്റ് ബ്രെഡിന്റെ സ്ലൈസുകൾക്കു മുകളിൽ അല്പം പീനട്ട് ബട്ടർ തേച്ചതും കൊണ്ടു വന്നുവച്ചു.

ജോണി ഡെപ്പ് ഒറ്റയിറക്കിനു ഓറഞ്ച് ജ്യൂസ് കാലിയാക്കി. തീവ്രവാദി ചോക്ലേറ്റ് ഡ്രിങ്കിനേയും അടിമയേയും സൂക്ഷിച്ചു നോക്കി. അടിമ ഉടൻ ചോക്ലേറ്റ് ഡ്രിങ്ക് ഒരിറയ്ക്കു കുടിച്ചു തീവ്രവാദിക്കു തിരിച്ചു നൽകിക്കൊണ്ടു പറഞ്ഞു, ‘മധുരമുണ്ട്.’

തീവ്രവാദി ജോണിയേയും അടിമയേയും സോഫയുടെ ഒരു മൂലയിലേയ്ക്കു മാറ്റിയിരുത്തി.

‘Face the wall...’ തീവ്രവാദി അലറി.

ജോണി വീട്ടിൽ വന്നു കയറുമ്പോൾ തീവ്രവാദി അടിമയെ ഇരുത്തിയിരുന്ന കസേരയിൽ തീവ്രവാദി കയറിയിരുന്നു. തോക്കു് മടിയിൽ ഭ്രദ്രമായി വച്ചുകൊണ്ടു ചോക്ലേറ്റ് ഡ്രിങ്ക് കഴിച്ചു. പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് തൊട്ടു നോക്കിയതേയില്ല.

ഒടുവിൽ ജോണി ഡെപ്പിനേയും മെറൾ സ്ട്രീപ്പിനേയും ചുമരിൽ നിന്നും മാറി നേരെ നോക്കുവാൻ തീവ്രവാദി അനുവദിച്ചു. ജോണി ഡെപ്പ് പകുതി ആശ്വാസത്തിൽ വാൾ ക്ലോക്കിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു, ‘ഇനിയും ഞങ്ങൾ എത്രനേരം മിണ്ടാതെയിരിക്കണം?’

തീവ്രവാദി അതിനു മറുപടി പറയാതെ ബോബ് ഡില്ലന്റെ ‘You don’t need a weatherman to know which way the wind blows’ ഇയർഫോണിലൂടെ കേട്ടുകൊണ്ടിരുന്നു. തീവ്രവാദി ജോണി ഡെപ്പിന്റെ ഐപ്പോഡും മോഷ്ടിച്ചിരിക്കുന്നു.

‘Are you a Hindu?’

‘അല്ല അല്ല..’ ജോണി ഡെപ്പ് തോക്കിന്റെ കുഴൽ നോക്കി മറുപടി പറഞ്ഞു. ഇപ്പോൾ തോക്കിന്റെ കുഴൽ അടിമയെ ചൂണ്ടിയാണിരിക്കുന്നതു്. അടിമയും ഹിന്ദു അല്ലെന്നു പറഞ്ഞു.

‘How do I know!’ തീവ്രവാദിയുടെ തോക്കു ശബ്ദിച്ചു. ജോണി ഡെപ്പ് വെടിയേറ്റു സോഫയിൽ നിന്നും നിലത്തേയ്ക്കു മരിച്ചു വീണു. വീഴ്ചയിൽ അയാളുടെ നെറ്റി പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് വച്ചിരിക്കുന്ന ടീപ്പോയിലിടിച്ചു. അടിമയുടെ തൊണ്ടയിൽ നിന്നും വേദനയുള്ള ഒരു സ്വരം പുറത്തുവന്നു.

തീവ്രവാദി അയാളുടെ അടുത്തേയ്ക്കു ഓടിവന്നു.

‘Daddy, daddy are you hurt?’

‘Yes son, I'm.’ ജോണി ഡെപ്പ് തീവ്രവാദിയെ കെട്ടിപ്പിടിച്ചു.

‘But daddy I really didn't mean to hurt you.’

