Wednesday, January 28, 2009

വാനരസേന

ഹിന്ദു എക്സ്ട്രീമിസ്റ്റുകൾ ഇന്ത്യയുടെ ബഹുസ്വരതയിൽ കളങ്കമേല്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മാംഗ്ലൂർ അതിക്രമം. മദ്ധ്യ-ഉപരി വർഗ്ഗത്തിന്റെ ജീവിതരീതികളുടെ ഭാഗമായ ഇടങ്ങളെ സ്പർശിച്ചതു കൊണ്ടാവണം പ്രസ്തുത സാമ്പത്തിക ഉപരിവർഗ്ഗത്തെ ലക്ഷ്യമാക്കിയിട്ടുള്ള മാധ്യമങ്ങൾ രാം സേനയുടെ (രാമന്റെ സേന അന്നും ഇന്നും വാനരസേന തന്നെ) മാംഗ്ലൂർ അതിക്രമത്തെ നിശിതമായി വിമർശിക്കുകയും അതിനോടുബന്ധിച്ച ചലനങ്ങളെ കൃത്യമായി പിന്തുടരുകയും ചെയ്യുന്നു. ഇതേ ആവേശത്തോടെ മാധ്യമങ്ങൾ എല്ലാതരം ഹൈന്ദവ അതിക്രമങ്ങളെയും തൊട്ടുതീണ്ടുന്നില്ലെന്നും ശ്രദ്ധേയമാണു്. മതിൽ കെട്ടി വേർതിരിക്കപ്പെട്ട മുസ്ലീം/ദളിത് വീടുകളും, സവർണ്ണതയെ തൊട്ടശുദ്ധമാക്കിയതിനാൽ മർദ്ധനങ്ങൾക്കിരയായ ദളിതനും/കീഴ്ജാതികളും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാതിരിക്കുന്നതു് അവയുടെ എന്റർടെയ്‌മെന്റ് വാല്യൂ കുറഞ്ഞു പോയതിനാലാവണം. ഓരോ ക്വോർട്ടറിലും പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ചുകൊണ്ടു മീഡിയയിൽ പയറ്റുന്ന മാധ്യമങ്ങളെ മാത്രം പഴി പറഞ്ഞതുകൊണ്ടായില്ല. ബ്ലോഗുൾപ്പെടെയുള്ള സ്വതന്ത്രമാധ്യമങ്ങൾ അവ കൈകാര്യം ചെയ്യുന്നവരിൽ ഭൂരിപക്ഷമായ മദ്ധ്യവർഗ്ഗത്തെപ്പോലെ ഈ വിഷയങ്ങളിൽ മൗനം അവലംബിക്കുന്നതും പുതുമയല്ലല്ലോ. 26/11 ലെ പ്രതിഷേധങ്ങൾ താജിനു ചുറ്റുമായിരുന്നപ്പോൾ സി.എസ്.റ്റി സ്റ്റേഷനിൽ കൊല്ലപ്പെട്ടവരെ ഓർത്തവർ എത്ര വിരളമായിരുന്നു. വരേണ്യവർഗ്ഗത്തിന്റെ സുഖസുഷുപ്തിയ്ക്കു വിഘ്നം വരുത്തുന്ന ഇത്തരം ചെറിയ ഭൂകമ്പങ്ങൾ ഇനിയും ആവർത്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

പ്രിയ തീവ്രവാദി, നീ അശാന്തവും ദരിദ്രവുമായ സാധാരണക്കാരിൽ സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ചേരികളേയും തെരുവുകളേയും വെടിഞ്ഞു മഹാനഗരങ്ങളിലെ സമ്പന്നതയെ ഉന്നം വയ്ക്കുക. ഇന്ത്യ വലിയൊരു ഉറക്കം നടിക്കുകയാണു്, ഉണർത്തുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ നിനക്കു വിജയം ആശംസിക്കുന്നു.

