Monday, December 15, 2008

കടലമ്മ

കടൽ കുടിച്ചു
വറ്റിക്കുവാൻ
കൊതിച്ച മീനാണു്

ഓരോ കവിളിലും
പുതിയ കടൽ
ചിറകനക്കിയുള്ള
ഒരു കുതിപ്പിൽ
ഉടലാകെ
ഉലയുന്ന കടൽ

അകം
പുറം
കടൽ
കടൽ

ഒരല്പം ചെരിഞ്ഞുകിടന്നു്
കടലമ്മ
വയറിൽ തലോടി
‘മോനേ’

Wednesday, December 3, 2008

പ്രവാസഭൂമി, എപ്പിസോഡ് 118

November 27, 2008. വാർത്തകളിൽ നിന്നും വാർത്തകളിലേയ്ക്കു മരണത്തിന്റെ കണക്കുകളോടെ ഓടിക്കയറുമ്പോൾ ഒരു സുഹൃത്തു് എഴുതി അറിയിച്ചു, ‘എന്റെ ഓഫീസിലെ ചിലർ എന്നോടു മിണ്ടുന്നില്ല..’

~~~

‘ഹലോ, ആരാണ്?’

‘ഹലോ ഹലോ… ഹലോ!’ ഉസ്മാന്‍ ഒന്നു ചെറുതായി കൂക്കി.

ഉസ്മാന്റെ ഫോണിലേയ്ക്കു് തിരിച്ചറിയുവാനാകാത്ത ഏതോ നമ്പറില്‍ നിന്നു് ആദ്യത്തെ കോള്‍ വരുന്നതു മൂന്നോനാലോ മാസങ്ങള്‍ക്കു മുമ്പാകണം. ഹോട്ടലിലെ ജോലിക്കിടെ അവന്‍ ലൂപ്പ്സെറ്റ് ചെവിയില്‍ കൊരുത്തിട്ടു ഹലോയെന്നു ശബ്ദിച്ചു. മറുപടി കേള്‍ക്കാതെയായപ്പോള്‍ അവന്‍ ഒരു ചെറിയ കൂക്കലിനോളം ആ വാക്കു് ആവര്‍ത്തിക്കുകയും പിന്നെയും മറുപടി ഇല്ലാതായപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയുമാണുണ്ടായതു്. അടുത്ത ദിവസങ്ങളിലും ഇതു് ആവര്‍ത്തിക്കുകയുണ്ടാ‍യി.

ഉസ്മാന്‍ ചെവി കൂര്‍പ്പിച്ചു, ഒച്ചയും അനക്കവുമില്ലാത്ത കലവറയില്‍ ചെന്നുനിന്നു സംസാരിക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്നും ശബ്ദമൊന്നും കേള്‍ക്കാതെയായപ്പോള്‍ അവന്‍ തുടരെത്തുടരെ ഹലോ എന്നു് ആവര്‍ത്തിച്ചു. ഉറക്കെ ചുമച്ചു നോക്കി. ദേഷ്യം അഭിനയിച്ചു കാര്‍ക്കശ്യത്തോടെ ഹലോയെന്നു പറഞ്ഞു. കലവറ ഹലോ വിളികളാല്‍ നിറഞ്ഞുപോയി.

പണിക്കിടെ ഫോണില്‍ സംസാരിക്കുന്നതു കണ്ടു മൊസാംഅലി ഉസ്മാനോടു ചോദിച്ചു, ‘കോന്‍ ഹേ?’

ഉസ്മാന്‍ അതിശയപ്പെട്ടു, ‘അറിയൂലാ.’ അതു മനസ്സിലായതുകൊണ്ടാവാം മൊസാംഅലി ഉസ്മാനോടു കയര്‍ത്തു, ‘കാം കരോ.’

പൂച്ച കരയുന്ന സ്വരത്തില്‍ ഒരു ഹലോ. ഉസ്മാന്റെ കള്ളത്തൊണ്ടകൊണ്ടു കുറേയധികം ഹലോ.

‘ഹലോ ഹലോ ഹലോ ഹലോ‍ാ‍ാ‍ാ‍ാ‍ാ‍ാ.’ മൊസാംഅലി കലവറയുടെ വാതില്‍ മുട്ടി, ഉസ്മാന്‍ ഇറങ്ങിയോടി.

