Wednesday, March 25, 2009

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും

ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ ‍, എഴുതി; ‘ബാബറി മസ്‌ജിദ്’.

സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു.   അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍

തിരുത്ത്, എന്‍ എസ് മാധവന്‍

ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്‌റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു്‌ എഴുതി തുടങ്ങിയത്. സുഹ്‌റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!

ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.

അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ്‌ എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്‌.

വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.

50 comments:

suraj::സൂരജ് said...

അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാതമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.

- ഈ വേദനകള്‍ക്ക് ഒരു ഒടുക്കമുണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്, ഒരു ഒപ്പ്.

നാടിനെ തീവ്രവാദങ്ങളിലേക്കും ജാതിമതപ്രാദേശിക ഭേദഭാവത്തിലേയ്ക്കും തള്ളിവിടുന്ന യഥാര്‍ത്ഥഭീകരരെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ എന്റെ രാജ്യത്തിനു ചുണയുണ്ടാവട്ടെ.

വിശാഖ്ശങ്കര്‍ said...

“അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാതമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.“

കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ വന്ന തിരുത്ത് ഇതിനുമപ്പുറത്തേയ്ക്ക് പോകുന്നുണ്ടെന്‍ തോന്നുന്നു.നിസ്കാരത്തഴമ്പുള്ളവന്റെ രാഷ്ട്രീയസ്വത്വം നിര്‍ണ്ണയിക്കുന്നത് മദിനിയും, ആരിഫലിയുമൊക്കെയാണെന്ന ഇടത്, വലത് മുന്നണിഭേദമില്ലാത്ത തിരുത്ത് ഒരു മുസല്‍മാനിലുണ്ടാക്കാവുന്ന വേദന ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലേ?

രാജ് said...

വിശാഖ്ജി, പ്രാഥമികമായി നമ്മള്‍ തിരുത്തു വായിച്ചുകൊണ്ടിരുന്നത് ചുല്യാറ്റിന്റെ ഒരു ആംഗിളിലൂടെ ആയിരുന്നല്ലോ. ചുല്യാറ്റിന്റെ തിരുത്തായിരുന്നു നമുക്ക് തിരുത്ത്. എന്നാല്‍ സുഹറ എന്ന മുസ്ലീം പെണ്‍കുട്ടിക്ക് ബാബറിമസ്ജിദ് എന്നു്‌ എഴുതാന്‍ പറ്റാതാക്കിയ സംഭവം കൂടിയാണ്‌ ബാബറിമസ്ജിദിന്റെ തകര്‍ച്ച. ആ വായനയില്‍ ഒരു തിരുത്ത് വേണം ചൂണ്ടിക്കാട്ടുകയായിരുന്നു ഞാന്‍.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പൊതുവെ മുസ്ലീം സമൂഹത്തിന്റെ അവസ്ഥ വിശാഖ് എഴുതിയതു തന്നെയല്ലേ?

ജയരാജന്‍ said...

“വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക” എനിക്കും വേറൊന്നും പറയാനില്ല...

Anonymous said...

ശ്രീരാമസേന,ബജ്‌രംഗദള്‍,വിച്ച്‌പി,ശിവസേന,വരുണ്‍ഗാന്ധി എന്നിവരും ബിജെപിയും തമ്മില്‍ യാതൊരു വെത്യാസവും ഇല്ലാത്തതുകൊണ്ട്‌,

ബി.ജെ.പിക്ക്‌ എതിരെ വോട്ടു ചെയ്യുക.

പരാജിതന്‍ said...

ബിജെപി യുടെ കുടിലോദ്ദേശ്യങ്ങള്‍ മനസ്സിലാക്കാന്‍ വൈകുന്തോറും നമ്മുടെ (നാടിന്റെ) ഭാവി ആലോചിക്കാന്‍ അസാദ്ധ്യമായ വിധം ക്രൂരമായിപ്പോകുമെന്നു ആനന്ദ് എഴുതി, 2002-ല്‍. ഇലക്ഷന്‍ കാലത്തെങ്കിലും ഓരോ ഇന്ത്യാക്കാരനും സ്വയം ഓര്‍‌ക്കേണ്ടതും മറ്റുള്ളവരെ ഓര്‍‌മ്മിപ്പിക്കേണ്ടതുമായ സംഗതി. ഈ ഓര്‍‌മ്മിപ്പിക്കലിനു നന്ദി, രാജ്.

ശ്രീഹരി::Sreehari said...

തുളസി കക്കാട്ട് പറഞ്ഞതിന്റെ കീഴെ എന്റെ ഒരു ഒപ്പ്

mirchy.sandwich said...

ഇസ്ലാമിനു വേണ്ടിയുള്ള ജിഹാദാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നു സഖാവെ ടി കെ ഹംസ പ്രസംഗിച്ചതു അറിഞ്ഞില്ലേ.ഹമീദ് ചേന്നമങ്ഗലൂര്‍ ചോദിച്ചതുപോലെ ‘പാര്‍ലമെന്ററി വ്യാമോഹത്തിന്റെ നീര്‍ച്ചുഴിയില്‍ പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ വേണ്ടി ജിഹാദും എ പി സുന്നിബന്ധവും പൊലിപ്പിച്ചു കാട്ടുമ്പോള്‍ മാര്‍ക്‌സിന്റെ പേരിലുള്ള പാര്‍ട്ടിയെ നയിക്കുന്നവര്‍ എന്തെടുക്കുകയാണ്‌? അവരും തീരുമാനിച്ചോ മാര്‍ക്‌സിസം വേണ്ട, ഇസ്ലാമിസം മതിയെന്ന്‌?

ദസ്തക്കിര്‍ said...

ഞാനും പറയുന്നു, നന്ദി സാര്‍

വടക്കൂടന്‍ | Vadakkoodan said...

ബിജെപി മാത്രമാണോ കുറ്റക്കാര്‍? സംഗതി അവരായിട്ടാണ് തുടങ്ങി വച്ചതെങ്കിലും ആ പാരമ്പര്യം ഇപ്പോള്‍ എല്ലാവരും പിന്തുടരുകയല്ലേ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ പോലും ജാതിയും ഉപജാതിയും നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന, സ്വന്തം മുന്നണിയേക്കാള്‍ മദനിയെ സ്നേഹിക്കുന്ന, ഈ കാലത്ത് ബിജെപിയെ മൂര്‍ഖന്‍ എന്ന് വിളിക്കുമ്പോള്‍ എല്ലാവരും വിഷസര്‍പ്പങ്ങളാണെന്നത് മറക്കാമോ? ബിജെപി ഒരു സീറ്റ് പോലും നേടിയിട്ടില്ലാത്ത കേരളത്തില്‍ പോലും സുഹറമാര്‍ക്ക് തര്‍ക്കമന്ദിരം എന്നെഴുതേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ബിജെപിയെ ഒഴിവാക്കിയാല്‍ മാത്രം തീരുന്ന പ്രശ്നമല്ല ഇത് - അക്കാലം പത്ത് പതിനഞ്ച് കൊല്ലം മുന്‍പായിരുന്നു. ഇന്നത് ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്ന് എല്ലാ പാര്‍ട്ടികളേയും പിടികൂടിയിട്ടുണ്ട്. ജനങ്ങളുടെ മൈന്‍ഡ് സെറ്റ് മാറണം, എങ്ങനെ എന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തിക്കാണിക്കാനേ എനിക്കറിയൂ. വിദ്യാഭ്യാസം ഒരു പരിഹാരമാണെന്ന് പണ്ട് തോന്നിയിരുന്നു; പക്ഷേ ഉന്നത വിദ്യാഭ്യാസം നേടിയ പല മതതീവ്രവാദികളേയും കണ്ടപ്പോള്‍ മനസിലായി വിദ്യാഭ്യാസം കൊണ്ട് മാത്രം മനുഷ്യന്‍ നന്നാവണമെന്നില്ലെന്ന്.

btw, ബിജെപിയെ മാറ്റി നിര്‍ത്തണം എന്നതിനോട് നൂറ്റൊന്ന് ശതമാനം ഞാനും യോജിക്കുന്നു. (ഇത് എടുത്ത് പറഞ്ഞില്ലെങ്കില്‍ ചിലരെങ്കിലും എന്നില്‍ പരിവാര്‍ ആരോപിച്ചേക്കും എന്ന് തോന്നി)

രാജ് said...

ബി.ജെ.പിയെ തിരസ്കരിക്കുന്നതു വർഗ്ഗീയവാദത്തേയും വർഗ്ഗീയപ്രീണനങ്ങളെയും തിരസ്കരിക്കുന്നതിന്റെ ശക്തമായ തെളിവായി അവശേഷിച്ചാൽ മറ്റു വിഷസർപ്പങ്ങളുടെ പല്ലുകൊഴിയേണ്ടതാണ് വടക്കൂടൻ.

Siju | സിജു said...

ഒഴിവാക്കേണ്ടിയിരുന്ന പല ചെറിയ ചെറിയ തെറ്റുകളുടേയും പരിണിതഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു വലിയ തെറ്റല്ലേ ഭാരതീയ ജനതാ പാര്‍ട്ടി?
എങ്കിലും ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഭാജ്പ ഒഴിവാക്കേണ്ടവയില്‍ ഒന്നാം സ്ഥാനത്ത് തന്നെ..

പി‌എസ്: തിരുത്ത് വായിച്ചിട്ടില്ല. ഈ വര്‍ഷത്തെ പുസ്തകലിസ്റ്റില്‍ പെടുത്താം

അനില്‍ശ്രീ... said...

എനിക്കെന്റെ മുസ്ലിം സഹോദരന്റെ വീട്ടില്‍ ചെന്ന് അവനെ കാണാനുള്ള അനുവാദം മറ്റാരെങ്കിലും തരുന്ന ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍, എനിക്ക് അവനോട് സംസാരിക്കാന്‍, അവന്റെ പെങ്ങള്‍ക്ക് എന്നോട് സംസാരിക്കാന്‍, എന്റെ സഹോദരിക്ക് അവനോട് സംസാരിക്കാന്‍ ... ബി.ജെ.പിയെ ഒഴിവാക്കിയാലേ പറ്റൂ..

രാജ്... ഞാനും യോജിക്കുന്നു...

Sebin Abraham Jacob said...