‘സാരമില്ല, എന്റെ കൊച്ചു മാറ്റ് ഡേമൺ. നീ ടീവിയിൽ കാണുന്നവരും ദേഹത്തു കൊള്ളണം വേദനിപ്പിക്കണം എന്നു കരുതിയല്ല വെടിവയ്ക്കുന്നതു്. പാവങ്ങളാണു് എല്ലാവരും.’

മെറൽ സ്ട്രീപ്പ് ഓടിവന്നു തീവ്രവാദിയെ പിടിച്ചെഴുന്നേല്പിച്ചു. ‘മതി മതി ഇന്നത്തെ കളികളൊക്കെ മതിയാക്കു്. കഴിഞ്ഞു.’

തീവ്രവാദിക്കു സങ്കടം തോന്നി.

Wednesday, January 28, 2009

വാനരസേന

ഹിന്ദു എക്സ്ട്രീമിസ്റ്റുകൾ ഇന്ത്യയുടെ ബഹുസ്വരതയിൽ കളങ്കമേല്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മാംഗ്ലൂർ അതിക്രമം. മദ്ധ്യ-ഉപരി വർഗ്ഗത്തിന്റെ ജീവിതരീതികളുടെ ഭാഗമായ ഇടങ്ങളെ സ്പർശിച്ചതു കൊണ്ടാവണം പ്രസ്തുത സാമ്പത്തിക ഉപരിവർഗ്ഗത്തെ ലക്ഷ്യമാക്കിയിട്ടുള്ള മാധ്യമങ്ങൾ രാം സേനയുടെ (രാമന്റെ സേന അന്നും ഇന്നും വാനരസേന തന്നെ) മാംഗ്ലൂർ അതിക്രമത്തെ നിശിതമായി വിമർശിക്കുകയും അതിനോടുബന്ധിച്ച ചലനങ്ങളെ കൃത്യമായി പിന്തുടരുകയും ചെയ്യുന്നു. ഇതേ ആവേശത്തോടെ മാധ്യമങ്ങൾ എല്ലാതരം ഹൈന്ദവ അതിക്രമങ്ങളെയും തൊട്ടുതീണ്ടുന്നില്ലെന്നും ശ്രദ്ധേയമാണു്. മതിൽ കെട്ടി വേർതിരിക്കപ്പെട്ട മുസ്ലീം/ദളിത് വീടുകളും, സവർണ്ണതയെ തൊട്ടശുദ്ധമാക്കിയതിനാൽ മർദ്ധനങ്ങൾക്കിരയായ ദളിതനും/കീഴ്ജാതികളും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാതിരിക്കുന്നതു് അവയുടെ എന്റർടെയ്‌മെന്റ് വാല്യൂ കുറഞ്ഞു പോയതിനാലാവണം. ഓരോ ക്വോർട്ടറിലും പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ചുകൊണ്ടു മീഡിയയിൽ പയറ്റുന്ന മാധ്യമങ്ങളെ മാത്രം പഴി പറഞ്ഞതുകൊണ്ടായില്ല. ബ്ലോഗുൾപ്പെടെയുള്ള സ്വതന്ത്രമാധ്യമങ്ങൾ അവ കൈകാര്യം ചെയ്യുന്നവരിൽ ഭൂരിപക്ഷമായ മദ്ധ്യവർഗ്ഗത്തെപ്പോലെ ഈ വിഷയങ്ങളിൽ മൗനം അവലംബിക്കുന്നതും പുതുമയല്ലല്ലോ. 26/11 ലെ പ്രതിഷേധങ്ങൾ താജിനു ചുറ്റുമായിരുന്നപ്പോൾ സി.എസ്.റ്റി സ്റ്റേഷനിൽ കൊല്ലപ്പെട്ടവരെ ഓർത്തവർ എത്ര വിരളമായിരുന്നു. വരേണ്യവർഗ്ഗത്തിന്റെ സുഖസുഷുപ്തിയ്ക്കു വിഘ്നം വരുത്തുന്ന ഇത്തരം ചെറിയ ഭൂകമ്പങ്ങൾ ഇനിയും ആവർത്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

പ്രിയ തീവ്രവാദി, നീ അശാന്തവും ദരിദ്രവുമായ സാധാരണക്കാരിൽ സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ചേരികളേയും തെരുവുകളേയും വെടിഞ്ഞു മഹാനഗരങ്ങളിലെ സമ്പന്നതയെ ഉന്നം വയ്ക്കുക. ഇന്ത്യ വലിയൊരു ഉറക്കം നടിക്കുകയാണു്, ഉണർത്തുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ നിനക്കു വിജയം ആശംസിക്കുന്നു.