‘ഹലോ…’

ഉസ്മാന്‍ ഒരു ഈച്ചയെ അടിച്ചുവീഴ്‌ത്തുവാന്‍ തക്കം പാര്‍ത്തിരിക്കുന്നത്ര കൌശലത്തോടെയിരുന്നു. കുറച്ചുനേരം ഫോണിനെ അവഗണിച്ചതായി അഭിനയിച്ചു്, പൊടുന്നനെ ഹലോയെന്നു പറഞ്ഞുകൊണ്ടു് ഫോണ്‍ വിളിച്ചവരെ അതിശയിപ്പിച്ചോ മറ്റോ ഒരു മറുപടി കേള്‍ക്കാമെന്നുപോലും അവന്‍ സങ്കല്പിച്ചുപോന്നു. ഉസ്മാനെ നിരാശപ്പെടുത്തിക്കൊണ്ടു് ഒട്ടും ഒച്ചയുണ്ടാക്കാതെ ആ കോളുകള്‍ നീണ്ടുനിന്നു.

ഉസ്മാന്റെ ആദ്യ ജോലിയാണു് ആ ഹോട്ടലിലേതു്. കിച്ചണില്‍ നിന്നു പുറത്തേയ്ക്കു റൊട്ടിയും നാനും പോകുന്ന വഴിയെ ഉസ്മാന്‍ അവരെ ഒരു ചൂരല്‍കൊട്ടയില്‍ പിടിച്ചിരുത്തും. നിഹാരിയും കടായിയും പ്ലേറ്റുകളില്‍ പകര്‍ന്നെടുത്തു വിളമ്പുവാനുള്ള ട്രേകളില്‍ അടുക്കിവയ്ക്കും. സാലഡ് ആവശ്യത്തിനനുസരിച്ചു ചെറിയ പ്ലേറ്റുകള്‍ വേറെയും.

ഉസ്മാന്‍ ആദ്യമായി കിച്ചണിലേയ്ക്കു കയറി വരുമ്പോള്‍ അവന്‍ ഭക്ഷണസാധനങ്ങളുടെ പുതിയ പേരുകളില്‍, രീതികളില്‍ വിസ്മയിക്കപ്പെട്ടും ഒരു ജോലി അന്വേഷണത്തില്‍ മുഷിഞ്ഞും കാണപ്പെട്ടിരുന്നു. അവനെ ആ കിച്ചണില്‍ ഉപയോഗിക്കാമെന്നു നിര്‍ദ്ദേശിച്ചതു് എല്ലായ്‌പ്പോഴും തന്തൂരി അടുപ്പിനു സമീപത്തു കാണപ്പെടുന്നവരായ തൌഫീക്കും ഗുലാമുമായിരുന്നു. അവരിലൊരാള്‍ റൊട്ടിപരത്തുകയും മറ്റെയാള്‍ അതു ചുടുകയും ചെയ്തിരുന്നു. ഉസ്മാനു് അവരുടെ പേരുകള്‍ മാറിപ്പോവുക പതിവാണു്, ഒരു പക്ഷെ അതു ചിലപ്പോള്‍ തൌഫീക്ക് സ്ഥിരമായി റൊട്ടിപരത്തുകയോ ഗുലാം അതു ചുടുകയോ ചെയ്യാതിരിക്കുന്നതു കൊണ്ടാവും.

അവര്‍ പരസ്പരം ഒരേ അളവില്‍ നോട്ടങ്ങള്‍ കൈമാറുന്നു, ജോലികളും കൈമാറുന്നു. ബീബീസിയുടെ ഉര്‍ദുവോ പഷ്തുവോ അവര്‍ അതേ കണക്കില്‍ കൈമാറ്റം ചെയ്യുന്നു, ചില വാക്കുകള്‍ ചില വാര്‍ത്തകളുടെ തുടര്‍ച്ചയാവുന്നു, ചില വാര്‍ത്തകള്‍ തന്തൂരി അടുപ്പില്‍ നിന്നുള്ള ചൂടില്‍ വിയര്‍പ്പാകുന്നു.