അല്ല രാജ്,

അമ്പലത്തില്‍ പോകുന്ന ഹിന്ദുവിനെ ആരാണു് സംഘാനുഭാവിയെന്നു് വിശേഷിപ്പിച്ചതു്? അതൊരു ഇല്ലാഭയമല്ലേ? മാര്‍ക്സിസ്റ്റുകാര്‍ ഭരിക്കുന്ന ക്ഷേത്രക്കമ്മറ്റികളും ഇന്നാട്ടില്‍ തന്നെയല്ലേ ഉള്ളതു്? അതേ സമയം ശശികലച്ചേച്ചിയുടെയും നമ്പൂതിരിസാറിന്റെയുമൊക്കെ മതപ്രഭാഷണം കേള്‍ക്കാന്‍ സ്ഥിരമായി പോകുന്നവരെ അക്കൂട്ടത്തില്‍ കൂട്ടാനൊക്കുമോ? അതു് അത്ര നിഷ്കളങ്കമായ പോക്കാണെന്നു് കരുതുന്നുണ്ടോ? എന്തെഴുതുമ്പോഴും ചില ബാലന്‍സിങ് ആക്ടുകള്‍​ബോധപൂര്‍വ്വം നടത്തേണ്ടി വരുന്നതു് ഗുജറാത്ത് അനന്തര കാലത്തെ ഇന്ത്യന്‍ അവസ്ഥയാണല്ലേ?

suraj::സൂരജ് said...

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ പോലും ജാതിയും ഉപജാതിയും നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന, സ്വന്തം മുന്നണിയേക്കാള്‍ മദനിയെ സ്നേഹിക്കുന്ന, ഈ കാലത്ത് ബിജെപിയെ മൂര്‍ഖന്‍ എന്ന് വിളിക്കുമ്പോള്‍ എല്ലാവരും വിഷസര്‍പ്പങ്ങളാണെന്നത് മറക്കാമോ?"

ഏത് പരിതസ്ഥിതിയിലാണ് മഅദനി എന്ന "തീവ്രവാദി" ഉണ്ടായതെന്നും ഏതേത് പരിതസ്ഥിതികളിലാണ് മഅദനി എന്ന "മിതവാദി" ഉണ്ടായതെന്നും അന്വേഷിച്ചാല്‍ വടകൂടന്‍ മാഷിന്റെ സംശയം മാറിക്കിട്ടും. ന്യൂനപക്ഷങ്ങളെ ഭീകരരും അപരസ്വത്വക്കാരുമാക്കി അരക്ഷിതാവസ്ഥകളിലേക്കു തള്ളിവിടുമ്പോഴും പട്ടാപ്പകല്‍ സംഘപരിവാരികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഇടിച്ചുനിരത്തലുകള്‍ക്കും "ഭീകരത" എന്ന പേരുണ്ടാവുന്നില്ല. ഈ രാജ്യത്ത് ആയിരങ്ങളുടെ കുരുതിക്ക് കാരണക്കാരനായ ഒരു മനുഷ്യന്‍ ഒരു സംസ്ഥാനത്തെ വിഭജിച്ച് ഗെറ്റോകളുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും ഭരിക്കുന്നു. ഒരു പുരാതന പള്ളി ഇടിച്ചു നിരത്താന്‍ കര്‍സേവ നടത്തിയ വേറൊരുത്തന്‍ പ്രധാനമന്ത്രിയാവാന്‍ ഉടുപ്പും തുന്നി നടക്കുന്നു. ഇതൊന്നും ഭീകരപ്രവര്‍ത്തനമല്ലാതെയാവുകയും അപ്പുറത്ത് "ബോംബു വച്ചു", "ഐ.എസ്.ഐ ബന്ധം", "പൊട്ടിത്തെറിച്ചു", "നുഴഞ്ഞുകയറി" എന്നീ വാക്കുകള്‍ക്കു ചുറ്റും കുറേ മുസ്ലീം നാമധേയങ്ങള്‍ ചേര്‍ത്തുവച്ചാല്‍ അത് "ഭീകര"ന്മാരെപ്പറ്റിയുള്ള അന്വേഷണാത്മക ഉഡായിപ്പ് റിപ്പോര്‍ട്ടാവുകയും ചെയ്യുന്ന രാഷ്ട്രീയ പരിസരത്തു നിന്നാണ് മഅദനിമാര്‍ ഇസ്ലാമിക സ്വയം സേവക സംഘവും കൊണ്ട് ഇറങ്ങേണ്ടിവരുന്നത്.

"എല്ലാരും വിഷ സര്‍പ്പങ്ങള്‍" എന്നുപറഞ്ഞ് പരത്തിയടിക്കുമ്പോള്‍ ഇല്ലാതാവുന്നത് കാര്യത്തിനും കാരണത്തിനും ഇടയ്ക്കുള്ള വരമ്പാണ്- ഒപ്പം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളും. അന്യവല്‍ക്കരണത്തിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും "ഗെറ്റോ" പരിസരത്തു നിന്നും മതകീയസ്വത്വത്തിനുപരിയാണ് രാഷ്ട്രീയ സ്വത്വം എന്ന് പ്രഖ്യാപിച്ചുകൊണ്ട് മഅദനിമാര്‍ മുഖ്യധാരയിലേക്കും പൊതുരാഷ്ട്രീയ പ്രക്രിയയിലേക്കും ഇറങ്ങിവരാന്‍ തുടങ്ങുമ്പോള്‍ വേണ്ട അണ്ണാ, അണ്ണന്‍ അവിടിരുന്നു വര്‍ഗ്ഗീയം പ്രസംഗിച്ച് കാലക്ഷേപം ചെയ്തോ, ഞങ്ങള് ഇവിടെ വേറെ രാഷ്ട്രീയം കളിച്ചോളാം എന്നു പറയുന്ന മനസ്ഥിതിയെ വിളിക്കാവുന്ന കൃത്യമായ പേരാണ് "മൃദു ഹിന്ദുത്വ" എന്നത്. ആ 'മുട്ട'യില്‍ നിന്നു തന്നെയാണ് മോഡിയെയും വരുണ്‍ഗാന്ധിയെയും അഡ്വാനിയെയും പോലുള്ള കരിമൂര്‍ഖന്മാരു വിരിഞ്ഞുവരുന്നത്.

rishee said...

"-- അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്ക..."

അമ്പലത്തില്‍ പോവുന്ന ഹിന്ദു എന്നാണ് സംഘിയാണെന്ന് മുദ്രകുത്തപ്പെട്ടുതുടങ്ങിയത് ? ദേവസ്വം ബോര്‍ഡുകളിലും ആരാധനാലയങ്ങളിലെ അസംഖ്യം കമ്മറ്റികളിലും പ്രവര്‍ത്തിക്കുന്ന എത്രയോ ആര്‍.എസ്.എസ്സിതര രാഷ്ട്രീയക്കാരുണ്ട്. ആര്‍ക്കാണ് സംഘപരിവാരമല്ലെന്ന് തെളിയിക്കേണ്ട ദുരവസ്ഥ വന്നത് ? ചേര്‍ത്തുകെട്ടലുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെയായാല്‍ ആഹ്വാനങ്ങളില്‍ താനേ ആത്മാര്‍ത്ഥത വന്നു ചേരും.

മുംബായ് ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് ഒരു ഇലക്ഷനു നില്‍ക്കുന്നതിനു തുല്യമാണ് അദ്വാനിയും നരേന്ദ്രമോഡിയും തുറുങ്കിലടയ്ക്കപ്പെടാതെ പൊതുരംഗത്ത് നില്‍ക്കുന്നതു എന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ വരുന്ന കാലത്തേ ബാലന്‍സിങ്ങുകള്‍ പൂര്‍ത്തിയാവൂ.

രാജ് said...

ഋഷീ,

ഇസ്ലാം ഇസ്ലാമിസ്റ്റുകളുടെ മുഖമുദ്രയാകുന്നതും ഹിന്ദുത്വം സംഘ്പരിവാർ പോലുള്ളവരുടെ മുഖമുദ്രയാകുന്നതിനെയുമാണ് സമീപിക്കുവാൻ ശ്രമിച്ചിരിക്കുന്നത്. ആർ.എസ്.എസ് എന്ന വിശേഷണത്തേക്കാൾ എത്രയോ ദുരിതം പിടിച്ച വിശേഷണമാണ് അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലീമിനുണ്ടാവുന്നത്. ശാഖ, സംഘ്പരിവാരിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ വലിയ ഞെട്ടലൊന്നുമില്ലാതെയാണ് ഇപ്പോഴും സമൂഹം കണ്ടുനിൽക്കുന്നതും. അതേ സമൂഹം പള്ളിയിൽ പോകുന്ന ഇസ്ലാമിനെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു. സമകാലിക ഇന്ത്യ ഇത്രയുമൊക്കെയാണ് എന്നറിഞ്ഞിട്ടു തന്നെയാണ് മേൽ കുറിപ്പെഴുതിയതും.

ഹൈന്ദവ അസ്തിത്വവും മുസ്ലീം അസ്തിത്വവും തീവ്രവാദികൾ സിമ്പൊലൈസ് ചെയ്യുന്നതിന്റെ ദുരവസ്ഥയെയാണ് ചേർത്തുകെട്ടാൻ ശ്രമിച്ചത്. സ്വന്തം മതത്തെ ഭയത്തോടെ ഒളിപ്പിക്കുവാൻ ശ്രമിക്കുന്ന ഇന്ത്യൻ മുസ്ലീമിന്റെ അവസ്ഥയെ നിരാകരിക്കുവാൻ ‘അമ്പലങ്ങളിൽ പോകുന്ന ഹിന്ദുക്കളെയും ആർ.എസ്.എസ് എന്നു കരുതി ആക്ഷേപിക്കുന്നതു കണ്ടോ!’ എന്നതരം ചേർത്തുകെട്ടൽ ഉദ്ദേശിച്ചിട്ടില്ല.

ഹു :: Hu said...

>>ഏത് പരിതസ്ഥിതിയിലാണ് മഅദനി എന്ന "തീവ്രവാദി" ഉണ്ടായതെന്നും ഏതേത് പരിതസ്ഥിതികളിലാണ് മഅദനി എന്ന "മിതവാദി" ഉണ്ടായതെന്നും അന്വേഷിച്ചാല്‍ വടകൂടന്‍ മാഷിന്റെ സംശയം മാറിക്കിട്ടും. ന്യൂനപക്ഷങ്ങളെ ഭീകരരും അപരസ്വത്വക്കാരുമാക്കി അരക്ഷിതാവസ്ഥകളിലേക്കു തള്ളിവിടുമ്പോഴും പട്ടാപ്പകല്‍ സംഘപരിവാരികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഇടിച്ചുനിരത്തലുകള്‍ക്കും "ഭീകരത" എന്ന പേരുണ്ടാവുന്നില്ല.

*സംഘ പരിവാര്‍ അക്രമങ്ങള്‍ക്ക് "ഭീകരത" എന്ന പേരുണ്ടാവുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് എതിര്‍ വിഭാഗത്തിന്റെ അക്രമസംഭവങ്ങള്‍ പിന്തുണക്കാവുന്നതായി മാറുമൊ സൂരജെ. സംഘപരിവാറിന്റെ അക്രമ പ്രവര്‍ത്തനങ്ങളെ "ഭീകരത"യായി തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്.