പരമബോറനായ ഹിന്ദു തീവ്രവാദി, ഞങ്ങൾ കേരളീയർ കുഞ്ഞുനാൾ മുതലെ മൈതാനങ്ങളിൽ മത്സരിച്ചു കളിച്ചതും പയറ്റി വളർന്നതും ക്രിക്കറ്റ് മുതൽ പ്രേമം വരെ സമാധാനപരമായി ഒരു ബെറ്റിലൊതുക്കിയതും നാലു മേശയും കസേരയും മാത്രമുള്ളതും നായരോ മുസ്ലീമോ നടത്തുന്നതെന്നു തിട്ടമില്ലാത്തതുമായ അസംഖ്യം ചായക്കടകളിലെ ബീഫ് ഫ്രൈയിലായിരുന്നു (കാശില്ലാത്തപ്പോൾ വെറും ചാറിലും). അതുകൊണ്ടു നീ ഉടൻ പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റു ആക്രമണങ്ങളിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫിനെ വെറുതെ വിടുക. ഒപ്പം മറ്റൊന്നുകൂടെ, നീ നിന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കിയാ മതി കേട്ടോടാ മ.. മ.. മത്തങ്ങത്തലയാ!

Tuesday, January 27, 2009

രണ്ടായിക്കീറിയ ഭൂപടങ്ങൾക്കിടയിലെ തടവുമുറി

നിങ്ങൾ ഈ തടവുമുറിയ്ക്കു അഭിമുഖമായി നിൽക്കുകയാണല്ലോ
നിങ്ങൾ എന്നെ നോക്കി ചിരിക്കുവാൻ ശ്രമിക്കുന്നുണ്ടല്ലേ?

എന്റെ കുറ്റം, ഞാൻ എന്റെ കുറ്റം തിരിച്ചറിയുന്നില്ലെന്നതാണു്
അതുപക്ഷെ എന്റെ തടവുമുറിയും തിരിച്ചറിയുന്നില്ല കേട്ടോ
പകരം തടവുമുറി നിരന്തരം എന്നെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു
ജനലഴിയിലൂടെ വെയിൽ വെളിച്ചം ഞാനിരിക്കാനില്ലാത്ത മൂലയിലേയ്ക്കു വീഴ്ത്തിക്കൊണ്ടു്
എട്ടടി സമചതുരത്തിനുള്ളിൽ എന്റെ കാലടികൾക്കപ്പുറം തരിശമാക്കിക്കൊണ്ടു്

നിങ്ങൾ പള്ളിക്കൂടത്തിൽ ഭൂപടങ്ങൾ മായ്ച്ചുവരച്ചു പഠിച്ചിട്ടുണ്ടല്ലോ
ഒരു ഭൂപടം രണ്ടായിക്കീറിയതു് എന്റെ മുത്തശ്ശിയുടെ വയറിനു മുകളിലൂടെയാണു്
എനിക്കു ലഭിച്ച മുത്തശ്ശിയുടെ അരഭാഗത്തിൽ അവരുടെ വിണ്ടുകീറിയ കാലടികളാണുണ്ടായിരുന്നതു്
എന്റെ നാട്ടിലെ നദികൾ മുത്തശ്ശിയുടെ കാലടിയെ ഓർമ്മിപ്പിച്ചിരുന്നു, ചോരപൊടിഞ്ഞിരുന്നു

ഈ തടവുമുറിയ്ക്കപ്പുറത്തുള്ള ഒരു മുറിയിൽ എന്റെ അമ്മ
റഫേലിന്റെ കുഞ്ഞുമാലാഖകളുടെ ചിത്രമുള്ള തലയിണയിൽ മുഖമമർത്തി ഉറങ്ങുകയാണു്
അമ്മ ചിത്രത്തിലെ മാലാഖയെ ധ്യാനിച്ചതുകൊണ്ടാണ് ഞാനുണ്ടായതു്
നിങ്ങൾ ഇത്ര അവിശ്വാസത്തോടെ നോക്കുന്നതെന്തിനു്?
തടവുമുറിയ്ക്കു കണ്ണും കാതും വച്ചുകൊടുക്കുമ്പോൾ ഓർത്തിരുന്നുവോ
കല്ലും മരവും എനിക്കുവേണ്ടിയും ചാരപ്പണി ചെയ്യുമെന്നു്

ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്
ശാന്തമാണു്

കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?