ഉസ്മാനു കിച്ചണിലെ പണിയേല്‍പ്പിച്ചു പോകുമ്പോള്‍ മൊസാം അലി തൌഫീക്കിനെയും അവനെയും മാറിമാറി നോക്കിക്കൊണ്ടു അശ്ലീലം നിറഞ്ഞ ഒരു ചിരി ചിരിച്ചു. ഗുലാമും തൌഫീക്കും പഷ്തുവിലെന്തോ പറഞ്ഞു. ഗുലാം ഉസ്മാന്റെ തളര്‍ച്ച കണ്ട് ഒരു സ്റ്റീല്‍ ഗ്ലാസില്‍ അല്പം പാലെടുത്തു് അതില്‍ ഒരു സെവനപ്പ് പൊട്ടിച്ചൊഴിച്ചു് ഉസ്മാനു കൊടുത്തു.

ഉസ്മാന്‍, പതിനെട്ടുവയസ്സ്, വെളുത്ത നിറം, നീണ്ട വിരലുകള്‍, സെവനപ്പ് പാലില്‍ കലര്‍ന്നപ്പോള്‍ ഓക്കാനിച്ചു.

‘ഏക് പായാ, ഏക് സെറ്റ് ലെഹെം, ദോ നംകീന്‍.’ തീന്‍‌മേശകള്‍ക്കു നടുവില്‍ നിന്നു മൊസാംഅലി വിളിച്ചു പറയും. തൌഫീക്ക് മൂന്നു റൊട്ടികൂടെ പരത്തിവയ്ക്കും, ഗുലാം വേറെ മൂന്നു റൊട്ടി ചുട്ടെടുക്കും. ഉസ്മാന്റെ ഫോണ്‍ ശബ്ദിക്കും.

‘ഉമ്മാ, ദ് ഇങ്ങളാണോന്നീം?’ ഉസ്മാന്‍ ശങ്കിച്ചു ചോദിച്ചു. മറുപടി കേള്‍ക്കാഞ്ഞപ്പോള്‍ അവന്‍ ഉറപ്പിച്ചു ഉമ്മ തന്നെയാണെന്നു്. പതിയെ ഉമ്മയുടെ ശബ്ദം നേര്‍മ്മയില്‍ നിന്നും തെളിഞ്ഞു വന്നു.

‘ഉമ്മാ അതില്യേന്നും, കുഞ്ഞ് നാളില് എനക്കെപ്പോഴും മാങ്ങാച്ചൊണയാണെന്ന് പറഞ്ഞു കളിയാക്കീ‍ണ്ടാര്‍ന്ന നായരുകുട്ട്യോളെ അറിയോ ഉമ്മാ? ഓരിലൊരാള് എന്റെ ഹോട്ടലിലു ഉണ്ണാന്‍ വന്നേര്‍ന്നൂ. റൊട്ടി പുറത്തേയ്ക്ക് എടുത്തുവയ്ക്കുന്ന ചെറിയ വിടവിലൂടെയാ കണ്ടേന്നും. ഓല് നന്നായി ക്ഷീണിച്ചോടക്കണ്, അവരുടെ വീട്ടിലെ കുട്ട്യേനെ പ്രേമിച്ചേന്ന് എന്നെ നായേ പോലെ തല്ലീതാണുമ്മാ. ഞാമ്പോയി ഒരു ഗ്ലാസ് വെള്ളം വെച്ചോടത്തു. ഇന്നെ കണ്ടീല്യാ.’

‘ഹലോ ഉമ്മാ… ഹലോ’

തൌ‍ഫീ‍ക്കിന്റെ പഴയ ഫോണാണു് ഉസ്മാന്‍ ഉപയോഗിക്കുന്നതു്. അയാളുടെ പുതിയ ഫോണിലേയ്ക്കു നോക്കിക്കൊണ്ടു ഉസ്മാന്‍ പറഞ്ഞു, ‘വെച്ചെന്നാ തോന്നണേ.’

തൌഫീക്ക് ചിരിച്ചു കാണിച്ചു, പിന്നെ തന്തൂര്‍ അടുപ്പിന്റെ ഉള്‍ച്ചുമരിലേയ്ക്കു ചുട്ടെടുക്കുവാനുള്ള റൊട്ടികള്‍ പതിപ്പിച്ചുവച്ചു.

‘റഹിമുള്ള യൂസുഫ്‌സായ്. ബീബീസി ന്യൂസ്, പെഷവര്‍’ തൌഫീക്കിന്റെ റേഡിയോ ഒച്ചയുണ്ടാക്കി. അയാള്‍ ഗുലാമിനോടു് ഉറക്കെ എന്തോ ചോദിച്ചു. ഉസ്മാന്‍ തന്റെ ഫോണില്‍ ശ്രദ്ധിച്ചു് ഒരു വിഡ്ഢിച്ചിരിയോടെ നിന്നു.