>>ഈ രാജ്യത്ത് ആയിരങ്ങളുടെ കുരുതിക്ക് കാരണക്കാരനായ ഒരു മനുഷ്യന്‍ ഒരു സംസ്ഥാനത്തെ വിഭജിച്ച് ഗെറ്റോകളുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും ഭരിക്കുന്നു. ഒരു പുരാതന പള്ളി ഇടിച്ചു നിരത്താന്‍ കര്‍സേവ നടത്തിയ വേറൊരുത്തന്‍ പ്രധാനമന്ത്രിയാവാന്‍ ഉടുപ്പും തുന്നി നടക്കുന്നു.

*ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് അമ്പലം പൊളിച്ചോ, അതല്ലെങ്കില്‍ കുറെ ഹിന്ദുക്കളെ കൊന്നൊടുക്കിയോ ആണെന്ന് കരുതുന്നുണ്ടോ?(ആരു പൊളിച്ചു ആരു കൊന്നു എന്നൊന്നും ചോദിച്ചേക്കല്ലെ. അങ്ങിനെ കരുതുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം.)

>>ഇതൊന്നും ഭീകരപ്രവര്‍ത്തനമല്ലാതെയാവുകയും അപ്പുറത്ത് "ബോംബു വച്ചു", "ഐ.എസ്.ഐ ബന്ധം", "പൊട്ടിത്തെറിച്ചു", "നുഴഞ്ഞുകയറി" എന്നീ വാക്കുകള്‍ക്കു ചുറ്റും കുറേ മുസ്ലീം നാമധേയങ്ങള്‍ ചേര്‍ത്തുവച്ചാല്‍ അത് "ഭീകര"ന്മാരെപ്പറ്റിയുള്ള അന്വേഷണാത്മക ഉഡായിപ്പ് റിപ്പോര്‍ട്ടാവുകയും ചെയ്യുന്ന രാഷ്ട്രീയ പരിസരത്തു നിന്നാണ് മഅദനിമാര്‍ ഇസ്ലാമിക സ്വയം സേവക സംഘവും കൊണ്ട് ഇറങ്ങേണ്ടിവരുന്നത്.

* ബെസ്റ്റ് അപ്പോ അതാണതിനുള്ള പ്രധിവിധി.

>>"എല്ലാരും വിഷ സര്‍പ്പങ്ങള്‍" എന്നുപറഞ്ഞ് പരത്തിയടിക്കുമ്പോള്‍ ഇല്ലാതാവുന്നത് കാര്യത്തിനും കാരണത്തിനും ഇടയ്ക്കുള്ള വരമ്പാണ്- ഒപ്പം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളും. അന്യവല്‍ക്കരണത്തിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും "ഗെറ്റോ" പരിസരത്തു നിന്നും മതകീയസ്വത്വത്തിനുപരിയാണ് രാഷ്ട്രീയ സ്വത്വം എന്ന് പ്രഖ്യാപിച്ചുകൊണ്ട് മഅദനിമാര്‍ മുഖ്യധാരയിലേക്കും പൊതുരാഷ്ട്രീയ പ്രക്രിയയിലേക്കും ഇറങ്ങിവരാന്‍ തുടങ്ങുമ്പോള്‍ വേണ്ട അണ്ണാ, അണ്ണന്‍ അവിടിരുന്നു വര്‍ഗ്ഗീയം പ്രസംഗിച്ച് കാലക്ഷേപം ചെയ്തോ, ഞങ്ങള് ഇവിടെ വേറെ രാഷ്ട്രീയം കളിച്ചോളാം എന്നു പറയുന്ന മനസ്ഥിതിയെ വിളിക്കാവുന്ന കൃത്യമായ പേരാണ് "മൃദു ഹിന്ദുത്വ" എന്നത്. ആ 'മുട്ട'യില്‍ നിന്നു തന്നെയാണ് മോഡിയെയും വരുണ്‍ഗാന്ധിയെയും അഡ്വാനിയെയും പോലുള്ള കരിമൂര്‍ഖന്മാരു വിരിഞ്ഞുവരുന്നത്.

*അപ്പോ മഅദനിയെ മുഖ്യധാരയിലേക്കു കൈ പിടിച്ചു കൊണ്ടു വന്നതാണ് മാരകിസ്റ്റ് പാര്‍ട്ടി. അല്ലാതെ മുസ്ലീം വോട്ടില്‍ കണ്ണു വച്ചല്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം മുട്ടുന്യായങ്ങളല്ലെ സുഹൃത്തെ "മൃദു ഹിന്ദുത്വ" ക്കാരെ സംഘപരിവാര്‍ അനുഭാവികളാക്കി മാറ്റുന്നത്.

അണ്ണാ ഒരു ചോദ്യം കൂടി മഅദനി ഒരുപക്ഷെ കോണ്‍ഗ്രസ്സുമായായിരുന്നു ഈ സഖ്യം ഉണ്ടാക്കിയിരുന്നതെങ്കില്‍ അണ്ണന്‍ ഇതു തന്നെ പറയുമായിരുന്നോ?

Sebin Abraham Jacob said...

ഹൂ,

വിഷയം വഴിമാറിപ്പോകുന്നുവോ? മ്അദനി വിഷയത്തില്‍ മാരീചന്റെ പോസ്റ്റ് ഇവിടെ. പിഎം മനോജിന്റെ ബ്ലോഗിലും അതേക്കുറിച്ചു് പോസ്റ്റുകളും ചര്‍ച്ചകളുമുണ്ടു്.

വടക്കൂടന്‍ | Vadakkoodan said...

@സൂരജ്
“സ്വന്തം മുന്നണിയേക്കാള്‍ മദനിയെ സ്നേഹിക്കുന്ന” - ഇതിലാണല്ലോ താങ്കള്‍ കയറിപ്പിടിച്ചത്. “ഭീകരനായ മദനിയെ” എന്ന് ഞാന്‍ പറഞ്ഞോ? ഏതാനും വോട്ടുകള്‍ക്കായി ഘടകകക്ഷികളെ പോലും തഴഞ്ഞ് മദനിയെ കൂടെ നിര്‍ത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പാടുപെടുന്നതിനെയാണ് ഞാന്‍ അവിടെ പരാമര്‍ശിച്ചത്. അല്ലാതെ മദനി ഭീകരവാദിയാണെന്നോ (അല്ലെന്നോ) ഞാന്‍ പറഞ്ഞിട്ടില്ല, ഉദ്ദേശിച്ചിട്ടുമില്ല. മദനിയെ കൂടെ നിര്‍ത്തുന്നതിന്റെ ശരിതെറ്റുകള്‍ അല്ല മറിച്ച് മതവും രാഷ്ട്രീയവും കലക്കി അതില്‍ നിന്ന് മീന്‍ പിടിക്കുന്നതിന്റെ ശരിതെറ്റുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. താങ്കള്‍ എഴുതാപ്പുറം വായിച്ചത് എന്റെ കുറ്റമല്ല.

മദനിക്കെതിരെ സംസാരിക്കുന്നവരെല്ലാം മൃദുഹിന്ദുത്വത്തിന്റെ വക്താക്കളാണെന്ന് “പരത്തിയടിക്കുന്നതും” ശരിയല്ല.

തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മതകീയസ്വത്വത്തിനുപരിയാണ് രാഷ്ട്രീയ സ്വത്വം എന്ന് “പ്രഖ്യാപിച്ചത്” കൊണ്ട് മാത്രം മദനി സ്വീകാര്യനാകും എന്ന അഭിപ്രായവും എനിക്കില്ല. പക്ഷേ അതല്ല ഇവിടത്തെ വിഷയം - അതിനെ പറ്റി തര്‍ക്കിച്ചാല്‍ നമ്മള്‍ എവിടേയും എത്താനും പോണില്ല.

വിഷയം മാറ്റാന്‍ താല്‍പര്യമില്ല - എങ്കിലും മറുപടി പറയാതെ ഒഴിയുന്നത് ശരിയല്ലെന്ന് തോന്നി.

Anonymous said...

സെബിന്‍, ഹൂ വിനോട് പറയുന്നത് സൂരജിനോട് പറയുവാന്‍ സാധിക്കുന്നില്ലല്ലോ അല്ലേ? സൂരജിനുള്ള മറുപടി ആയിരുന്നു ഹൂവിന്റേതു. മോഡിയോടുള്ളതു മദനിയോട് പറയാന്‍ സാധിക്കാത്തതും ഈ അന്ധതയാണ്. മദനിയ്ക്കെതിരെ ഇപ്പോഴും അന്വേഷണമുണ്ട് എന്ന് മുഖ്യമന്ത്രി പറയുന്നത് എന്തുകൊണ്ടാണ്? അതൊന്നു വിശദീകരിക്കാമോ? അങ്ങിനെ ഇപ്പോഴും തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ഒരാളുമായി സ്റ്റേജില്‍ കയറി ഇരിക്കുവാന്‍ എന്നു മുതലാണ് ഇടതുപക്ഷ സഹയാത്രികര്‍ക്ക് തോന്നിത്തുടങ്ങിയതു?

Anonymous said...

മദനിക്കെതിരെ സംസാരിക്കുന്നവരെല്ലാം മൃദുഹിന്ദുത്വത്തിന്റെ വക്താക്കളാണെന്ന് “പരത്തിയടിക്കുന്നതും” ശരിയല്ല. - ചുരുക്കം പറഞ്ഞാല്‍ സിപി‌എം നെതിരെ സംസാരിക്കുന്നവര്‍ അതിപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയാലും ശരി മൃദുഹിന്ദുത്വത്തിന്റെ വക്താക്കളാണ്, അതിനു അമ്പലം വരെയൊന്നും പോണ്ട രാജേ.

suraj::സൂരജ് said...

വിഷയത്തില്‍ നിന്നും ഒരല്പം മാറുന്നതിനു രാജ് നീട്ടിയത്തിനോട് ക്ഷമാപണം. ഹൂവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി:

@ ഹു :: Hu,

സംഘ പരിവാര്‍ അക്രമങ്ങള്‍ക്ക് "ഭീകരത" എന്ന പേരുണ്ടാവുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് എതിര്‍ വിഭാഗത്തിന്റെ അക്രമസംഭവങ്ങള്‍ പിന്തുണക്കാവുന്നതായി മാറുമൊ സൂരജെ....ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് അമ്പലം പൊളിച്ചോ, അതല്ലെങ്കില്‍ കുറെ ഹിന്ദുക്കളെ കൊന്നൊടുക്കിയോ ആണെന്ന് കരുതുന്നുണ്ടോ?(ആരു പൊളിച്ചു ആരു കൊന്നു എന്നൊന്നും ചോദിച്ചേക്കല്ലെ. അങ്ങിനെ കരുതുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം.)

