Friday, January 9, 2009

ഹൃദയത്തിനു വേണ്ട ചില മാറ്റങ്ങൾ

അബ്ദുള്ളക്കുട്ടി ഓർക്കുന്നതു് അതൊന്നുമല്ല. ഇവിടെയിങ്ങനെ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൻകൂടിനു താഴെയുള്ള അരയിഞ്ചു ദ്വാരത്തിലൂടെ ഒലിച്ചുപോയ ചോരയായ ചോരയെക്കുറിച്ചെല്ലാമാണു്. ആദ്യത്തെ വീശിൽ നിന്നു ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറിയ നില്പിൽ തുളച്ചുകയറിയതാണു വരാലിന്റെ തിളക്കമുള്ള ഒരു വാൾ. ഒഴിഞ്ഞു മാറുന്നയിടങ്ങിളുടെ തുമ്പത്തു നിന്നു വേറെങ്ങോട്ടുമാറാൻ?

ഹൃദയത്തെ അതു രണ്ടായി മുറിച്ചിരിക്കും. അല്ലെങ്കിൽ വലിയൊരു തുളവീഴ്ത്തി സ്പോഞ്ചുപോലെ അനാവശ്യമായ വെറും ഇറച്ചിക്കഷ്ണം മാത്രമാക്കിയിരിക്കാം. അതിലൊന്നിലുമല്ല സങ്കടം, എത്ര അമർത്തിപ്പിടിച്ചതാണു് ആ മുറിവിൽ. എന്നിട്ടും വിരലുകളുടെ ചോർച്ചയിലൂടെ ചോര വാർന്നൊഴുകിപ്പോയി. വെട്ടിയിട്ടവൻ തലയ്ക്കു മുകളിലൂടെ മറ്റാരുടെയോ ഹൃദയത്തിനെയും ഇരതേടിപ്പോയി. എന്നാലും എത്ര തിളച്ചിരുന്ന ചോരയാണു്! വിറയ്ക്കുന്ന വിരലുകളോടു സഹതപിക്കാതെ വാർന്നിറങ്ങിപ്പോയതു എന്തിനായിരുന്നു?

ചോരയെന്തു ഉത്തരം പറയാൻ! കുഴഞ്ഞു നിലത്തുവീണ അബ്ദുള്ളക്കുട്ടിയുടെ ശരീരം മണ്ണിന്റെ കയ്പിൽ കരഞ്ഞുമറിയുകയാണു്. മുറിവു പറ്റുമ്പോൾ പുതിയ കോശങ്ങൾ ജനിച്ചു മുറിവുകൾ ഉണങ്ങുമെന്നു പഠിച്ചതല്ലേ ശരീരമേ നീയും?

ശരിയാണല്ലോ! അബ്ദുള്ളക്കുട്ടിയുടെ ഒപ്പം അവസാന ബഞ്ചിലെ നടുക്കഷ്ണത്തിൽ ഏഴാം ക്ലാസ് മുഴുവനും ജീവനോടെ കൂട്ടിരുന്ന ശരീരമല്ലേ.

ഉള്ളിലും പുറത്തും ചോര ആരെയും അനുസരിക്കില്ല അബ്ദുള്ളക്കുട്ടീ. അംബികക്കൊച്ചിനെ കെട്ടുമ്പോൾ ഉമ്മയെത്ര പറഞ്ഞു. ചോര കേട്ടുവോ അതുവല്ലതും?

അംബികക്കൊച്ചു ഇതെല്ലാം കണ്ടുവരുമ്പോൾ കലഹിക്കുമായിരിക്കും. ഒഴുകിപ്പോവാതെ അബ്ദുള്ളക്കുട്ടിയുടെ ജീവനും കാത്തിരുന്നൂടായിരുന്നുവോ അവന്റെ ചുവപ്പിന്റെ ചൂടേ? അംബികക്കൊച്ചിനു് എന്തറിയാൻ. മുറ്റം മുഴുവൻ ചിക്കിപ്പരത്താൻ സ്വാതന്ത്ര്യം കൊടുത്തിട്ടു പോലും ആ പിടക്കോഴിയമ്മ അംബികക്കൊച്ചു കൂട്ടിൽ മുളയുവാൻ ഒച്ചയിടുമ്പോൾ കേൾക്കാറുണ്ടോ? എന്നിട്ടാണു ചോര.

ശരീരമേ എന്നാലും നീയിങ്ങനെ ലോകത്തിലേയ്ക്കാകെ തുറന്നുവച്ച ഒരു മുറിവോടെ എന്നെ മരിപ്പിക്കാതെ മരിപ്പിക്കാതെയെന്നു അബ്ദുള്ളക്കുട്ടി കെഞ്ചി.

ശരീരം കൈമലർത്തി. ചോരയാണ്.

ചോരയെ എന്തിനു പറയണം! അല്ലെങ്കിലും മരിച്ചു കിടക്കുമ്പോൾ അബ്ദുള്ളക്കുട്ടി ആഗ്രഹിച്ചതു പോലെ ഹൃദയം നെഞ്ചിൻ‌കൂടിന്റെ തടവിനു പുറത്തായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേന്നെ. ശരീരത്തിനും പുറത്തു് - വരാലുകളെപ്പോലെ തിളങ്ങുന്ന വാളുകൾക്കു എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം.

അങ്ങനെയാണെങ്കിൽ തുടിക്കുന്ന ധമനികളോടെ നിന്നെപ്പേറുന്ന ഹൃദയം ജീവിക്കുന്ന ഒന്നാണെന്നു ചോരേ നീ വാളുകളോടു പറയുകയില്ലേ?

2 comments:

:: VM :: said...

ചോരത്തിളപ്പിന്റെ കഥ നന്നായി ;)

/ എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം./

അത് നല്ലതാ, പണ്ടു ഹനുമാഞിക്കു വരെ മാറു കീറി പൊളിക്കേണ്ടി വരുമായിരുന്നില്ല്ല, പോക്കറ്റീന്നു ശ്രീരാംജി+സീതാജിയുടെ ഒരു കളര്‍ ഫോട്ടോ എടുത്ത് (റഫറിയുടെ ചുവപ്പു കാര്‍ഡു പോലെ, ബസ്സിലെ കണ്‍സഷന്‍ പാസു പോലെ) എടുത്ത് കാണിച്ചു കൊടുത്താല്‍ മതിയായിരുന്നു..

പക്ഷേ ഒരു പ്രശ്നമുണ്ട്.. അതിലോലമായ തുണിക്കിടയിലൂടെ ആ ഹൃദയത്തിലെ സകല കള്ളത്തരവും ലോകം കാണില്ലേ?

ദൈവത്തിന്റെ വികൃതികള്‍ ;)

ഗുപ്തന്‍ said...

കഥ ഉദ്ദേശിച്ചിടത്ത് എത്തിയോ എന്നറിയില്ല. തീവ്രമായൊരു ചിത്രം വാക്കുകളില്‍ ഉണ്ട്.

നരേറ്ററിലോ കഥാപാത്രങ്ങളിലോ കുരുങ്ങിനില്‍കാതെ നിരന്തരം നിലപാട് മാറ്റുന്ന നാരറ്റീവ് വ്യൂപോയിന്റ് ..അതിഷ്ടപ്പെട്ടു.