പരമബോറനായ ഹിന്ദു തീവ്രവാദി, ഞങ്ങൾ കേരളീയർ കുഞ്ഞുനാൾ മുതലെ മൈതാനങ്ങളിൽ മത്സരിച്ചു കളിച്ചതും പയറ്റി വളർന്നതും ക്രിക്കറ്റ് മുതൽ പ്രേമം വരെ സമാധാനപരമായി ഒരു ബെറ്റിലൊതുക്കിയതും നാലു മേശയും കസേരയും മാത്രമുള്ളതും നായരോ മുസ്ലീമോ നടത്തുന്നതെന്നു തിട്ടമില്ലാത്തതുമായ അസംഖ്യം ചായക്കടകളിലെ ബീഫ് ഫ്രൈയിലായിരുന്നു (കാശില്ലാത്തപ്പോൾ വെറും ചാറിലും). അതുകൊണ്ടു നീ ഉടൻ പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റു ആക്രമണങ്ങളിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫിനെ വെറുതെ വിടുക. ഒപ്പം മറ്റൊന്നുകൂടെ, നീ നിന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കിയാ മതി കേട്ടോടാ മ.. മ.. മത്തങ്ങത്തലയാ!

Tuesday, January 27, 2009

രണ്ടായിക്കീറിയ ഭൂപടങ്ങൾക്കിടയിലെ തടവുമുറി

നിങ്ങൾ ഈ തടവുമുറിയ്ക്കു അഭിമുഖമായി നിൽക്കുകയാണല്ലോ
നിങ്ങൾ എന്നെ നോക്കി ചിരിക്കുവാൻ ശ്രമിക്കുന്നുണ്ടല്ലേ?

എന്റെ കുറ്റം, ഞാൻ എന്റെ കുറ്റം തിരിച്ചറിയുന്നില്ലെന്നതാണു്
അതുപക്ഷെ എന്റെ തടവുമുറിയും തിരിച്ചറിയുന്നില്ല കേട്ടോ
പകരം തടവുമുറി നിരന്തരം എന്നെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു
ജനലഴിയിലൂടെ വെയിൽ വെളിച്ചം ഞാനിരിക്കാനില്ലാത്ത മൂലയിലേയ്ക്കു വീഴ്ത്തിക്കൊണ്ടു്
എട്ടടി സമചതുരത്തിനുള്ളിൽ എന്റെ കാലടികൾക്കപ്പുറം തരിശമാക്കിക്കൊണ്ടു്

നിങ്ങൾ പള്ളിക്കൂടത്തിൽ ഭൂപടങ്ങൾ മായ്ച്ചുവരച്ചു പഠിച്ചിട്ടുണ്ടല്ലോ
ഒരു ഭൂപടം രണ്ടായിക്കീറിയതു് എന്റെ മുത്തശ്ശിയുടെ വയറിനു മുകളിലൂടെയാണു്
എനിക്കു ലഭിച്ച മുത്തശ്ശിയുടെ അരഭാഗത്തിൽ അവരുടെ വിണ്ടുകീറിയ കാലടികളാണുണ്ടായിരുന്നതു്
എന്റെ നാട്ടിലെ നദികൾ മുത്തശ്ശിയുടെ കാലടിയെ ഓർമ്മിപ്പിച്ചിരുന്നു, ചോരപൊടിഞ്ഞിരുന്നു

ഈ തടവുമുറിയ്ക്കപ്പുറത്തുള്ള ഒരു മുറിയിൽ എന്റെ അമ്മ
റഫേലിന്റെ കുഞ്ഞുമാലാഖകളുടെ ചിത്രമുള്ള തലയിണയിൽ മുഖമമർത്തി ഉറങ്ങുകയാണു്
അമ്മ ചിത്രത്തിലെ മാലാഖയെ ധ്യാനിച്ചതുകൊണ്ടാണ് ഞാനുണ്ടായതു്
നിങ്ങൾ ഇത്ര അവിശ്വാസത്തോടെ നോക്കുന്നതെന്തിനു്?
തടവുമുറിയ്ക്കു കണ്ണും കാതും വച്ചുകൊടുക്കുമ്പോൾ ഓർത്തിരുന്നുവോ
കല്ലും മരവും എനിക്കുവേണ്ടിയും ചാരപ്പണി ചെയ്യുമെന്നു്

ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്
ശാന്തമാണു്

കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?