ബ്രാക്കറ്റിലിട്ടിരിക്കുന്ന ജാമ്യം തന്നെ ഉത്തരമായി വരും എന്ന് മുന്‍ കൂട്ടിയറിഞ്ഞ് ഓട്ടയടച്ച ബുദ്ധിക്കു സലാം ;)) പക്ഷേ എന്തുചെയ്യാന്‍ സുഹൃത്തേ അതില്‍ത്തന്നെയാണ് താങ്കള്‍ക്കുള്ള ഉത്തരവും. ബാബറിപൊളിക്കലുകളും ഗുജറാത്തുകളും മുംബൈകളും മറ്റസംഖ്യം നരവേട്ടകളും തുറന്ന സമൂഹത്തില്‍ പകല്‍വെളിച്ചത്തില്‍ നടത്തിയവര്‍ ഇന്നും വിചാരണകള്‍ക്കതീതരായി സമൂഹത്തില്‍ വോട്ടും തേടി ഇറങ്ങുന്നു. മാധ്യമ/സാമൂഹിക വിചാരണകള്‍ക്കതീതരായി പൊതുവേദികളില്‍ ആദരിക്കപ്പെടുന്നു. നേരാംവണമുള്ള ഒരു നിയമനടപടി പോലും നേരിടാതെ രക്ഷപ്പെടുകയും പിന്നെയും പിന്നെയും വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട് പ്രചരണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന രാജ്യത്ത് ഇസ്ലാമികഭീകരവാദത്തിനു ചുരുങ്ങിയ തോതിലെങ്കിലും ലോക്കല്‍ സപ്പോര്‍ട്ടുണ്ടാവുന്നതില്‍ എന്തതിശയം ? സംഘപരിവാരിന്റെ അതിക്രമങ്ങളെ ഭീകരതയായി കാണേണ്ടത് ഒറ്റയ്ക്കും തറ്റയ്ക്കും ജനവിഭാഗങ്ങളല്ല. ലഷ്കര്‍-ഇ-തയ്ബയ്ക്കും സിമിക്കും നേരെയുള്ള നടപടികളുടെ അതേ ആര്‍ജ്ജവം തന്നെ ഇവറ്റകള്‍ക്കെതിരെയും ഉണ്ടാവണം. ഭീകരാക്രമണകേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളോട് എന്താണോ രാജ്യത്തിന്റെ പ്രതികരണം, അതു തന്നെയാവണം തൊഗാഡിയമാരോടും വരുണ്‍ ഗാന്ധിമാരോടും നരേന്ദ്രമോഡിമാരോടും ലാല്‍ കൃഷ്ണമാരോടും മുത്തലിക്കുമാരോടുമൊക്കെ. ഭീകരവാദങ്ങളെ തൂക്കിനോക്കുന്ന ത്രാസുകള്‍ സന്തുലിതമാവുന്നതപ്പോഴാണ്.

പിന്നെ, മഅദനി ചെയ്തപോലെ ഇസ്ലാമിക സ്വയം സേവക സംഘവും കൊണ്ടിറങ്ങണം എന്നതാണ് ഹൈന്ദവഭീകരതയ്ക്കുള്ള പ്രതിവിധി എന്ന്‍ ഞാന്‍ പറഞ്ഞോ മാഷേ ? അതാണ് പ്രതിവിധി എന്നത് താങ്കളുടെ അതിവായനയാണ്. എന്റെ വായില്‍ തിരുകല്ലേ.

അപ്പോ മഅദനിയെ മുഖ്യധാരയിലേക്കു കൈ പിടിച്ചു കൊണ്ടു വന്നതാണ് മാരകിസ്റ്റ് പാര്‍ട്ടി. അല്ലാതെ മുസ്ലീം വോട്ടില്‍ കണ്ണു വച്ചല്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം മുട്ടുന്യായങ്ങളല്ലെ സുഹൃത്തെ "മൃദു ഹിന്ദുത്വ" ക്കാരെ സംഘപരിവാര്‍ അനുഭാവികളാക്കി മാറ്റുന്നത്.

'മഅദനി റീഹാബിലിറ്റേഷന്‍ പ്രോഗ്രാ'മല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്നത് എന്നാണ് എന്റെ അറിവ്. വോട്ടുകിട്ടാന്‍ തന്നെയാണ് പി.ഡി.പിയെ കൂട്ടുപിടിക്കുന്നതു സംശയമില്ല. അതുവഴി മഅദനിയും അയാളുടെ പ്രസ്ഥാനവും പൂര്‍വാശ്രമത്തില്‍ പ്രതിനിധീകരിച്ച 'തീവ്ര ഇസ്ലാമിസ'ത്തെ മുഖ്യധാരാ ജനാധിപത്യത്തിലേക്കും political processലേക്കും കൊണ്ടുവരാനാവുമെങ്കില്‍ എന്താണു തെറ്റ് ?

മഅദനി വഴി ഇടതു പാര്‍ട്ടികള്‍ക്ക് മുസ്ലീം വോട്ടു കിട്ടിയാല്‍ എങ്ങനെയാണ് "മൃദു ഹിന്ദുത്വ" ക്കാരന്‍ സംഘപരിവാര്‍ അനുഭാവികളാകുക ? മുസ്ലീങ്ങള്‍ക്കെന്താ വോട്ടില്ലേ ? അവര്‍ക്കെന്താ ഇടതുപക്ഷത്തിനു വോട്ടുചെയ്യാന്‍ പാടില്ലേ ? മുസ്ലീങ്ങള്‍ അങ്ങനെ കൂട്ടത്തോടെ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടുചെയ്താല്‍ എന്താണു സംഭവിക്കുക ? " മുട്ടുന്യായങ്ങ"ളെന്ന് താങ്കളാരോപിക്കുന്നവയൊന്നും ഇല്ലാത്ത കാലത്താണ് ബാബറി പൊളിക്കലും കലാപങ്ങളും ഗുജറാത്തുമൊക്കെ ഉണ്ടായതെന്ന് കൂടി ഓര്‍ക്കുക. 86% ഹിന്ദുമതവിശ്വാസികളുള്ള രാജ്യത്ത് അപ്പോള്‍ "മൃദു ഹിന്ദുത്വ"ക്കാരന്‍ സംഘപരിവാരിയാവുന്നതിന്റെ ജനിതകം വേറെയാണ്. അതിന് 12% വരുന്ന മുസ്ലീങ്ങളുടെയും 2%വരുന്ന ക്രൈസ്തവരുടെയും ‘വോട്ടുബല’ത്തിന്റെ രാഷ്ട്രീയത്തെ പിടിച്ച് ന്യായം കണ്ടെത്തുന്ന വിദ്യയും വേറെ.

അണ്ണാ ഒരു ചോദ്യം കൂടി മഅദനി ഒരുപക്ഷെ കോണ്‍ഗ്രസ്സുമായായിരുന്നു ഈ സഖ്യം ഉണ്ടാക്കിയിരുന്നതെങ്കില്‍ അണ്ണന്‍ ഇതു തന്നെ പറയുമായിരുന്നോ?

കോണ്‍ഗ്രസ്സുകാരുമായി മഅദനി മുന്‍പ് സഖ്യമുണ്ടാക്കിയിട്ടുണ്ടല്ലോ. ഇല്ലേ അണ്ണാ ? മഅദനി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍, കോടതികള്‍ മൂപ്പരെ തെറ്റുകാരനല്ല എന്ന് വിധിക്കുന്ന കാലത്തിനും എത്രയോ മുന്‍പേ, തീവ്രനിലപാടുകളും ശൈലിയും തള്ളിപ്പറയുന്നതിനും മുന്‍പേ പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്സും ലീഗുമൊക്കെ എന്നാണ് എന്റെയറിവ്. അതാതുകാലത്തെ രാഷ്ട്രീയ നിലപാടില്‍ അവര്‍ അങ്ങനെ ആരെയൊക്കെ പിന്തുണച്ചു. അത് അവരുടെ ന്യായം. ബജരംഗ ദളിനും സ്വയം സേവക സംഘത്തിനും ബി.ജെ.പിക്കും മുഖ്യധാരാ രാഷ്ട്രീയത്തില്‍ കിട്ടുന്ന പൊതുവേദി അവര്‍ക്കും കിട്ടണം അണ്ണാ. കോണ്‍ഗ്രസ്സുമായി ചേര്‍ന്നായാലും ഇടതുപാര്‍ട്ടികളുമായി ചേര്‍ന്നായാലും അവര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുന്നു എന്നതിനെയാണ് ഞാന്‍ സ്വാഗതം ചെയ്യുക.

കരീം മാഷ്‌ said...

"വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക.?"

ഏതു രാഷ്ട്രീയ പാര്‍ട്ടിയാണു ജാതീ മത കാര്‍ഡുകള്‍ ഇറക്കി ഇലക്ഷ്നില്‍ കളിക്കാത്തതു സാര്..?
അമര്‍ഷമല്ല.
നിസ്സഹായത.

ഹു :: Hu said...

സൂരജ്. ക്ലാപ്പ്, ക്ലാപ്പ്. അഭിനന്ദനങ്ങള്‍, മറുപടിയില്‍ കാട്ടിയ ആര്‍ജവത്തിന്. കളിയാക്കിയതല്ല മനസ്സില്‍ തട്ടിതന്നെ. ചെറിയൊരഭിപ്രായ വത്യാസം മാത്രം താഴെ കൊടുക്കുന്നു. ബാക്കിയെല്ലാം യോജിക്കുന്നു.

>>>പൂര്‍വാശ്രമത്തില്‍ പ്രതിനിധീകരിച്ച 'തീവ്ര ഇസ്ലാമിസ'ത്തെ മുഖ്യധാരാ ജനാധിപത്യത്തിലേക്കും political processലേക്കും കൊണ്ടുവരാനാവുമെങ്കില്‍ എന്താണു തെറ്റ് ?

*അതാണ് തെറ്റ് ആ തീവ്ര ഇസ്ലാമിസത്തെ മുഖ്യധാരാ ജനാധിപത്യത്തിലേക്ക് അതേപടി കൊണ്ടു വരുന്നത്. തീവ്ര ഹിന്ദു വാദികള്‍ ഇവിടെ മുഖ്യധാരയിലില്ലെ എന്നു ചോദിച്ചാല്‍ അതിനുള്ള പരിഹാരം ഇതല്ല എന്നാണ് എന്റെ മറുപടി. ഏതായാലും ചര്‍ച്ച വഴി തെറ്റിക്കുന്നില്ല. ഈ വിഷയത്തിലുള്ള ചര്‍ച്ച ഇതോടെ നിര്‍ത്തുന്നു. നന്ദി.