ഉസ്മാന്‍ ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം, തൌഫീക്കും ഗുലാമും പഷ്തുവില്‍ അവര്‍ക്കു സ്വതേയുള്ള ഉച്ചസ്വരത്തില്‍ സംസാരിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചു്, ചില സുപരിചിത പേരുകളില്‍ നിന്നു് ഉസ്മാനു് അവര്‍ അപ്പോള്‍ പറയുന്നതില്‍ ചിലതെല്ലാം മനസ്സിലാക്കുവാന്‍ കഴിഞ്ഞേയ്ക്കും, ചിലപ്പോള്‍ മറ്റെന്തൊക്കെയോ, അതൊട്ടും മനസ്സിലാവുകയില്ല. സംസാരത്തിനിടയില്‍ അടുപ്പില്‍ നിന്നുള്ള കനലിന്റെ ചൂടേറ്റു തൌഫീക്കിന്റെ മുഖം ചുവക്കും, ഗുലാമിന്റെ ബനിയന്‍ വിയര്‍പ്പില്‍ കുതിര്‍ന്നുപോകും.

കറാച്ചിയില്‍ നിന്നുള്ള ഒരു ആമിര്‍ അലി നടത്തുന്ന ആ ഹോട്ടലിന്റെ അടുക്കളയിലേയ്ക്കു് ഉസ്മാന്റെ ഫോണ്‍ പിന്നെയും പലപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടു ഉണര്‍ന്നു കരഞ്ഞു. ഉമ്മ, പീ.റ്റീ മാഷ്, സഖാവ് കരുണന്‍, ഇന്ദിരാകുമാരി (ആ കഥ പിന്നെ പറയാം).

ഒരു ഉച്ചയ്ക്കു് ഉസ്മാന്റെ മൂത്ത പെങ്ങള്‍ ആമിന വിളിച്ചു. ആമിനയുടെ മാപ്പിള ‘ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്’ എന്നു ചൊല്ലിയതു് ഉസ്മാന്‍ ഫോണിലൂടെ വ്യക്തമായും കേട്ടു. ഉസ്മാന്‍ തനിക്കു വരുന്ന ഒരു കോ‍ള്‍ പൂര്‍ത്തിയാക്കുവാന്‍ സമ്മതിക്കാതെ ആദ്യമായി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുന്നതു് അപ്പോഴാണു്. തൌഫീ‍ക്ക് അവനെ സമാധാനപ്പെടുത്തി, തുടര്‍ന്നു ജബ്ബാര്‍ ഉസ്മാന്റെ ഫോണിലേയ്ക്കു വിളിച്ചു. അയാള്‍ ആമിനയെ തലാഖ് ചൊല്ലി തീര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ.

‘ന്റെ പെങ്ങളെ ഞാന്‍ കോയമ്പത്തൂരിലിക്കോ, മധുരയ്ക്കോ പറഞ്ഞയക്കും. ഓളേക്കാള്‍ തൊലിവെളുപ്പുള്ള വേറെ പെണ്ണിനെ കണ്ടിണ്ടോ അളിയാ ങ്ങള്?’ ഉസ്മാന്‍ പുച്ഛിച്ചു. ജബ്ബാര്‍ തലാഖ് പറഞ്ഞില്ലെന്നു പള്ളിക്കമ്മറ്റിയില്‍ മൊഴിമാറ്റിപ്പറഞ്ഞു.

ഏപ്രിലില്‍ ചൂടുള്ള പകലുകള്‍ വന്നുതുടങ്ങിയതിനു ശേഷം രാത്രി ഏറെക്കഴിഞ്ഞാലും ട്രക്ക് ഡ്രൈവര്‍മാര്‍ ഭക്ഷണത്തിനു കയറിക്കൊണ്ടിരിക്കുന്ന ഒരു ഇടവേളയില്‍ ഉസ്മാന്റെ ഫോണ്‍ ശബ്ദിക്കുകയുണ്ടായി. ആഗസ്ത് മാസത്തിലേയ്ക്ക് ഉസ്മാന്റെ മനസ്സു വഴുക്കിപ്പോയി.