Friday, January 9, 2009

ഹൃദയത്തിനു വേണ്ട ചില മാറ്റങ്ങൾ

അബ്ദുള്ളക്കുട്ടി ഓർക്കുന്നതു് അതൊന്നുമല്ല. ഇവിടെയിങ്ങനെ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൻകൂടിനു താഴെയുള്ള അരയിഞ്ചു ദ്വാരത്തിലൂടെ ഒലിച്ചുപോയ ചോരയായ ചോരയെക്കുറിച്ചെല്ലാമാണു്. ആദ്യത്തെ വീശിൽ നിന്നു ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറിയ നില്പിൽ തുളച്ചുകയറിയതാണു വരാലിന്റെ തിളക്കമുള്ള ഒരു വാൾ. ഒഴിഞ്ഞു മാറുന്നയിടങ്ങിളുടെ തുമ്പത്തു നിന്നു വേറെങ്ങോട്ടുമാറാൻ?

ഹൃദയത്തെ അതു രണ്ടായി മുറിച്ചിരിക്കും. അല്ലെങ്കിൽ വലിയൊരു തുളവീഴ്ത്തി സ്പോഞ്ചുപോലെ അനാവശ്യമായ വെറും ഇറച്ചിക്കഷ്ണം മാത്രമാക്കിയിരിക്കാം. അതിലൊന്നിലുമല്ല സങ്കടം, എത്ര അമർത്തിപ്പിടിച്ചതാണു് ആ മുറിവിൽ. എന്നിട്ടും വിരലുകളുടെ ചോർച്ചയിലൂടെ ചോര വാർന്നൊഴുകിപ്പോയി. വെട്ടിയിട്ടവൻ തലയ്ക്കു മുകളിലൂടെ മറ്റാരുടെയോ ഹൃദയത്തിനെയും ഇരതേടിപ്പോയി. എന്നാലും എത്ര തിളച്ചിരുന്ന ചോരയാണു്! വിറയ്ക്കുന്ന വിരലുകളോടു സഹതപിക്കാതെ വാർന്നിറങ്ങിപ്പോയതു എന്തിനായിരുന്നു?

ചോരയെന്തു ഉത്തരം പറയാൻ! കുഴഞ്ഞു നിലത്തുവീണ അബ്ദുള്ളക്കുട്ടിയുടെ ശരീരം മണ്ണിന്റെ കയ്പിൽ കരഞ്ഞുമറിയുകയാണു്. മുറിവു പറ്റുമ്പോൾ പുതിയ കോശങ്ങൾ ജനിച്ചു മുറിവുകൾ ഉണങ്ങുമെന്നു പഠിച്ചതല്ലേ ശരീരമേ നീയും?

ശരിയാണല്ലോ! അബ്ദുള്ളക്കുട്ടിയുടെ ഒപ്പം അവസാന ബഞ്ചിലെ നടുക്കഷ്ണത്തിൽ ഏഴാം ക്ലാസ് മുഴുവനും ജീവനോടെ കൂട്ടിരുന്ന ശരീരമല്ലേ.

ഉള്ളിലും പുറത്തും ചോര ആരെയും അനുസരിക്കില്ല അബ്ദുള്ളക്കുട്ടീ. അംബികക്കൊച്ചിനെ കെട്ടുമ്പോൾ ഉമ്മയെത്ര പറഞ്ഞു. ചോര കേട്ടുവോ അതുവല്ലതും?

അംബികക്കൊച്ചു ഇതെല്ലാം കണ്ടുവരുമ്പോൾ കലഹിക്കുമായിരിക്കും. ഒഴുകിപ്പോവാതെ അബ്ദുള്ളക്കുട്ടിയുടെ ജീവനും കാത്തിരുന്നൂടായിരുന്നുവോ അവന്റെ ചുവപ്പിന്റെ ചൂടേ? അംബികക്കൊച്ചിനു് എന്തറിയാൻ. മുറ്റം മുഴുവൻ ചിക്കിപ്പരത്താൻ സ്വാതന്ത്ര്യം കൊടുത്തിട്ടു പോലും ആ പിടക്കോഴിയമ്മ അംബികക്കൊച്ചു കൂട്ടിൽ മുളയുവാൻ ഒച്ചയിടുമ്പോൾ കേൾക്കാറുണ്ടോ? എന്നിട്ടാണു ചോര.