Inji Pennu said...

കോണ്‍ഗ്രസ്സുമായി ചേര്‍ന്നായാലും ഇടതുപാര്‍ട്ടികളുമായി ചേര്‍ന്നായാലും അവര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുന്നു എന്നതിനെയാണ് ഞാന്‍ സ്വാഗതം ചെയ്യുക.

സൂരജിനു,
ഈ ‘അവര്‍’ എന്നു ഉദ്ദേശിച്ചതു മദനിയെപ്പോലെയുള്ളവരെ ആയിരിക്കുമല്ലോ അല്ലേ? അല്ലാതെ മുസ്ലീങ്ങളെ അല്ലല്ലോ അല്ലേ?
ഈ ന്യായവാദങ്ങള്‍ നിരത്തുമ്പോള്‍
ഒരു മുസ്ലീം പ്രസിഡന്റിനെ വരെ ഇന്ത്യക്കു തന്ന
ബി.ജെ.പിയെ എന്തിനു അകറ്റി നിറുത്തണം? മുസ്ലീങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍
ചേക്കേറുമ്പോള്‍ ചേക്കേറരുത് എന്ന് ഫത്വ വരെ ഇറക്കുന്നു. അപ്പോള്‍ പൊന്നോമന പാര്‍ട്ടിയായ ബി.ജെ.പിയെ എന്തിനു അകറ്റി നിറുത്തണം? ഈ ലിങ്കൊന്നു നോക്കണേ സൂരജേ. ആ ചിത്രങ്ങളും. പാവം ബി.ജെ.പി - രാജേ ഇങ്ങിനെയൊക്കെ എഴുതല്ലേ. ബാബറി മസ്ജിദിനു ശേഷം പുഴയില്‍ ഒരുപാട് വെള്ളം ഒഴുകി.

ഈ കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ 25% മുസ്ലീം വോട്ട് ബി.ജെ.പിക്ക് കിട്ടിയത്രേ. എല്ലാം വോട്ടിനു മാത്രം വേണ്ടിയാവുമ്പോള്‍ എല്ലാം ശരിയാവുന്നു. അല്ലേ? ആടു പട്ടിയും ആനയും ഒക്കെ ആവാമല്ലോ? വോട്ടാണല്ലോ പ്രശ്നം. യേത്?

എം മെര്‍കുഷിയോ I M Mercutio said...

പോസ്റ്റിന്റെ താഴെ ഒരു വിരലടയാളം. ഈ ചെറിയ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ള പല ദ്വന്ദങ്ങളെ --ഹിന്ദു/മുസ്ലീം, ഇന്ത്യന്‍/അഭാരതീയന്‍, ഹിന്ദു ദേശീയവാദി/ദേശീയ മൂസ്ലിം(അര്‍ത്ഥം എത്ര മാറുന്നു), ഭൂരിപക്ഷം/ന്യൂനപക്ഷം -- പറ്റി എഴുതിയിട്ടുള്ള ഒരു മുസ്ലിമിനു ഇന്ത്യാക്കാരന്‍ ആയിക്കുടെ? എന്ന ഗ്യാനേന്ദ്ര പാണ്ഡെയൂടെ ലേഖനം വായിക്കേണ്ടതാണു.

പരാജിതന്‍ said...

ഇഞ്ചി,
പാലത്തിനടിയിലൂടെ ഒരു പാട് വെള്ളമൊഴുകിപ്പോയി എന്നല്ലേ ചൊല്ല്?

“ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.“ വെള്ളമൊഴുകിയതും ഒഴുക്കിയതും എങ്ങനെയെന്ന് രാജ് സൂചിപ്പിച്ചിരിക്കുന്നുണ്ടല്ലോ ഈ വരികളില്‍. അത് ശരിയല്ലെന്നാണോ പറഞ്ഞു വരുന്നത്?

അയല്‍ക്കാരന്‍ said...

രാജിന്റെ പോസ്റ്റിനടിയില്‍ എന്റെ ഒപ്പ്.
കരിമൂര്‍ഖനന്മാരെ എതിരിടേണ്ടത് അവരുടെ യുഗ്മനൃത്തം കണ്ടു കൊതിമൂത്തുനില്‍ക്കുന്ന വെള്ളിക്കെട്ടന്മാരെയും ശംഖുവരയന്മാരെയും കൂ‍ട്ടുപിടിച്ചാവരുത് എന്നൊരു പ്രാര്‍ത്ഥന.

അമ്പലത്തില്‍ പോകുന്ന എല്ലാ ഹിന്ദുവും ആര്‍ എസ് എസ് കാരന്‍ എന്ന് മുദ്രകുത്തപ്പെടുന്നുണ്ടാവില്ല. പക്ഷേ ഒരുവന്റെ നെറ്റിയിലെ കുറിയുടെ നീളവും നിറവും നോക്കിയോ കയ്യിലെ ചരടുകളുടെ എണ്ണവും പഴമയും നോക്കിയോ വിധി കല്പിക്കുന്ന മതേതരവാദികള്‍ നാട്ടില്‍ ധാരാളമുണ്ട്. അതിലും കഷ്ടമാണ് ഹിന്ദു എന്തു വിശ്വസിക്കണം, ഏതു ഗുരുവാണ് ഹിന്ദുക്കള്‍ക്ക് യോഗ്യന്‍ എന്നൊക്കെ അവിശ്വാസികള്‍ തീരുമാനിക്കുന്ന നാളുകള്‍ വരുന്നത്. കാളമൂത്രം കുടിക്കുന്നവരെല്ലാം തരം കിട്ടിയാല്‍ മുസ്ലീമിനെ കൊല്ലും എന്ന് പറഞ്ഞു നടക്കുന്നതും ഹിന്ദുവെന്നാല്‍ മാങ്ങാണ്ടിയാണോ അമ്പഴങ്ങയാണോ എന്നറിയാത്ത അവിശ്വാസികളും അജ്ഞേയവാദികളുമൊക്കെയാണ്.

ഓരോ ചലനത്തിലും രാഷ്ട്രത്തോടുള്ള കൂറ് പ്രകടമായിക്കാണിക്കേണ്ടി വരുന്ന ഇന്‍ഡ്യന്‍ മുസ്ലീമിന്റെ ഒടുങ്ങാത്ത വേദനയ്ക്കു മുമ്പില്‍ ഹിന്ദുവിന്റെ ഈ ദുഖം വെറും മൈനര്‍ ഇച്ച് മാത്രമാണെന്ന് അറിയാഞ്ഞിട്ടല്ല. കാവിമുണ്ടുടുത്ത് കുങ്കുമക്കുറിയണിഞ്ഞ് നിസ്സാറിനൊപ്പം കുട്ടിയും കോലും കളിച്ചുകൊണ്ടിരുന്നപ്പോഴും ത്രേസ്യാക്കൊച്ചിനെ നോക്കി ചൂളമടിച്ചുകൊണ്ടിരുന്നപ്പോഴും എന്നെയാരും പരിവാറുകാരാ എന്ന് വിളിച്ചിട്ടില്ല. അതു പക്ഷെ 1992 ഡിസംബര്‍ ആറിനുമുമ്പായിരുന്നു. എന്റെ സ്വത്വവും എനിക്ക് നഷ്ടപ്പെട്ടത് ആ ദിവസമായിരുന്നു.

ഒരു ചുല്യാറ്റിനെ തേടി നടക്കുകയാണു ഞാന്‍. ഒരു തിരുത്ത് മോഹിച്ച്...

പരാജിതന്‍ said...

അയല്‍‌ക്കാരാ,
അമ്പലപ്രശ്നം വീണ്ടും വീണ്ടും വരുന്നതു കണ്ട് ഒരു കാര്യം ചോദിച്ചോട്ടെ. ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അമ്പലങ്ങളില്‍ കേറാന്‍ തുടങ്ങിയത് എന്നു തൊട്ടായിരിക്കുമെന്നറിയാമല്ലോ. അവരുടെ അമ്പലം കയറല്‍ സാധ്യമാക്കുകയെന്നത് അത്രക്കങ്ങോട്ട് ഈസിയായി നടന്ന കാര്യമല്ലെന്നുമറിയാമെന്നു കരുതുന്നു. അത് സാധ്യമാക്കാന്‍ വേണ്ടി കുറേ കൊള്ളാവുന്ന അവിശ്വാസികളും സമരം ചെയ്തിരുന്നു. എകെജിയും മറ്റും. അമ്പലമൊക്കെ കയ്യടക്കി വച്ചിരുന്ന പരിഷകള്‍ അന്നു തിരഞ്ഞു പിടിച്ചു തല്ലിയത് അവരെയായിരുന്നു. അങ്ങനെ ബഹുഭൂരിപക്ഷം വരുന്ന ഹീന്ദുക്കളെയും ‘നടയ്ക്കു പുറത്തു നിര്‍ത്താന്‍‘ പഠിച്ചതും പഠിക്കാത്തതുമായ സകല അടവും പയറ്റിയ പരമപോക്രികളുടെ പുതിയ പതിപ്പുകളാണ് കാലം മാറുകയും പഴയ പരിപ്പൊന്നും വേവിക്കാന്‍ അടുപ്പും കലവുമില്ല്ലെന്നു തിരിച്ചറിയുകയും ചെയ്തപ്പോള്‍ “ഞങ്ങള്‍ ഹിന്ദുക്കളെല്ലാം പീഡിപ്പിക്കപ്പെടുന്നേ, ലേബലടിക്കപ്പെടുന്നേ..”യെന്ന പുതിയ നമ്പരിറക്കുന്നത്. പ്രശ്നമെന്താന്നു വച്ചാല്‍ ‘ഈ പരിപ്പും സഞ്ചിയില്‍ തന്നെ വച്ചേരെ മക്കളെ’യെന്നു പറയാന്‍ ആളുണ്ടായിപ്പോയി, ഒരാളല്ല,ഒരു പാടു പേര്‍.

രാജേ, ഓഫാണെന്നറിയാം. വേറെ വഴിയില്ല.

മാരീചന്‍‍ said...

പരാജിതാ..........
വിഷയം കറങ്ങിത്തിരിഞ്ഞ്, ആരൊക്കെയാണ് ഹിന്ദുവെന്ന നിര്‍വചനത്തിലേയ്ക്ക് വരുന്നുണ്ടല്ലോ... പഴയ നീറ്റലുകളുടെ വേദന പുതിയ നീറ്റലുകള്‍ക്കുണ്ടോന്ന് ചുമ്മാതൊന്നന്വേഷിക്കാം...

അയല്‍ക്കാരന്‍ said...

