Friday, March 27, 2009

A Note on CPI(M) - PDP

മദനി/സി.പി.എം തിരഞ്ഞെടുപ്പുകാല കൂട്ടുകെട്ടിനോടുള്ള നിലപാട്:-
കോൺഗ്രസ്സ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും മത/വർഗ്ഗീയവാദികളെ വോട്ടാക്കിമാറ്റാൻ നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഇങ്ക്വിലാബെന്തിനാണു മദനിയുടെ സി.പി.എം ബന്ധത്തിൽ എന്നു ലഘൂകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ പ്രത്യക്ഷത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സി.പി.എം. ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്നുള്ളതിനുള്ള അജൻഡയുടെ ഭാഗമായി സി.പി.എം പൊക്കി മുതുകത്തു വയ്ക്കുന്ന വേതാളങ്ങൾ അടങ്ങിയിരിക്കുമെന്നെന്താണ് ഉറപ്പ്? പഴയ ശീലങ്ങളിലേയ്ക്കു മടങ്ങിപ്പോവില്ലെന്നുള്ളതിനും എന്തുറപ്പാണുള്ളത്? പുതിയ ഭൂപരിധികളിൽ നിർവചിക്കപ്പെട്ടിരിക്കുന്ന പൊന്നാനിമണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും മാറിയിട്ടുണ്ട്. എന്നാൽ ഈ മണ്ഡലത്തിലെ പ്രചരണത്തിനിടയിൽ “മലപ്പുറം” എന്ന വാക്ക് മദനി എത്രപ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്? മലപ്പുറത്തിനേയും അതിലെ ജനങ്ങളേയും പ്രത്യേകം ഒരു വിഭാഗക്കാരായി ചിത്രീകരിക്കുവാനും, സദ്ദാമിനേയും ബുഷിനെ ചെരിപ്പെറിഞ്ഞവനേയും ഉൾപ്പെടെ സകലരേയും മലപ്പുറം ജില്ലക്കാരുടെ സ്വന്തം ആൾക്കാരാണെന്ന് വരുത്തിതീർക്കാനും എന്തിനാണ് ഇത്ര വ്യഗ്രത? ഇക്കാര്യത്തിൽ മദനിയേക്കാള്‍ വ്യഗ്രത സി.പി.എമ്മിനാണെന്നു തോന്നുന്നു. കൃത്യമായി വർഗ്ഗീയം പറഞ്ഞു വോട്ടാക്കിമാറ്റുന്നതിലാണ് ഇന്നത്തെ കോർപ്പറേറ്റ് അധികാരരാഷ്ട്രീയത്തിനു താല്പര്യം. പൊതുവേദിയിൽ ചുവപ്പു പുതപ്പിച്ചു അരിവാൾ ചുറ്റികയുടെ ബാനറിനരികെ നിർത്തിയാൽ മദനി പുനർജനിച്ചെന്നു കരുതുവാന്‍ എളുപ്പമല്ല. ഗുജറാത്തിൽ മോഡി ഉൾപ്പെടെയുള്ളവർ നടത്തിയ അനീതികൾക്ക് വികസനത്തിന്റെ ന്യായം പറയുമ്പോൾ എതിർക്കുവാൻ കാണിക്കുന്ന വിവേകമൊന്നും മദനിയുടെ കാര്യത്തിൽ കാണിക്കുവാൻ കഴിയുന്നില്ല പാര്‍ട്ടിക്കും അണികള്‍ക്കും.