‘ഹലോ ഹലോ ഗോപാലന്മാഷാണോ?’

‘മാഷേ ആരാ പതാക ഉയര്‍ത്തിയത്? പഞ്ചായത്തിലെ കരുണേട്ടനാണോ? നാരങ്ങമുട്ടായിയുടെ നിറം ഇപ്പോഴും മഞ്ഞയും ചുവപ്പുമാണോ?’

നാലു-ഡീക്കാരുടെ അവകാശമാണു പതാകയില്‍ പൊതിഞ്ഞുവയ്ക്കുവാനുള്ള പൂക്കള്‍.

‘മാഷേ മാഷേ.. ജനഗണമന തുടങ്ങിയോ?’

- ഉസ്മാന്‍ തന്റെ മന്ദതയില്‍ നിന്നു പിടഞ്ഞുണരുമ്പോഴേയ്ക്കും ഒപ്പമുള്ളവര്‍ ജനഗണമന തുടങ്ങിക്കഴിഞ്ഞിരിക്കും, ഉസ്മാന്‍ ഓടിച്ചേരും.

ജനഗണമന അധിനായക ജയഹേ

- ഹോ‍ എന്തൊരു ഉല്ലസമാണ് ആ ജയഹേയില്‍. ഉസ്മാന്‍ ശ്വസിക്കുവാന്‍ മറന്നുപോവുകയും, അവന്റെ കണ്ണുകള്‍ വിടര്‍ന്നു നില്‍ക്കുകയുമാവും.

ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ,
ദ്രാവിഡ ഉത്കല ബംഗാ,

- ‘ഉസ്മാന്‍ ഏക് നിഹാരി, ദോ നംകീന്‍.’ ഓര്‍ഡറെടുത്തു കിച്ചണിലേയ്ക്ക് നടന്നുവരുന്ന വഴിയേ മൊസാംഅലി വിളിച്ചു പറഞ്ഞു.

വിന്ധ്യഹിമാചല യമുനാഗംഗാ,

- ഉസ്മാനു പകരം തൌഫീക്ക് നിഹാരിയും നംകീനും പ്ലേറ്റുകളില്‍ പകര്‍ന്നുവച്ചു. ചെറിയ ചൂരല്‍കൂടകളില്‍ പേപ്പര്‍ വിരിച്ചു മൂന്നു റൊട്ടി അടുക്കിവയ്ക്കുകയും ചെയ്തു.

ഉച്ഛലജലധിതരംഗാ,

- ‘ഏയ് തീന്‍ റൊട്ടി ഓര്‍’

തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,

- ശ്വാസം അയയുകയും മിഴികള്‍ സാന്ദ്രമാവുകയും ചെയ്യുന്നപ്പോഴാണ്. ഗാനം ഒരു തേങ്ങലോ താ‍രാട്ടോ ആയി മാറുന്നുണ്ട്. ഉസ്മാനു് ഉമ്മയെ ഓര്‍മ്മ വരും.

ഗാഹേ തവജയഗാഥാ,

- ഒരു തളര്‍ച്ചയില്‍ നിന്നുണരുവാന്‍ ശ്രമിച്ചുള്ള ഒരു കുതിപ്പാണു തുടര്‍ന്നങ്ങോട്ട്…

ജനഗണമംഗലദായക ജയഹേ

- ആ ജയഹേ അവസാനിക്കുന്നതു് ഒരു നോവിലാണെന്നാണ് ഉസ്മാനെപ്പോഴും തോന്നാറ്. സ്വാതന്ത്ര്യസമരകാലത്തെ കുറിച്ചു പത്താംതരത്തിലെ ചരിത്രപുസ്തകത്തിലെ അറിവേ ഉസ്മാനുള്ളൂ.