പരാജിതനോട്, ഹിന്ദുമതത്തിലെ അനാചാരങ്ങള്‍‍ക്കെതിരേ പൊരുതാനും പ്രാചീനഗ്രന്ഥങ്ങളിലെ പോക്കണംകേടുകളും ഇന്‍‌കണ്‍‌സിസ്റ്റന്‍സികളും പുറത്തുകൊണ്ടുവരാനുമൊക്കെ അവിശ്വാസികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിക്കുന്നവനാണ് ഞാന്‍. ആചാരമോ പുസ്തകമോ അല്ല വിശ്വാസം എന്ന് പുതിയകാല അവിശ്വാസികള്‍ മനസ്സിലാക്കുന്നില്ല എന്നിടത്താണ് പ്രശ്നം. ക്ഷേത്രപ്രവേശനം എന്ന സോഷ്യല്‍ നീഡിനെ വിശ്വാസം എന്ന വ്യക്ത്യാനുഭവവുമായി കൂട്ടിക്കലര്‍ത്തരുത്.

പഴയ നീറ്റലുകളുടെ ആയിരത്തിലൊന്ന് വേദനയുണ്ടാവില്ല പുതിയ നീറ്റലിന്. പക്ഷെ പുതിയ നീറ്റലിന്റെ വേദന പഴയ നീറ്റലുകള്‍ക്കൊട്ട് പരിഹാരവുമല്ല.

രാജേ ഓഫുകള്‍ക്ക് മാപ്പ്.

Anonymous said...

ഇന്ത്യപോലെ മൂന്നാം സമൂഹത്തിൻ മൃഗീയഭൂരിപക്ഷമുള്ള ഒരു മൂന്നാം ലോകരാജ്യത്ത് മൂന്നാം കിട രാഷ്ട്രീയത്തിൽ ഏറ്പ്പെടാത്ത ഒരു പാറ്ട്ടിയും ഭരിയ്ക്കുകയില്ല, മൂന്നാം കിട അഭിരുചികളെ പ്രീതിപ്പെടുത്താത്ത ഒരു നടനും സൂപ്പറതാരമാകുകയില്ല, മൂ‍ന്നാ..മൂന്നാമതൊരു ഉദാഹരണം കിട്ടുന്നുമില്ല.

തിരിച്ചുപറഞ്ഞാൽ ആരെങ്കിലും ഭരിച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ മൂന്നാംകിട രാഷ്ട്രീയം കളിച്ചിട്ടുണ്ട്, ആരൊക്കെ സൂപ്പറ്താരമായിട്ടുണ്ടോ അവരൊക്കെ മൂന്നാം സമൂഹത്തിൻ പ്രിയ്യപ്പെട്ടവരായിട്ടുണ്ട് എക്സട്രാ എക്സട്രാ എന്നു വരും.

ഇനി ബ്ലോഗറ്മാരുൾപ്പെടുന്ന രാജ്യത്തെ എജ്യൂകേറ്റഡ് അപ്പറ്ക്ലാസ്സിന്റെ കാര്യമാണെങ്കിൽ അവറ്ക്ക് ഈ വക ‘തറവേല’കളൊക്കെ കുട്ടിക്കളിപോലെ മനസ്സിലാവും. അപ്പോൾ ഒന്നുകിൽ അവറ് അരാഷ്ട്രീയനായിമാറി ആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിയ്ക്കും, അല്ലെങ്കിൽ പാറ്ട്ടികളുടെ: വികസനം, ആരോഗ്യം, വിദ്യാഭ്യാസം etc. നയങ്ങൾ പോലുള്ള പ്രീമിയം പൊളിറ്റിക്സ് മാത്രം വെച്ച് താരതംയം ചെയ്ത് വോട്ട് ചെയ്യും.

കേരളത്തിലെ ഉദാഹരണം തന്നെയെടുക്കുക, മദനിയെ കൂട്ടുപിടിച്ചു എന്നതുമാത്രം വെച്ച് ഇടതിനു വോട്ട് ചെയ്യാതിരിയ്ക്കാനൊന്നും ഒരു അഭ്യസ്തവിദ്യൻ ആവില്ല. ദി അദറ് ഓപ്ഷനായ കോൺഗ്രസ്പാറ്ട്ടി മൈനോറിറ്റിയെ അപ്പീസ് ചെയ്യാൻ കാട്ടിക്കൂട്ടുന്ന വേലകളും അവൻ കാണുന്നുണ്ട്. അപ്പോൾപ്പിന്നെ വോട്ട് ചെയ്യണമെങ്കിൽ ഈ വശം തന്നെ വിട്ടുകളയണമെന്ന് വരും. ആകെമൊത്തം ടോട്ടൽ നോക്കാൻ തുടങ്ങിയാൽ വോട്ട് ചെയ്യണ്ടാന്ന് വെയ്ക്കേണ്ടി വരും.

അപ്പോൾപ്പിന്നെ ഞങ്ങൾ ബലാത്സംഗം ചെയ്തത് സവറ്ണ്ണസ്ത്രീയെയല്ലേ, നിങ്ങൾ ദളിതയുവതിയെത്തന്നെ ബലാത്സംഗം ചെയ്തില്ലേ എന്ന മട്ടിലുള്ള ചറ്ച്ചകളിലൊന്നും വലിയ കാര്യമില്ല.

ഒരു അഭ്യസ്തവിദ്യനായ, വിവരമുള്ള ഇന്ത്യൻ യുവാവിൻ ഇന്ത്യയിലെ ജനാതിപത്യപ്രക്രിയയിൽ (രാഷ്ട്രീയത്തിൽ എന്നല്ല ഉദ്ധേശിച്ചത്) ആസോഫ് നൌ പങ്കെടുക്കണമെന്നുണ്ടെങ്കിൽ അവൻ സി ക്ലാസ്സ് പൊളിറ്റിക്സിനെക്കുറിച്ച് അധികം ബോതറ് ചെയ്യാതിരിയ്ക്കണ്ടി വരും.

ജനങ്ങൾ മിടുക്കരായി ഭരണമികവ്, നേതൃത്വം, രാഷ്ട്രീയദറ്ശനം പോലുള്ള സാങ്കേതിക കാര്യങ്ങൾ വെച്ച് വോട്ട് ചെയ്യുന്നകാലം വരുമാറാകട്ടെ എന്നു പ്രാറ്ത്ഥിയ്ക്കുവാൻ മാത്രമേ നമുക്കിത്തരുണത്തിൽ ആവതുള്ളൂ. അല്ലെങ്കിൽ ആ നിലവാരത്തിലേയ്ക്ക് കാര്യങ്ങൾ എത്താൻ എന്തുചെയ്യാനാവും എന്ന് ചറ്ച്ചചെയ്യാം, കണ്ടെത്തലുകൾ മുന്നോട്ട് വെയ്ക്കാൻ വല്ല ചാനലുകളും നിറ്മ്മിയ്ക്കാൻ എങ്ങനെ പറ്റും എന്നാലോചിയ്ക്കാം.

ഇപ്പറഞ്ഞ കാരണം കൊണ്ടുതന്നെ നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യറ് സി ക്ലാസ്സ് പൊളിറ്റിക്സ് ചറ്ച്ച ചെയ്ത് നേരം കളയുന്നതിനെക്കുറിച്ച് എനിയ്ക്ക് വ്യക്തിപരമായി ‘പുശ്ച‘മാൺ.

പരാജിതന്‍ said...

അയൽ‌ക്കാരാ, അവിശ്വാസികളുടെ പ്രവർത്തനത്തെ താങ്കൾ മാനിക്കുന്നുവോ ഇല്ലയോ എന്നതവിടെ നിൽക്കട്ടെ. മഹാഭൂരിപക്ഷം ഹിന്ദുജനതയെ ക്ഷേത്രപരിസരത്ത് നിന്നു തുരത്തി വിട്ടിരുന്ന ദുർ‌ഭൂതങ്ങളുടെ പുതുരൂപങ്ങളാണ് ഹിന്ദുജനതയുടെ മുഴുവൻ രക്ഷാകർ‌ത്തൃത്വം തങ്ങൾ‌ക്കാണെന്നും ഹിന്ദുജനത പീഡിപ്പിക്കപ്പെടുകയാണെന്നുമൊക്കെ കിട്ടുന്ന തക്കത്തിലെല്ലാം ഉദ്‌ഘോഷിക്കുന്നത്. ആ ഉദ്ഘോഷിക്കലിനെ താങ്കൾ മാനിക്കുന്നുവോ ഇല്ലയോ എന്നു പറയുക. കുറച്ചു കൂടി ക്ലാരിറ്റി കിട്ടും.

പിന്നെ, കാവിമുണ്ടും കുറിയുമൊക്കെ തൊട്ടു ത്രേസ്യാക്കൊച്ചിനെ ചൂളമടിച്ചാൽ പണികിട്ടുന്നത് സംഘിയാണെന്ന ലേബലിന്റെ മേലൊന്നുമല്ല കേട്ടോ. :) നമ്മുടെ നാട്ടിൽ ഇപ്പോഴും മിശ്രപ്രണയം, വിവാഹം ഒക്കെ അവിശ്വാസികളുടെയിടയിലല്ലേയുള്ളൂ. താങ്കളും വിശ്വാസി, ത്രേസ്യാക്കൊച്ചിന്റെ അപ്പനും വിശ്വാസി എന്ന ലൈനാവുമ്പം പണി എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി.

എന്തായാലും, അമ്പലത്തിൽ പോകുന്നവരെയും ഗുരുവായൂരിലും അമ്മച്ചിവീട്ടിലും ഒക്കെ നേർ‌ച്ച നേരുന്നവരെയും അവിശ്വാസികളും ഇടതന്മാരുമൊക്കെ ‘സംഘിക‘ളായാണ് കാണുന്നതെന്ന താങ്കളുടെ വിശ്വാസം തെറ്റിദ്ധാരണയാണ്. അങ്ങനെ പ്രചരിപ്പിക്കേണ്ട ആവശ്യമുള്ളവരുടെ കൂട്ടത്തിലാണ് താങ്കൾ എന്നു കരുതുന്നുമില്ല. അതു കൊണ്ടാണ് തെറ്റിദ്ധാരണയെന്ന വാക്ക് തന്നെയുപയോഗിച്ചത്.

മധുസൂദനൻ പേരടി, ആ ‘പുച്ഛപ്രയോഗം’ കലക്കി. കൂതറ പൊളിറ്റിക്സ് ചർ‌ച്ച ചെയ്തു മാത്രം ശീലമുള്ള അടിയങ്ങൾ‌ക്ക് അങ്ങയെപ്പോലെ അഭ്യസ്തവിദ്യരും സംസ്കൃതചിത്തരുമായ ഒന്നാംകിട പൌരന്മാരോടുള്ള കടുത്ത പുച്ഛത്തിന്റെ ഏഴയലത്തു വരില്ല അങ്ങയുടെ പരിഷ്കൃതവും സൌ‌മ്യവുമായ പുച്ഛമെന്നു മാത്രം പറഞ്ഞോട്ടെ.

suraj::സൂരജ് said...