മലപ്പുറത്തെ പാവപ്പെട്ട ഒരു മുസൽ‌മാനും ഇറാഖ് അധിനിവേശത്തിന്റെ ഇരയായിരുന്നിട്ടില്ല (വിശാലമായ അര്‍ത്ഥത്തില്‍ എല്ലാവരും അധിനിവേശങ്ങളുടെ ഇരകളാണെന്നു മറക്കുന്നില്ല). വ്യക്തമായ വംശീയ വിരോധം പ്രകടിപ്പിച്ചിരുന്ന സദ്ദാംഹുസൈൻ എന്ന ഏകാധിപതിയോട് അമേരിക്ക ചെയ്ത ക്രൂരത ഒരു ഇസ്ലാമിക പ്രശ്നം മാത്രമായി അവതരിപ്പിക്കുന്ന പ്രസംഗങ്ങൾ മലപ്പുറംകാരന്റെ പട്ടിണിയേയോ സാമൂഹിക അവസ്ഥയേയോ മാറ്റുവാന്‍ എന്തു ചെയ്യുമെന്നാവണം പിണറായി ഉള്‍പ്പെടെ മദനിയോടൊപ്പം വേദി പങ്കിട്ട ഇടതു നേതാക്കള്‍ കരുതിയിരിക്കുക? ഇസ്ലാമിന്റെ ബിംബങ്ങൾ (മലപ്പുറവും അങ്ങനെയൊരു ബിംബമാണെന്ന് മദനി തെളിയിച്ചു) ആവർത്തിച്ചു പറഞ്ഞു “ത്രില്ലടിപ്പിച്ചു” വോട്ടു നേടുന്നതാവരുത് സി.പി.എം പോലെ ഒരു പാർട്ടിയുടെ വഴി. കഴിവുണ്ടാവുമ്പോൾ മാത്രം ചെയ്താൽ മതിയെന്നു പ്രവാചകൻ പറഞ്ഞ ഹജ്ജിനു വേണ്ടി സബ്‌സിഡൈസ് ചെയ്ത കഴിവുണ്ടാക്കൽ അല്ല സാധാരണക്കാരിൽ സാധാരണക്കാരനായ മുസൽമാന്റെ ആവശ്യങ്ങൾ. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട സ്വതന്ത്ര്യ വിദ്യഭ്യാസം ഈ മുസൽ‌മാന്റെ പെൺകുട്ടിയും അർഹിക്കുന്നുണ്ട്. പഠിപ്പില്ലാതെ കെട്ടിച്ചയച്ചു കഴിയുമ്പോഴുണ്ടാവുന്ന ദുരിതങ്ങളിൽ നിന്നു രക്ഷപ്പെടുവാൻ ഇവരിൽ ആരെയും മദനി ആവേശത്തോടെ ഉയർത്തിപ്പിടിച്ച ‘ബുഷിനെ ഷൂ എറിഞ്ഞ’ മുസൽ‌മാന്റെ ചിത്രം സഹായിക്കുകയില്ല.

അവഗണിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടാവുന്നത്, അവഗണനയിൽ നിന്നും രക്ഷപ്പെടുത്തി അത്തരം തീവ്രവാദങ്ങൾ അവസാനിപ്പിക്കുക എന്നതുകൂടിയായിരുന്നല്ലോ മദനിയെ കൂടെച്ചേർക്കുന്നതിനുള്ള ന്യായീകരണം. എന്നാൽ ഇന്ത്യൻ മുസ്ലീം നേരിടുന്ന അവഗണനയുടെ ദൃഷ്ടാന്തങ്ങൾ ഗുജറാത്തിൽ അവൻ ഒറ്റപ്പെട്ടു പോകുന്നതും, അവന്റെ തെരുവുകൾ ഗ്രാമങ്ങളിൽ നിന്നു അടഞ്ഞു കിടക്കുന്നതും, അവന്റെ പെൺ‌മക്കൾ മൈസൂർ കല്യാണത്തിൽ ഒഴിപ്പിക്കപ്പെടുന്നതും മറ്റുമാണ്. ഇന്ത്യ-ഇസ്രയേൽ ബന്ധവും, അമേരിക്കൻ അധിനിവേശവും മറ്റുമല്ല. വ്യക്തമായ വർഗ്ഗീയ നിലപാടിൽ നിന്നും ആവേശമുണർത്തി സംസാരിക്കുന്ന മദനിയല്ല അവഗണിക്കപ്പെട്ട ഇന്ത്യൻ മുസൽ‌മാന്റെ പ്രതിരൂപം. നാലാം ക്ലാസിൽ സ്കോളർഷിപ്പ് കിട്ടിയ മകൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുവാൻ കഴിയാതെ എസ്.ബി.റ്റിയിലെ സന്ദർശകരെ കാത്തുനിൽക്കുന്ന ഉമ്മമാരാണ്. അവഗണിക്കപ്പെട്ട ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതീരൂപങ്ങളിൽ നിന്നും, രക്ഷാദൈവങ്ങളിൽ നിന്നും ഇവർക്കായൊന്നും വേണ്ടി ഒരു വാക്കുപോലും കേട്ടീല്ലല്ലോ?