ജന ഗണ മംഗല ദായക എന്നിങ്ങനെ അധികഭാരം കയറ്റിയ വണ്ടി പോലെയാവണം ആ സമരം വേദനയോടെ ഇഴഞ്ഞു നീങ്ങിയിരുന്നത്, ഒടുവില്‍ ജയഹേ എന്ന ചൊല്ലലില്‍ ലോകത്തിലെ സര്‍വ്വ ദുഃഖവും ഒളിച്ചിരിക്കുന്നുണ്ടെന്നു് അയാള്‍ക്കു തോന്നുമായിരുന്നു. ഉസ്മാന്റെ കണ്ണുകള്‍ നിറയുകയും ചുണ്ടുകള്‍ വിറയ്ക്കുകയും ചെയ്യും. ആ നോവിന്റെ കെട്ടുപൊട്ടിച്ചു ഏ.എല്‍.പി സ്കൂളിലെ എല്ലാ കുട്ടികളുടെ ഒച്ചയേക്കാള്‍ ഉയര്‍ത്തില്‍ വാശിയോടെ ഉസ്മാന്‍ ചൊല്ലി:

‘ഭാരത ഭാഗ്യവിധാതാ’

- പിന്നെയങ്ങോട്ടു ചങ്ങലകള്‍ അഴിയുന്നതിന്റെ, ഹൃദയം നിര്‍മ്മലമാകുന്നതിന്റെ താളത്തില്‍

ജയഹേ…
ഒരിക്കല്‍ കൂടെ ജയഹേ
പിന്നെയും ജയഹേ…
ജയ ജയ ജയ

- ഉസ്മാന്‍ കെട്ടുപൊട്ടിച്ചു പറക്കുന്ന പട്ടമായി… ജയഹേ. ആ‍കാശത്തിലേയ്ക്ക്, ആകാശത്തിലേയ്ക്ക്.

ഉസ്മാന്റെ കൈമുറുകെപ്പിടിച്ചു ഗുലാം അവനെ ഒരു മൂലയ്ക്കിരുത്തി. അവനു കുടിക്കുവാന്‍ പാലില്‍ സെവനപ്പ് കലര്‍ത്തിക്കൊടുത്തു. തന്തൂരില്‍ നിന്നു അധികമായി കരിഞ്ഞുപോയ രണ്ടു റൊട്ടിയെടുത്തു അയാള്‍ പിന്നെ കച്ചറയിലേയ്ക്കിട്ടു.

തൌഫീക്ക് ഉസ്മാന്റെ ഫോണെടുത്തു നോക്കുകയുണ്ടായി, അതില്‍ നിന്നു ജനഗണമന ഒഴുകി വരുന്നുണ്ടായിരുന്നില്ല. അയാളതു ചെവിയോടു ചേര്‍ത്തുപിടിച്ചു. ഉസ്മാന്‍ ഉറങ്ങിപ്പോയി.

‘ഉമ്മാ, ഉപ്പാന്റെ ഖബറ് ഇരിക്ക്യണ മൂലേലൊരു മാവ് വെയ്ക്കണം. ഗോമാവ് മതി. നല്ല പുളിയുള്ളത്, ഉപ്പായ്ക്കു മാത്രം അറിയുന്ന തരങ്ങള്‍, പെട്ടെന്നു പഴുത്തളിഞ്ഞു പോകാത്തതു്, പുഴുകയറാത്തതു്.’

മാങ്ങാക്കച്ചവടക്കാരന്‍ ഹസ്സന്‍‌മാപ്പിളയുടെ ഇഴുകിയ ജഡം, പുഴുവന്നു നിറഞ്ഞത്, മുളങ്കാട്ടില്‍ നിന്നു് ഏറ്റിക്കൊണ്ടുവരുവാന്‍ ആരുമുണ്ടായിരുന്നില്ല. ജഡത്തിന്റെ നെഞ്ചിനു കുറുകെ വടിവാള്‍ നാലുവട്ടം ഓങ്ങിയതിന്റെ പാടുണ്ടായിരുന്നു. ഒരു കലാപകാ‍ലത്തിന്റെ ഓര്‍മ്മയില്‍, ഷഹീദാകുവാന്‍ സ്വന്തമായി ഒരു ജഡം പോലുമില്ലാതെ ഹസ്സന്‍ മരിച്ചു കിടന്നു. കലാപഭൂമിയില്‍ നിന്നു് ഓടിപ്പോകുന്നവരുടെ ആദ്യത്തെ കൂട്ടത്തില്‍ ഉസ്മാനുണ്ടെന്നു് അയാള്‍ മരിക്കും മുമ്പ് ഉറപ്പുവരുത്തിയിരുന്നു.

‘ഉമ്മാ,’ ഉസ്മാന്‍ ഫോണില്‍ നിലവിളിച്ചു. പിന്നെ ഫോണ്‍ ഓഫ് ചെയ്തു പോക്കറ്റില്‍ വച്ചൂകൊണ്ടു അവന്‍ ഹോട്ടലിനു പുറത്തേയ്ക്കു നടന്നു.