ഡിയര്‍ ഇഞ്ചിപ്പെണ്ണ്,

"ഈ ന്യായവാദങ്ങള്‍ നിരത്തുമ്പോള്‍ ഒരു മുസ്ലീം പ്രസിഡന്റിനെ വരെ ഇന്ത്യക്കു തന്ന ബി.ജെ.പിയെ എന്തിനു അകറ്റി നിറുത്തണം? മുസ്ലീങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറുമ്പോള്‍ ചേക്കേറരുത് എന്ന് ഫത്വ വരെ ഇറക്കുന്നു. അപ്പോള്‍ പൊന്നോമന പാര്‍ട്ടിയായ ബി.ജെ.പിയെ എന്തിനു അകറ്റി നിറുത്തണം?"

ഈ ചോദ്യങ്ങള്‍ "ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യു“. എന്നു പറഞ്ഞ് പോസ്റ്റിട്ട രാജ് നീട്ടിയത്ത് ജീയോട് ചോദിക്കുക.

അദ്ദേഹം ഇഞ്ചിതന്ന ലിങ്കെല്ലാം നോക്കിയിട്ട് എന്തുത്തരം നല്‍കുന്നു എന്ന് കേള്‍ക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. അതുകഴിഞ്ഞിട്ടാവാം എന്റെ ന്യായം. യേത് ;)

suraj::സൂരജ് said...

"ഒരു അഭ്യസ്തവിദ്യനായ, വിവരമുള്ള ഇന്ത്യൻ യുവാവിൻ ഇന്ത്യയിലെ ജനാതിപത്യപ്രക്രിയയിൽ (രാഷ്ട്രീയത്തിൽ എന്നല്ല ഉദ്ധേശിച്ചത്) ആസോഫ് നൌ പങ്കെടുക്കണമെന്നുണ്ടെങ്കിൽ അവൻ സി ക്ലാസ്സ് പൊളിറ്റിക്സിനെക്കുറിച്ച് അധികം ബോതറ് ചെയ്യാതിരിയ്ക്കണ്ടി വരും....ഇപ്പറഞ്ഞ കാരണം കൊണ്ടുതന്നെ നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യറ് സി ക്ലാസ്സ് പൊളിറ്റിക്സ് ചറ്ച്ച ചെയ്ത് നേരം കളയുന്നതിനെക്കുറിച്ച് എനിയ്ക്ക് വ്യക്തിപരമായി ‘പുശ്ച‘മാണു".

ആവൂ ഈ അഭ്യസ്ത വിദ്യമ്മാരൊക്കെ ഇന്ത്യയിലുണ്ടായതു തന്നെയല്ലേ ? അതോ വേറെവിടെങ്കിലും പൊട്ടിമുളച്ചിട്ട് ഇങ്ങോട്ടു കെട്ടിയെടുത്തതോ ? അഭ്യസ്ത വിദ്യമ്മാരു "വിദ്യ" "അഭ്യസിച്ച"ത് എവിടുന്നാണാവോ ?

സി-ക്ലാസ് പൊളിറ്റിക്സെന്ന് പേരടിമാഷു പറയുന്ന ആ "തീട്ടക്കുഴിയില്‍" തന്നെ മുളച്ചവനു അഭ്യസ്തവിദ്യനാവാനുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുണ്ടാക്കിക്കൊടുത്തത് അതേ "സീക്ലാസ് -തീട്ടക്കുഴി-രാഷ്ട്രീയം" തന്നെയാണു.

കുറേ കൊടിപിടിച്ചും വെയിലുകൊണ്ടും തൊണ്ടകീറീം അടികൊണ്ടുമൊക്കെ പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റീം മണ്ണാക്കുറ്റീമൊക്കെ ഒപ്പിച്ചും പൊതുവിദ്യാഭ്യാസത്തിന്റെ സകല മേന്മകളും ഊറ്റിയും വളര്‍ന്ന് അങ്ങ് "അഭ്യസ്തവിദ്യ"നായിക്കഴിയുമ്പം ചിലര്‍ക്ക് പൊട്ടിയൊലിക്കുന്ന ‘ആദര്‍ശ പൈല്‍സാ‘ണു സി-ക്ലാസ് പൊളിറ്റിക്സിനെക്കുറിച്ചുള്ള "അവബോധവും" പുച്ഛവുമൊക്കെ.

അയല്‍ക്കാരന്‍ said...

പരാജിതന്,

ക്ലാരിറ്റി എന്നത് വളരെ സബ്ജക്റ്റീവാണ്. ലോഡഡായിട്ടുള്ള കോമ്പൌണ്ട് ചോദ്യങ്ങള്‍ക്ക് ക്ലാരിറ്റിയുള്ള ഉത്തരങ്ങളുണ്ടാവില്ല.

പഴയ ദുര്‍ഭൂതങ്ങളുടെ പിന്മുറക്കാര്‍ പല രാഷ്ട്രീയ ജാതിക്കൂട്ടായ്മകളിലുമുണ്ട്. അന്നീ ദുര്‍ഭൂതങ്ങളുടെ അടിച്ചമര്‍ത്തലേറ്റ വിഭാഗങ്ങളില്‍ നിന്ന് ഗുജറാത്തിലും മധ്യപ്രദേശിലും അങ്ങുതെക്ക് തിരുനല്വേലിയിലൊമൊക്കെ പുതിയ ദുര്‍ഭൂതങ്ങള്‍ പിറവി കൊണ്ടിട്ടുമുണ്ട്. അതൊക്കെക്കൊണ്ടുതന്നെ മുറിവേല്പിക്കുന്നവരുടെ പിന്തുടര്‍ച്ചയേക്കാളും മുറിവുകളുടെ സമാനതയാണ് എന്നെ വേദനിപ്പിക്കുന്നത്. മുന്നോട്ടുനയിക്കുന്നത് മനുഷ്യനും കാലവും ഒത്തുപിടിച്ചാല്‍ ഭേദമാക്കാനാവാത്ത മുറിവുകളില്ല എന്ന വിശ്വാസവും.

ഹിന്ദുവിന്റെ രക്ഷാകര്‍തൃത്തം ഏറ്റെടുക്കുന്നവരോട് സഹതാപമാണ്. ഹിന്ദുവിന് രക്ഷകര്‍ത്താവ് ആവശ്യമുണ്ട് എന്നുകരുതുന്നില്ല. സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ആക്കണ്ട കൊമോഡിറ്റിയില്ല വിശ്വാസം. വഴികാട്ടികള്‍ പലപ്പോഴും വേണ്ടിവരും. എങ്ങനെ ജീവിക്കണം എന്നു പറഞ്ഞുതരുന്നവര്‍, പക്ഷെ അങ്ങനെയേ ശ്രോതാവ് ജീവിക്കാവൂ എന്ന ശാഠ്യമില്ലാത്തവര്‍.

ഹൈന്ദവവിശ്വാസം പല വെല്ലുവിളികളും നേരിടുന്ന ഒരു കാലമാണിത്. (പീഡിപ്പിക്കപ്പെടുക എന്ന വ്യഭിചരിക്കപ്പെട്ട് അര്‍ത്ഥം നഷ്ടപ്പെട്ട വാക്ക് ഉപയോഗിക്കുന്നില്ല) സംഘടിതമായ ഒരുച്ചഭാഷിണി ആവശ്യമാണ് എന്നു വിശ്വസിക്കുന്നു. പക്ഷേ ആ ശബ്ദം ഹിന്ദുവിനുള്ളിലെയും ഹിന്ദുവിനുപുറത്തെയും ബഹുസ്വരതയെ മാനിക്കുന്നവരുടേതാകണം എന്ന് നിര്‍ബന്ധവുമുണ്ട്.

അവിശ്വാസികളുടെ സഹായം ഇനിയും വേണം. ക്ഷേത്രത്തിനുപുറത്തെ വഴികളിലും പ്രദക്ഷിണപാതയിലുമെത്തിയവര്‍ക്ക് ശ്രീകോവിലിനുള്ളിലെത്താന്‍ നിങ്ങളുടെ സഹായം വേണം. അതൊരു സാമൂഹ്യാവശ്യമാണ്. അതെ സമയം ഗണപതിഹോമം വിഘ്നനിവാരകമാണോ എന്ന ചര്‍ച്ച ഞങ്ങള്‍ക്കു വിട്ടുതരൂ. പോകുമ്പോള് ഞങ്ങളുടെ കാവിമുണ്ടിനെ ചോരത്തുണിയെന്നു വിളിക്കാതിരിക്കൂ.

Anonymous said...

സി - ക്ലാസ് പൊളിറ്റിക്സെന്നതുകൊണ്ട് ഞാൻ ഉദ്ധേശിച്ചത് മൂന്നാം - തരം രാഷ്ട്രീയം അഥവാ മൂന്നാം കിട രാഷ്ട്രീയം എന്നാണെന്നും മൂന്നാം സമൂഹത്തിന്റെ രാഷ്ട്രീയം എന്നല്ല എന്നും മനസ്സിലാക്കാൻ കമന്റൊന്ന് ശ്രദ്ധിച്ച് വായിച്ചാൽ മതി. അത് ഒരു പത്ത് ഡിഗ്രി തെറ്റിച്ച് മൂന്നാം സമൂഹത്തിന്റെ അഥവാ പാവപ്പെട്ടവന്റെ രാഷ്ട്രീയം എന്ന രീതിയിൽ കാൽകുലേറ്റഡ് മിസ് റീഡിങ്ങ് ചെയ്യുന്നതിനുപിന്നിലെ പീയാറ് പ്രൊപൊസിഷൻ പച്ചവെള്ളം പോലെ ലളിതമാൺ. നോക്കുവിൻ മക്കളേ, വിദ്യാഭ്യാസമില്ല എന്ന ഒറ്റക്കാരണം കൊണ്ട് അവൻ നിങ്ങളെ പുച്ഛമാൺ എന്ന്. എന്നാലും ഞങ്ങളെപ്പോലുള്ള മറ്റു വിദ്യാഭ്യാസമുള്ളവറ് നിങ്ങൾക്ക് വേണ്ടിത്തന്നെ സംസാരിച്ചുകൊണ്ടിരിയ്ക്കും എന്ന്.

ഏതായായും അഞ്ചുശതമാനത്തിന്റെ അഞ്ചുശതമാനമാണല്ലോ ബ്ലോഗ് വായിക്കുന്നത്. അതുമുഴുവനും വരികൾക്കിടയിൽ വായിക്കുന്ന വിദ്ഗ്ധന്മാരായിക്കയാൽ ഈ പ്രൊപൊസിഷൻ മാറ്കറ്റിൽ പരാജയപ്പെടും എന്ന് പ്രവചിച്ചുകൊള്ളട്ടെ.