മതാധിപരുടെ കർക്കശങ്ങളായ ഇടപെടൽ മൂലം പൊതു സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയാത്ത സമൂഹമാണ് ഇന്ത്യൻ മുസ്ലീമിന്റേത്. സ്വതന്ത്ര്യമായി ചിന്തിക്കുവാനും പഠിക്കുവാനും പണിയെടുക്കുവാനുമാണ് ഇന്ത്യ സമുദായത്തിനു് അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടത്. ബാലറ്റ് പെട്ടിയിലെ വോട്ടുകളുടെ കണക്കു മതനേതാക്കൾ തീരുമാനിക്കുമ്പോൾ മതനേതൃത്വത്തിനു കീഴ്പ്പെട്ടു് എന്നും അധഃകൃതമായിത്തന്നെ കഴിയുവാൻ ഒത്താശ ചെയ്യുകയാണ് ഇന്ത്യൻ രാഷ്ട്രീയം. സി.പി.എം അതിൽ പങ്കുപറ്റുന്നതിൽ വിരോധമില്ല, പക്ഷെ കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയുടെ സ്വഭാവം കാണിച്ച് ജനത്തെ വിഡ്ഢികളാക്കരുത്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ സി.പി.എമ്മിനു ചിലപ്പോൾ ഉറക്കെപ്പറയുവാൻ ധൈര്യം വരാത്ത കാര്യമൊന്നുണ്ട്, രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം. ഇസ്രയേലും ബുഷും കോൺഗ്രസ്സിന്റെ അമേരിക്കൻ സ്നേഹവുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഒരു ഇന്ത്യക്കാരൻ എന്നതിലുപരി മലപ്പുറത്തെ മുസ്ലീമിനെ എന്തിനു ഭയപ്പെടുത്തണം? അവർ ഭയക്കേണ്ടത് അവരെ തളച്ചിടുന്ന മതനേതൃത്വത്തെയാണ്, അവരുടെ ചോര ചിന്തിക്കുവാൻ കൊതിക്കുന്ന മദനിമാരെയാണ്‌.

Update/Summary:-
സദ്ദാമിനെ തൂക്കിലേറ്റിയവനെ അഗാധമായി സ്നേഹിച്ചും ഗാസയിലെ മുസ്ലീങ്ങളെ നിഷ്ടൂരമായി കൊലചെയ്തവരെയുമായി പങ്കുപറ്റിയും ഇന്ത്യൻ ഗവൺ‌മെന്റ് നിങ്ങളെ വഞ്ചിച്ചു എന്നു പറയുവാൻ ഈ ഇലക്ഷൻ സാഹചര്യത്തിൽ സീപ്പിയെമ്മിനും മദനിക്കും മാത്രമേ കഴിയുകയുള്ളൂ. സാമ്രാജത്വത്തിനും യുദ്ധക്കൊതിക്കും എതിരെ ഓരോ ഇന്ത്യക്കാരനും ഉണ്ടാവേണ്ട പേടിമാത്രമാണോ മദനിയും സീപ്പിയെമ്മും ഇലക്ഷൻ പ്രചരണത്തിലൂടെ മുസ്ലീമിന്റെ മനസ്സിലേയ്ക്ക് കടത്തിവിടുന്നത്? ഇത്തരം പേടികൾ കടത്തിവിട്ട് അരക്ഷിതമാണ് നിങ്ങളുടെ അവസ്ഥയെന്ന് കാപട്യത്തോടെ ബോധ്യപ്പെടുത്തി അധികാരത്തിനുവേണ്ടി നടത്തുന്ന കൈയാങ്കളിയെയാണ് വർഗ്ഗീയത എന്നെല്ലാം പറയേണ്ടി വരുന്നത്. മദനി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉയർത്തിപ്പിടിക്കുന്ന ബുഷിനെ ചെരിപ്പെറിഞ്ഞയാളെ കോൺഗ്രസ്സിനും പൂജിക്കാം മാലയിട്ടു സ്വീകരിക്കാം പക്ഷെ “ഇതാ നിങ്ങളുടെ പേടികളെ ഒരു ചെരിപ്പുകൊണ്ട് എറിഞ്ഞുടച്ച ധീരനെ ഞങ്ങൾ കൂട്ടത്തിൽ ചേർക്കുന്നു” എന്നു പ്രസംഗിച്ചുകൂടാ, അതിൽ അക്ഷന്തവ്യമായ അപരാധമുണ്ട്. കാരണം അത്തരത്തിലൊരു പേടിയുടെ നിറവിലിരുത്തിയാവരുത് മുസ്ലീങ്ങളുടെ വോട്ട് ചോദിക്കുന്നത്, അത് ആ സമൂഹത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂ‍രതയാണ്, മദനിയെ കൂട്ടുപിടിച്ച് സീ.പി.ഐ(എം) ചെയ്തിരിക്കുന്നതും അതു തന്നെയാണ്. [ഈ പറഞ്ഞതിന്റെ അർഥം ഇന്ത്യൻ മുസ്ലീം നേരിട്ടിട്ടുള്ള വംശീയ/വർഗ്ഗീയ നരഹത്യകളെ പേടിക്കേണ്ടതുണ്ട് എന്ന് പറയേണ്ട ആവശ്യമില്ല എന്നല്ല, അതിനെതിരെ സംഘടിക്കുകയും പോരടിക്കുകയും വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായവും. പക്ഷെ അത് കോൺഗ്രസ്സിനും ചെയ്യാവുന്നത് തന്നെയാണ്, അതുകൊണ്ടു തന്നെ അതിനു വലിയ മാർക്കറ്റ് ഇല്ല എന്നു സീപ്പീയെമ്മിനു നന്നായറിയാം!]