Friday, January 9, 2009

ഹൃദയത്തിനു വേണ്ട ചില മാറ്റങ്ങൾ

അബ്ദുള്ളക്കുട്ടി ഓർക്കുന്നതു് അതൊന്നുമല്ല. ഇവിടെയിങ്ങനെ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൻകൂടിനു താഴെയുള്ള അരയിഞ്ചു ദ്വാരത്തിലൂടെ ഒലിച്ചുപോയ ചോരയായ ചോരയെക്കുറിച്ചെല്ലാമാണു്. ആദ്യത്തെ വീശിൽ നിന്നു ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറിയ നില്പിൽ തുളച്ചുകയറിയതാണു വരാലിന്റെ തിളക്കമുള്ള ഒരു വാൾ. ഒഴിഞ്ഞു മാറുന്നയിടങ്ങിളുടെ തുമ്പത്തു നിന്നു വേറെങ്ങോട്ടുമാറാൻ?

ഹൃദയത്തെ അതു രണ്ടായി മുറിച്ചിരിക്കും. അല്ലെങ്കിൽ വലിയൊരു തുളവീഴ്ത്തി സ്പോഞ്ചുപോലെ അനാവശ്യമായ വെറും ഇറച്ചിക്കഷ്ണം മാത്രമാക്കിയിരിക്കാം. അതിലൊന്നിലുമല്ല സങ്കടം, എത്ര അമർത്തിപ്പിടിച്ചതാണു് ആ മുറിവിൽ. എന്നിട്ടും വിരലുകളുടെ ചോർച്ചയിലൂടെ ചോര വാർന്നൊഴുകിപ്പോയി. വെട്ടിയിട്ടവൻ തലയ്ക്കു മുകളിലൂടെ മറ്റാരുടെയോ ഹൃദയത്തിനെയും ഇരതേടിപ്പോയി. എന്നാലും എത്ര തിളച്ചിരുന്ന ചോരയാണു്! വിറയ്ക്കുന്ന വിരലുകളോടു സഹതപിക്കാതെ വാർന്നിറങ്ങിപ്പോയതു എന്തിനായിരുന്നു?

ചോരയെന്തു ഉത്തരം പറയാൻ! കുഴഞ്ഞു നിലത്തുവീണ അബ്ദുള്ളക്കുട്ടിയുടെ ശരീരം മണ്ണിന്റെ കയ്പിൽ കരഞ്ഞുമറിയുകയാണു്. മുറിവു പറ്റുമ്പോൾ പുതിയ കോശങ്ങൾ ജനിച്ചു മുറിവുകൾ ഉണങ്ങുമെന്നു പഠിച്ചതല്ലേ ശരീരമേ നീയും?

ശരിയാണല്ലോ! അബ്ദുള്ളക്കുട്ടിയുടെ ഒപ്പം അവസാന ബഞ്ചിലെ നടുക്കഷ്ണത്തിൽ ഏഴാം ക്ലാസ് മുഴുവനും ജീവനോടെ കൂട്ടിരുന്ന ശരീരമല്ലേ.

ഉള്ളിലും പുറത്തും ചോര ആരെയും അനുസരിക്കില്ല അബ്ദുള്ളക്കുട്ടീ. അംബികക്കൊച്ചിനെ കെട്ടുമ്പോൾ ഉമ്മയെത്ര പറഞ്ഞു. ചോര കേട്ടുവോ അതുവല്ലതും?