രണ്ടു അറബി യുവാക്കള്‍ അവനെ വിളിച്ചു, ‘താല്‍’.

അവര്‍ അവനോടു കാറില്‍ കയറിയിരിക്കുവാ‍ന്‍ ആവശ്യപ്പെട്ടു. അവര്‍ അവന്റെ പോക്കറ്റില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അവര്‍ ചോദിക്കാതെ തന്നെ ഉസ്മാന്‍ തന്റെ വിസാപേപ്പര്‍ കാണിച്ചു കൊടുത്തു. അവരതുവാ‍ങ്ങി കാറിന്റെ സീറ്റിലേയ്ക്കു് അലസമായി വലിച്ചെറിഞ്ഞു.

ഉസ്മാനെ പിന്നീടാരും കണ്ടിട്ടില്ല.

ഉസ്മാന്റെ തിരോധാനമാണു വിഷയം. അതിനെ കുറിച്ചു് ഒരു ടീവി ചാനല്‍ അന്വേഷിച്ചെടുത്ത വിവരങ്ങളാണു തുടര്‍ന്നു പറയുവാന്‍ ഉദ്ദേശിക്കുന്നതു്. ഡോക്യുമെന്ററിക്കാരുടെ സ്റ്റോറിബോര്‍ഡില്‍ നിന്നു്:

ടൈറ്റില്‍ സ്ക്രോള്‍ ചെയ്തുതീരുമ്പോള്‍, ഹോട്ടലിന്റെ പേരെഴുതിയ നിയോണ്‍ ബോര്‍ഡിലേയ്ക്കു ക്യാമറ തിരിയുന്നു.

വോയ്സ്‌ഓവര്‍: ‘രണ്ടത്താണിക്കാരനായ ഉസ്മാന്‍ ജോ‍ലി ചെയ്തിരുന്നതു് ഈ ഹോട്ടലിന്റെ അടുക്കളയിലാണു്. നാടുവിട്ടു വരേണ്ടിവന്ന ഉസ്മാന്‍ ഇവിടെ എത്തിപ്പെട്ടതിന്റെ രേഖകള്‍ ഞങ്ങള്‍ക്കു കണ്ടെടുക്കുവാനായിട്ടില്ല. ഉസ്മാനെ അവസാനമായി കാണുന്നതു് ഈ ഹോട്ടലിനു മുമ്പില്‍ നിന്നാണെന്നു പറയപ്പെടുന്നു.’

സെപിയ ടോണിലുള്ള ഉസ്മാന്റെ ഒരു പഴയകാല ചിത്രത്തിലൂടെ ക്യാമറ കടന്നു പോകുന്നു. ഉസ്മാന്റെ കൌമാരകാലം. വോയ്സ്‌ഓവര്‍ തുടര്‍ച്ച:

‘ഉസ്മാന്‍, രണ്ടത്താണിയിലെ മദ്രസയില്‍ നിന്നു പഠനം, കലാപകാലത്തു് ഉസ്മാന്റെ പിതാവായ ഹസ്സന്‍ കൊല്ലപ്പെട്ടിരുന്നു. ആ സമയത്തെപ്പോഴോ ആയിരിക്കണം ഉസ്മാന്‍ നാടുവിട്ടു പോന്നിരിക്കുക.’

സ്റ്റാര്‍ട്ട്,

ആക്ഷന്‍ (ക്യാമറ റണ്ണിങ്):

ഒരു കാര്‍ വരുന്നു. അതില്‍ നിന്നിറങ്ങിയ ഒരാ‍ള്‍ ഉസ്മാനെ വിളിക്കുന്നു. ഉസ്മാന്‍ കാറിനടുത്തേയ്ക്കു നടന്നു ചെല്ലുന്നു. അനന്തരം അവന്‍ അവര്‍ക്കൊപ്പം കാറില്‍ കയറി അപ്രത്യക്ഷനാവുന്നു.

കട്ട്.