Footnote:-
മതം വളരെ വ്യക്തിപരമായ കാര്യമാണു്. സ്വന്തം വീടിന്റെ / ആരാധനാലയത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ അതിനെ ഒതുക്കിവയ്ക്കുവാൻ ഇന്ത്യൻ ജനത പ്രബുദ്ധ കാണിക്കേണ്ടതുണ്ടു്. എത്രയും നേരത്തെ നിയമപരമായി തന്നെ മതത്തെ പൊതുജീവിതത്തിൽ നിന്നും അകറ്റിനിർത്തുവാനും ശ്രമിക്കേണ്ടതുമുണ്ട് (ഇതെഴുതുമ്പോൾ ഇത്തരമൊരു നീക്കം കൊണ്ടു അധികം പരിക്കു പറ്റുക organized മതങ്ങൾക്കാണെന്നും ഹിന്ദുമതം പോലെ വളരെ personalized ആയ ഒരു മതത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും സമൂഹം എളുപ്പമൊന്നും രക്ഷപ്പെടില്ലെന്നും തിരിച്ചറിയുന്നുണ്ട്, വിശദമായ ഒരു വിഷയമായതിനാൽ അതിലേയ്ക്കു പ്രവേശിക്കുന്നില്ല. പൊതുവിൽ ഉദ്ദേശിക്കുന്നതു അധികാരം, സമൂഹം എന്നിവയിൽ മതത്തിനുള്ള കടിഞ്ഞാണുങ്ങൾ പൊട്ടിച്ചുകളയുക എന്നതാണു്). നേരത്തെ ഒരു പോസ്റ്റിൽ എഴുതിയതു പോലെ വ്യക്തമായി മതപരമായ വർഗ്ഗീയത വളർത്തുന്ന, അതിൽ തന്നെ പലപ്പോഴായി ക്രൂരമായ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ചിട്ടുള്ള ബി.ജെ.പിയെ പോലുള്ളവരെ ഒറ്റപ്പെടുത്തുകയാണ് ആദ്യം വേണ്ടതും. ഒപ്പം തന്നെ താൽക്കാലിക ലാഭങ്ങൾക്കായി പുതിയ വർഗ്ഗീയ സമവാക്യങ്ങൾക്കു ഒരു ദേശീയ പാർട്ടിയും വളമിട്ടുകൊടുക്കാതിരിക്കുകയും ചെയ്തെങ്കിൽ എത്ര നന്നായിരുന്നേനെ.