അംബികക്കൊച്ചു ഇതെല്ലാം കണ്ടുവരുമ്പോൾ കലഹിക്കുമായിരിക്കും. ഒഴുകിപ്പോവാതെ അബ്ദുള്ളക്കുട്ടിയുടെ ജീവനും കാത്തിരുന്നൂടായിരുന്നുവോ അവന്റെ ചുവപ്പിന്റെ ചൂടേ? അംബികക്കൊച്ചിനു് എന്തറിയാൻ. മുറ്റം മുഴുവൻ ചിക്കിപ്പരത്താൻ സ്വാതന്ത്ര്യം കൊടുത്തിട്ടു പോലും ആ പിടക്കോഴിയമ്മ അംബികക്കൊച്ചു കൂട്ടിൽ മുളയുവാൻ ഒച്ചയിടുമ്പോൾ കേൾക്കാറുണ്ടോ? എന്നിട്ടാണു ചോര.

ശരീരമേ എന്നാലും നീയിങ്ങനെ ലോകത്തിലേയ്ക്കാകെ തുറന്നുവച്ച ഒരു മുറിവോടെ എന്നെ മരിപ്പിക്കാതെ മരിപ്പിക്കാതെയെന്നു അബ്ദുള്ളക്കുട്ടി കെഞ്ചി.

ശരീരം കൈമലർത്തി. ചോരയാണ്.

ചോരയെ എന്തിനു പറയണം! അല്ലെങ്കിലും മരിച്ചു കിടക്കുമ്പോൾ അബ്ദുള്ളക്കുട്ടി ആഗ്രഹിച്ചതു പോലെ ഹൃദയം നെഞ്ചിൻ‌കൂടിന്റെ തടവിനു പുറത്തായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേന്നെ. ശരീരത്തിനും പുറത്തു് - വരാലുകളെപ്പോലെ തിളങ്ങുന്ന വാളുകൾക്കു എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം.

അങ്ങനെയാണെങ്കിൽ തുടിക്കുന്ന ധമനികളോടെ നിന്നെപ്പേറുന്ന ഹൃദയം ജീവിക്കുന്ന ഒന്നാണെന്നു ചോരേ നീ വാളുകളോടു പറയുകയില്ലേ?

Tuesday, January 6, 2009

പുഴയൊഴുകും വഴി

ഇവിടെ നിന്നു നോക്കുമ്പോള്‍ കാണുന്ന ഈ പുഴയില്ലേ അതു പണ്ടു പണ്ടു്, കഥകള്‍ക്കും പണ്ടു് ഒരു പുഴയല്ലായിരുന്നു! എന്നെങ്കിലും ഒരു പുഴ ഒഴുകി വരേണ്ടതിനു നിലം ഒരു ചാല്‍ വരച്ചിട്ടതായിരുന്നു. ഈ കഥ ഉണ്ടായ കാലത്തെ ഒരു കുട്ടി ആ പുഴയിലേയ്ക്ക് അല്ല, പുഴയൊഴുകേണ്ട വഴിയിലേയ്ക്കു നോക്കുമ്പോള്‍ എന്തൊക്കെ കാണുമായിരുന്നുവെന്നോ?

പുഴയില്‍ അവസാനം മുങ്ങിപ്പൊങ്ങിയ പൊന്മയെ കാണുമായിരിക്കും. പുഴ ജീവിക്കുന്നതു് ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോഴാണു്, ഒരു കാൽ നനയുമ്പോഴാണു്, പുഴ അക്കരേയ്ക്കുള്ള തോണിയെ കടത്തിവിടുമ്പോഴാണ്‌.

വേറൊന്നോർത്താൽ പുഴയെ നോക്കുന്ന കുട്ടിയാണു ജീവിക്കുന്നതു്. പുഴയില്‍ ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോൾ... ഒരു കാൽ നനയുമ്പോൾ... അക്കരേയ്ക്കുള്ള തോണിയെ പുഴ കടത്തി വിടുമ്പോൾ...

ഈ കഥയുടെ കാലത്ത്, അല്ലെങ്കില്‍ കഥയിലെ കുട്ടിയുടെ കാലത്ത്, പുഴ ഉണ്ടായിരുന്നില്ല. പുഴ ഒഴുകുന്ന വഴിമാത്രമാണല്ലോ ഉണ്ടായിരുന്നതു്.

പുഴയില്ല. കുട്ടിയില്ല. കഥയൊരു നുണക്കഥയാണു്. അതുകൊണ്ടു പുഴ ഒഴുകുന്ന വഴിമാത്രമുണ്ടു്. നുണക്കഥകള്‍ക്കു് എന്തുമാവാം. ആരു ചോദിക്കാൻ?