മറ്റൊരു സീനില്‍, ‘പ്രവാസഭൂമി’ എന്ന ഡോക്യുമെന്ററിക്കാരുടെ ടെലിക്യാമറയില്‍ മൊസാംഅലി പ്രത്യക്ഷപ്പെടുന്നു:

‘തൌഫീക്കും ഗുലാമും പാക്കിസ്താനില്‍ അവധിയിലാണു്. അവരങ്ങനെയാണു പെട്ടെന്നൊരു പോക്കായിരിക്കും, നല്ല പണിക്കാരായതുകൊണ്ടു തിരികെ വന്നാലും ജോലി ഉറപ്പാണല്ലോ.’ മൊസാംഅലി അനിഷ്ടം പ്രകടിപ്പിച്ചു.

‘അവര്‍ ആരാണു്?’ ക്യാമറയില്‍ പതിഞ്ഞിട്ടില്ലാത്ത ഒരു മുഖത്തില്‍ നിന്നുള്ള ഇടപെടല്‍.

‘അവരുണ്ടായിരുന്നെങ്കില്‍ ഉസ്മാനെക്കുറിച്ചു കൂടുതല്‍ അറിയുമായിരുന്നു. അവര്‍ പോയതിന്റെ രണ്ടാം ദിവസമാണല്ലോ ഉസ്മാന്‍ കാറില്‍ വന്ന രണ്ടു അറബികളുടെ ഒപ്പം കയറിപ്പോയതു്.’

മൊസാംഅലി ഇറങ്ങിപ്പോവുകയും, മറ്റൊരാള്‍ ദൃശ്യത്തിലേയ്ക്കു കടന്നുവരികയും ചെയ്തു.

‘ഓന്, എപ്പഴും ഫോണ്‍ വരായിരുന്നു. അറിയാത്ത ഏതോ‍ നമ്പറിന്ന്.’ ഉസ്മാനൊപ്പം ജോലി ചെയ്തിരുന്ന കുഞ്ഞിമൊയ്തീന്‍ സൂചിപ്പിച്ചു. ‘ആദ്യാദ്യം വിളിക്ക്യണോര് മിണ്ടണില്യാന്ന് ഓന്‍ പറഞ്ഞേര്‍ന്നൂ. പിന്നെ പറയും ഉമ്മ വിളിച്ചെന്ന്. ഓന്‍ ആരോടും മിണ്ടണത് ഇവിടാരും കണ്ട്‌ട്ടൂല്യാ.’

‘ആ ഫോണെവിടെ?’, ക്യാമറക്കണ്ണിലേയ്ക്ക് ഒരു മൈക്ക് അല്പാല്പമായി പ്രത്യക്ഷപ്പെട്ടു.

‘എനക്കറിയൂലാ.’ കുഞ്ഞിമൊയ്തീന്റെ ഉന്തിയപല്ലുകള്‍ക്കു മഞ്ഞനിറമാണെന്നു് മാത്രം കാഴ്ചക്കാര്‍ക്കു മനസ്സിലായേക്കും.

‘ഉസ്മാന്‍ ഫോണിലൊട്ടും സംസാരിച്ചിട്ടില്ല, എങ്കിലും മുടങ്ങാതെ ഉസ്മാനു കോളുകള്‍ വന്നിരുന്നെന്നും പറയപ്പെടുന്നു. അപ്പോള്‍ യഥാര്‍ഥത്തില്‍ ആ ഫോണില്‍ ആരാണു സംസാരിച്ചിരുന്നതു്?’

‘കട്ട്, കട്ട്. ആ ചോദ്യം സ്ക്രിപ്റ്റില്‍ ഇല്ലല്ലോ!’

സ്ക്രിപ്റ്റിലുള്ള ഡയലോഗിലേയ്ക്കു മടങ്ങിവരുന്നു: ‘ഉസ്മാന്‍, നീ എവിടെയാണെങ്കിലും മടങ്ങിവരിക. നിന്റെ പ്രിയപ്പെട്ടവര്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നു…’

ഹോട്ടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കു വോയ്സോവര്‍ ഒഴുകി വന്നു. അതിനു തുടര്‍ച്ചയായി ഉസ്മാന്റെ ചിത്രം ടീവിയില്‍ തെളിഞ്ഞു:

‘ഉസ്മാന്‍, പതിനെട്ടുവയസ്സ്, വെളുത്ത നിറം, നീണ്ട വിരലുകള്‍, സെവനപ്പ് ഒഴിച്ച പാല്‍ കുടിക്കുവാന്‍ കൊടുത്താല്‍ ഓക്കാനിച്ചേയ്ക്കും.’