ശരീരമേ എന്നാലും നീയിങ്ങനെ ലോകത്തിലേയ്ക്കാകെ തുറന്നുവച്ച ഒരു മുറിവോടെ എന്നെ മരിപ്പിക്കാതെ മരിപ്പിക്കാതെയെന്നു അബ്ദുള്ളക്കുട്ടി കെഞ്ചി.

ശരീരം കൈമലർത്തി. ചോരയാണ്.

ചോരയെ എന്തിനു പറയണം! അല്ലെങ്കിലും മരിച്ചു കിടക്കുമ്പോൾ അബ്ദുള്ളക്കുട്ടി ആഗ്രഹിച്ചതു പോലെ ഹൃദയം നെഞ്ചിൻ‌കൂടിന്റെ തടവിനു പുറത്തായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേന്നെ. ശരീരത്തിനും പുറത്തു് - വരാലുകളെപ്പോലെ തിളങ്ങുന്ന വാളുകൾക്കു എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം.

അങ്ങനെയാണെങ്കിൽ തുടിക്കുന്ന ധമനികളോടെ നിന്നെപ്പേറുന്ന ഹൃദയം ജീവിക്കുന്ന ഒന്നാണെന്നു ചോരേ നീ വാളുകളോടു പറയുകയില്ലേ?

Tuesday, January 6, 2009

പുഴയൊഴുകും വഴി

ഇവിടെ നിന്നു നോക്കുമ്പോള്‍ കാണുന്ന ഈ പുഴയില്ലേ അതു പണ്ടു പണ്ടു്, കഥകള്‍ക്കും പണ്ടു് ഒരു പുഴയല്ലായിരുന്നു! എന്നെങ്കിലും ഒരു പുഴ ഒഴുകി വരേണ്ടതിനു നിലം ഒരു ചാല്‍ വരച്ചിട്ടതായിരുന്നു. ഈ കഥ ഉണ്ടായ കാലത്തെ ഒരു കുട്ടി ആ പുഴയിലേയ്ക്ക് അല്ല, പുഴയൊഴുകേണ്ട വഴിയിലേയ്ക്കു നോക്കുമ്പോള്‍ എന്തൊക്കെ കാണുമായിരുന്നുവെന്നോ?

പുഴയില്‍ അവസാനം മുങ്ങിപ്പൊങ്ങിയ പൊന്മയെ കാണുമായിരിക്കും. പുഴ ജീവിക്കുന്നതു് ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോഴാണു്, ഒരു കാൽ നനയുമ്പോഴാണു്, പുഴ അക്കരേയ്ക്കുള്ള തോണിയെ കടത്തിവിടുമ്പോഴാണ്‌.

വേറൊന്നോർത്താൽ പുഴയെ നോക്കുന്ന കുട്ടിയാണു ജീവിക്കുന്നതു്. പുഴയില്‍ ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോൾ... ഒരു കാൽ നനയുമ്പോൾ... അക്കരേയ്ക്കുള്ള തോണിയെ പുഴ കടത്തി വിടുമ്പോൾ...

ഈ കഥയുടെ കാലത്ത്, അല്ലെങ്കില്‍ കഥയിലെ കുട്ടിയുടെ കാലത്ത്, പുഴ ഉണ്ടായിരുന്നില്ല. പുഴ ഒഴുകുന്ന വഴിമാത്രമാണല്ലോ ഉണ്ടായിരുന്നതു്.

പുഴയില്ല. കുട്ടിയില്ല. കഥയൊരു നുണക്കഥയാണു്. അതുകൊണ്ടു പുഴ ഒഴുകുന്ന വഴിമാത്രമുണ്ടു്. നുണക്കഥകള്‍ക്കു് എന്തുമാവാം. ആരു ചോദിക്കാൻ?