The Male Part of Revolutionരണ്ടു പേര്‍ ഒരേ തരത്തിലുള്ള ആശയം പറഞ്ഞാല്‍ അവര്‍ സമാഭിപ്രായക്കാരെന്നു പറയാം. ഇതേ അഭിപ്രായം ഒരേ സമയം പറഞ്ഞാല്‍ യാദൃച്ഛികതയെന്നോ സാന്ദര്‍ഭികമെന്നോ പറയാം. അല്ല ഇതൊന്നുമല്ല പരസ്പരം സംസാരിച്ചുകൊണ്ട് യോജിപ്പിലെത്തിക്കൊണ്ട് ഒരേ അഭിപ്രായം പ്രകടിപ്പിക്കുകയാണെന്നാല്‍ അവര്‍ ആരാവും? ആരായാലും അവരില്‍ ഒരാള്‍ ആണും മറ്റൊരാള്‍ പെണ്ണും ആയാല്‍ അര്‍ത്ഥങ്ങള്‍ മാറിമറിയുകയായി. ചില രാഷ്ട്രീയകൂലിയെഴുത്തുകാര്‍ക്ക് അവര്‍ രണ്ടു വ്യക്തികളല്ല മറിച്ച് പ്രിയനും പ്രേയസിയുമൊക്കെയാണ്‌. ഈ അഭിപ്രായങ്ങൾ വിമർശന സ്വഭാവമുള്ളതാണെങ്കിലോ പിന്നെ വിശേഷണങ്ങളുടെ പൂമഴയായി, പ്രണയജോഡികള്‍ (വിശുദ്ധ), രാജകുമാരന്‍-രാജകുമാരി എന്നിങ്ങനെ പോവുകയാണ്‌ കൂലിയെഴുത്തുകാരുടെ എഴുത്താളന്‍ മനസ്സ്. പണ്ട് നാടൊടുക്കും പട്ടിയെ പോലെ പോലീസ് ഓടിച്ചിരുന്നപ്പോള്‍ ആദര്‍ശവിപ്ലവവീരന്മാരില്‍ ചിലര്‍ ഒളിച്ചു കഴിയാന്‍ കയറിയപ്പറ്റിയ വീട്ടിലും കൂരയിലും പെണ്ണിനെ പൊത്തിപ്പിടിക്കാന്‍ ചെന്ന കഥ ചില പൈങ്കിളി സിനിമാക്കാരന്മാര്‍ അനശ്വര വിപ്ലവസിനിമികളാക്കി പുറത്തിറക്കിയിട്ടുണ്ട്. വിപ്ലവത്തിനെ അത്തരമൊരു പൈങ്കിളിമനസ്സോടെ സ്വീകരിച്ചിരുത്തിയോ സ്വന്തം അണികളും? പെണ്ണിനേയും ആണിനേയും ഇങ്ങനെയുള്ള നിലപാടുകളിലൂടെ കാണാനും അപഹസിക്കുവാനും മാത്രം കഴിവുള്ളവർ അതിനു തുനിയുന്നത് വിമര്‍ശനസ്വഭാവമുള്ള സ്വല്പം പരിഹാസത്തിനുള്ള പ്രതിക്രിയയായിട്ടാണെന്നാണ്‌ ബഹുതമാശ. ഒരല്പം വിമര്‍ശനം സഹിക്കാന്‍ ചങ്കുറപ്പില്ലെങ്കില്‍ അവയ്ക്കു വിവേകത്തോടെ മറുപടി പറയുവാനുള്ള കഴിവില്ലെങ്കില്‍ ഈ ബ്ലോഗിലൂടെയുള്ള രാഷ്ട്രീയ പിമ്പിങ് നിര്‍ത്തി വീട്ടിലിരിക്കുകയാണ് ഈ "ചുവപ്പ് പുംബീജങ്ങൾ" ചെയ്യേണ്ടത്.

സി.പി.എം ബ്ലോഗുള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുവാന്‍ താല്പര്യപ്പെടുന്നുണ്ടെന്നും അതിനായി ശ്രമിക്കുന്നുണ്ടെന്നും എവിടെയൊക്കെയോ വായിച്ച ഓര്‍മ്മയുണ്ട്. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതിനിധിയെന്ന കെട്ടിലും മട്ടിലുമൊക്കെയാണ്‌ ജനശക്തിയുടെ ബ്ലോഗും സന്നാഹങ്ങളും. എങ്കിലും ജനശക്തിയെ പോലുള്ളവര്‍ ആവാതിരിക്കട്ടെ ജനാധിപത്യമാധ്യമങ്ങളിൽ ഇടപെടുവാൻ പാർട്ടി നിയോഗിച്ച അണികളെന്നു ആത്മാര്‍ഥമായി ആശിക്കുന്നു. ഇതുപോലെ കഴിവുകെട്ടവരെയാണ്‌ പി.ആര്‍ പണിക്ക് നിര്‍ത്തുന്നതെങ്കില്‍ ആ പബ്ലിക്ക് റിലേഷനെ പിമ്പിങ് എന്നു വിളിക്കുന്നതാണ്‌ ഉചിതം (ആ അതു തന്നെ ലോകത്തിലെ ആദ്യത്തെ പബ്ലിക്ക് റിലേഷന്‍ ജോലി). വിപ്ലവപാര്‍ട്ടിയെ അത്രയും അധഃപതിച്ചു കാണുവാന്‍ പ്രജകള്‍ക്കു ഒട്ടും താല്പര്യമില്ല എന്നറിയണം.

Wednesday, March 25, 2009

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും

ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ ‍, എഴുതി; ‘ബാബറി മസ്‌ജിദ്’.

സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു.   അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍

തിരുത്ത്, എന്‍ എസ് മാധവന്‍

ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്‌റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു്‌ എഴുതി തുടങ്ങിയത്. സുഹ്‌റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!

ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.

അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ്‌ എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്‌.

വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.