Sunday, December 6, 2009

ഡിസംബര്‍ 6

ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു – യോഹന്നാന്‍ എഴുതിയ സുവിശേഷം.

ബൈബിളില്‍ ദാര്‍ശനികമായി ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന വരിയേതെന്നു ചോദിച്ചാല്‍ ചിലര്‍ക്കെങ്കിലും ഈ വരികള്‍ ഓര്‍മ്മവന്നേയ്ക്കും. അതിന്റെ വ്യാഖ്യാനങ്ങളിലേയ്ക്കു സമീപിക്കുന്നില്ല, കുറച്ചുദിവസം മുമ്പായിരുന്നു ഒരു സുഹൃത്തുമായി ഈ വരികളെ കുറിച്ചു സംസാരിച്ചതിന്റെ തുടര്‍ച്ചയായി ബൈബിള്‍ വായനയിലായിരുന്നു. അന്നൊരിക്കല്‍ തിരികെ വീട്ടിലേയ്ക്കു പ്രവേശിക്കുമ്പോള്‍ വീട്ടുടമസ്ഥ തനി പാലക്കാടന്‍ ഉച്ചാരണത്തില്‍ കൃസ്ത്യാനിയായോ എന്നു ചോദിക്കയുണ്ടായി.

‘നിങ്ങളെന്തിനാ ബൈബിള്‍ വെയ്ക്കണേ?’, ബൈബിളെന്നല്ല ഒട്ടുമിക്ക ആദ്ധ്യാത്മിക പുസ്തകങ്ങളും എന്റെ കൈവശമുണ്ടെന്നു ചിരിച്ചൊഴിയുവാന്‍ നോക്കിയപ്പോള്‍ അവര്‍ ആവേശത്തോടെ പറഞ്ഞു, ‘സായിബാബയെ കുറിച്ചു ബൈബിളിലുള്ളത് ഞാന്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്.’

തിരതള്ളിവന്ന നിരാശയും ഖേദവും പ്രകടിപ്പിക്കാതെ മുറിയിലേയ്ക്ക് വേഗം ഒഴിഞ്ഞുപോന്നു. പിന്നെ കുറച്ചു കഴിഞ്ഞെപ്പോഴോ വാതില്‍ക്കല്‍ അവരുടെ ശബ്ദം കേട്ടു. ഖുറാനുണ്ടോ? ഉവ്വെന്നു മറുപടി പറഞ്ഞപ്പോള്‍ ആവേശമായി. അതിലുമുണ്ടത്രെ സായിബാബയെ കുറിച്ച്. സ്ഥലസൗകര്യക്കുറവുമൂലം അടുത്തകാലത്തു നാട്ടിലേയ്ക്കു പുസ്തകങ്ങള്‍ തിരിച്ചയതില്‍ ഖുറാനും ഉള്‍പ്പെട്ടിരുന്നു. എന്നിരുന്നാലും ആവേശം ഒട്ടും കുറയാതെ ബൈബിള്‍ വന്നെടുത്തു് അവര്‍ അടയാളപ്പെടുത്തി വച്ചിരുന്ന ഭാഗം കാണിച്ചു തന്നു. ‘വെളിപാടുകളിള്‍’ യേശുവിനെ വിവരിക്കുന്ന ചില വരികള്‍ ആള്‍ദൈവത്തിന്റെ വര്‍ണ്ണനകളോടു സാമ്യപ്പെടുന്നു. ‘എന്തൊരു അത്ഭുതം അല്ലേ?’ അവര്‍ വീണ്ടും അതിശയപ്പെടുന്നു.

അവര്‍ കൈയ്യേറിയ ബൈബിള്‍ താളുകളില്‍ ഗ്രാഫൈറ്റിന്റെ നരച്ചനിറത്തില്‍ മതപരമായ അസഹിഷ്ണുത വെളിപ്പെട്ടുകിടക്കുന്നു. കര്‍സേവകരെയും സംഘ്പരിവാറിനെയുമൊക്കെയാണു് ഓര്‍മ്മ വന്നതു്. ഒരര്‍ത്ഥത്തില്‍ വരികള്‍ക്കു കീഴെ പെന്‍സിലോടിച്ചു അവര്‍ അടയാളപ്പെടുത്തിയെടുക്കുന്നതു സ്വയം ആവര്‍ത്തിക്കുവാന്‍ ചരിത്രത്തിനുള്ള ക്രൂരമായ ഇച്ഛയെയാണു്.

Ps: കേരളം കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളായ കശുവണ്ടി, കുരുമുളക്, കമ്യൂണിസം എന്നിവയ്ക്കൊരു ദോഷമുണ്ട്, സാധാരണക്കാരില്‍ സാധാരണക്കാരനു ഇവയെക്കൊണ്ടൊന്നും വലിയ ഉപകാരമില്ല, ഉപയോഗത്തിനായി നോക്കുമ്പോള്‍ കിട്ടാന്‍ വലിയ വിലയും കൊടുക്കേണ്ടിവരുന്നു.

ഒരു കഷ്ണം റബ്ബര്‍ കൊണ്ടു് ഇന്നല്പം ഉപയോഗമുണ്ട്, കേരളത്തിനു സ്തുതി!