സി-ക്ലാസ് പൊളിറ്റിക്സെന്ന് പേരടിമാഷു പറയുന്ന ആ "തീട്ടക്കുഴിയില്"

അതുതന്നെ, അപ്പോൾ സി ക്ലാസ്സ് പൊളിറ്റിക്സെന്നതുകൊണ്ട് ഞാൻ ഉദ്ധേശിച്ചത് ഡേറ്ടി പൊളിറ്റിക്സ് എന്നാണെന്ന് ബുദ്ധിശാലിയായ സൂരജ്മാഷിൻ മനസ്സിലാവാഞ്ഞിട്ടല്ല. അതിലല്ല വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരൻ മുളയ്ക്കുന്നത്. മറിച്ച് സി-ക്ലാസ് എന്ന് അനലിറ്റികലായിട്ട് വിശേഷിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെ സമൂഹത്തിലാൺ. ഇനി ആ സാഹചര്യമുണ്ടാക്കിത്തന്നത് നവോത്ഥാനം പോലുള്ള ബെയ്സിക് പൊളിറ്റിക്സ്, അടിസ്ഥാന രാഷ്ട്രീയം ആണെന്നാൺ ഉദ്ധേശിയ്ക്കുന്നതെങ്കിൽ അംഗീകരിയ്ക്കുന്നു. അതിൽ ഏജന്റ് ഓഫ് ചെയ്ഞ്ച് ആയി പ്രവറ്ത്തിച്ചിട്ടുള്ള ഇടതുപ്രസ്ഥാനത്തിന്റെ നേട്ടങ്ങളെയും ബഹുമാനിക്കുന്നു. അതിലൊന്നും എനിയ്ക്ക് യാതൊരു എതിരഭിപ്രായവുമില്ല.

ഞാൻ വാദിച്ചത് മൂന്നാം കിട(തറ എന്നാൺ, സാധാരണക്കാരന്റെ എന്നല്ല അറ്ത്ഥം) പൊളിറ്റിക്സിൽ ഏറ്പ്പെടുന്നത് ഇന്ത്യയിലെ ഏതെങ്കിലും ഒരു കക്ഷി മാത്രമാൺ എന്നും മറ്റുള്ളവർ എല്ലാം കഴിഞ്ഞ അമ്പത് വർഷമായിയിട്ട് ആദറ്ശരാഷ്ട്രീയം മാത്രമാൺ പിന്തുടരുന്നത് എന്നും ഉള്ള മട്ടിലുള്ള തികച്ചും ബാലിശമായി വായിക്കുന്നവറ്ക്ക് മുഴുവൻ തോന്നാനിടയുള്ള ഒരു നിറ്ദ്ധേശത്തിനെതിരായാൺ. തറവേലകളിൽ ഒരാളും മുഷിയില്ല. അതുപോട്ടെ. ഇനി ഒരിഞ്ചും ആരും വിട്ടുകൊടുത്തിട്ടുപോലുമില്ല. കട്ടയ്ക്ക് കട്ടയായി എല്ലാവരും രംഗത്തുണ്ട്.

Anonymous said...

"ജനങ്ങൾ മിടുക്കരായി ഭരണമികവ്, നേതൃത്വം, രാഷ്ട്രീയദറ്ശനം പോലുള്ള സാങ്കേതിക കാര്യങ്ങൾ വെച്ച് വോട്ട് ചെയ്യുന്നകാലം "

എന്ന് എന്റെ കമന്റിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അതും അടിസ്ഥാനരാഷ്ട്രീയപ്രവറ്ത്തനം തന്നെയാൺ. എന്നാൽ മൂന്നാം കിട രാഷ്ട്രീയമല്ല.

പരാജിതന്‍ said...

അയല്‍‌ക്കാരാ,
എല്ലായിടത്തും ദുര്‍‌ഭൂതങ്ങളുണ്ടെന്ന ഒഴുക്കന്‍ മറുപടിയിലൊന്നും വലിയ കാര്യമില്ല. ക്ലാരിറ്റിയെന്നത് സബ്‌ജെക്ടീവ് ആണെന്നൊക്കെ പറയുന്ന താങ്കള്‍‌ക്ക് അപ്പോള്‍ താങ്കള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ക്ലാരിറ്റിയുണ്ടാവുമെന്നു കരുതുന്നു. പക്ഷേ ഹൈന്ദവവിശ്വാസം പലതരം വെല്ലുവിളികളും നേരിടുന്ന കാലമാണിതെന്നൊക്കെയുള്ള പറച്ചില്‍ വല്ലാതെ അബ്‌സ്ട്രാക്റ്റ് ആണല്ലോ അയല്‍‌ക്കാരാ. സതിയും ശിശുവിവാഹവുമൊക്കെ നിര്‍‌ത്തലാക്കാന്‍ ഉത്പതിഷ്ണുക്കള്‍ അഹോരാത്രം ശ്രമിച്ച കാലത്തും വിശ്വാസത്തിനു നേരെയുള്ള ഭീഷണിയാണെന്ന ലൈനിലാണല്ലോ പലരും കണ്ടത്. അതു പോട്ടെ. എല്ലാത്തരം മതവിശ്വാസങ്ങളും പല കാലങ്ങളിലും, വിശേഷിച്ച് ആധുനികലോകക്രമത്തില്‍, വെല്ലുവിളികള്‍ നേരിടേണ്ടി വരും, സ്വാഭാവികമായും. ആ വെല്ലുവിളികളോടുള്ള പുരോഹിതവര്‍‌ഗ്ഗത്തിന്റെ വെറിയാണ് ഫണ്ടമെന്റലിസലേക്കും ഫനാറ്റിസിസത്തിലേക്കുമൊക്കെ വിശ്വാസികളെയും ചിലപ്പോള്‍ ഒരു സമൂഹത്തെത്തന്നെയും നയിക്കുന്നത്. താലിബാന്‍ ഒരുദാഹരണം. അപ്പോള്‍ ആധുനികലോകത്ത് വിശ്വാസങ്ങളുടെ മൂല്യം കുറഞ്ഞു വരുന്നുവെന്നതാണോ ഹൈന്ദവത നേരിടുന്ന പ്രശ്നം? അതു കൊണ്ടാണോ അമ്പലത്തില്‍ പോകുന്നവരെല്ലാം സംഘികളായി കരുതപ്പെടുന്നുവെന്നൊരിണ്ടലുണ്ടായത്?

ഗണപതി ഹോമത്തിന്റെ കാര്യം പറഞ്ഞത് ഇത്തിരി കടന്ന യുക്തിയായിപ്പോയി. വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നു പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ അയല്‍‌ക്കാരാ? ഗണപതിയമ്പലത്തില്‍ കയറി തൊഴാനുള്ള അവകാശം നിങ്ങള്‍‌ക്കുമുണ്ടെന്നു പറഞ്ഞു കൊടുക്കുന്നവര്‍ തന്നെ ഒരു ഗുരുതരമായ പ്രശ്നം വരുമ്പോള്‍ വിഘ്നനിവാരണത്തിനു ഗണപതിഹോമം നടത്തുന്നതിനേക്കാള്‍ നല്ലത് ആ പ്രശ്നം ശാസ്ത്രീയമോ പ്രായോഗികമായോ പരിഹരിക്കാന്‍ നോക്കുന്നതാണെന്നു പറഞ്ഞെന്നും വരും. അല്ലാതെ മൌലാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മന്ത്രവാദചികിത്സാ ഡിപ്പാര്‍‌ട്ട്മെന്റ് തുടങ്ങിയ പോലുള്ള ഉഡായിപ്പുകള്‍ ചെയ്യുകയോ അതിനെയൊക്കെ സപ്പോര്‍ട്ട് ചെയ്യുകയോ വേണം മറ്റുള്ളവരെന്നാണോ അയല്‍‌ക്കാരന്‍ പറയുന്നത്? നാട്ടിലും തമിഴ്‌നാട്ടിലും അമ്പലങ്ങളില്‍ പോയി തൊഴുന്ന കയ്യില്‍ ചരട് കെട്ടുന്ന നേര്‍‌ച്ച നേരുന്ന നൂറുകണക്കിനു ആളുകളെ അറിയാം അയല്‍‌ക്കാരാ. അവരിലാരിലും കണ്ടിട്ടില്ല താങ്കളീപ്പറയുന്ന വിശ്വാസപ്രതിസന്ധി. അപ്പോള്‍ ആ പ്രതിസന്ധിഫീലിങ്ങിന്റെ കാരണം താങ്കള്‍ സ്വയം ആലോചിച്ചു പരിഹരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതൊരു സാമൂഹ്യപ്രശ്നമാണെന്നു തോന്നുന്നില്ല.

അയല്‍ക്കാരന്‍ said...

പരാജിതനോട്,
പുരോഹിതവര്‍ഗം തങ്ങളുടെ വഴി മാത്രമാണ് ശരി എന്നു വിശ്വസിക്കുന്നു. ആ വഴിയിലുടെ എല്ലാവരെയും ആട്ടിത്തെളിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദുവീന്റെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമാകാന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന സെക്യുലാര്‍ ഗവണ്മെന്റ് ഓര്‍ഗന്‍സ് (ദേവസ്വം ബോര്‍ദ്, എച്, ആര്‍ & സി മുതലായവ) ഹിന്ദുവിനോടുള്ളതിനേക്കാള്‍ വിധേയത്തം രാഷ്ട്രീയതലതൊട്ടപ്പന്മാരോട് കാണിക്കുമ്പോള്‍ പ്രതികരിക്കുന്ന ഹിന്ദു തീവ്രവാദിയാകുന്നു. അരവണയെവിടെ എന്നു ചോദിച്ച് ഒരു പ്രക്ഷോഭം നയിക്കാന്‍ കുമ്മനം രാജശേഖരന്‍ മാത്രമേ ഉള്ളെങ്കില്‍, മറ്റായിരക്കണക്കിന് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഈ ഒരു സമരത്തില്‍ മാത്രം പങ്കെടുക്കുന്ന ഹിന്ദുവും പരിവാറിയെന്ന് മുദ്ര കുത്തപ്പെടും. ഹിന്ദുവിന്റെ പ്രശ്നങ്ങള്‍ മനുഷ്യ്ന്റെ പൊതുപ്രശ്നങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമാവുന്ന ചുരുക്കം ചില അവസരങ്ങളില്‍
ക്രെഡിബിള്‍ ആയ ഒരു വോയ്സ് ഇല്ല എന്നതാണു ഹിന്ദുവിന്റെ ഏറ്റവും വലിയ പ്രശ്നം.

ഗണപതിഹോമം ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ക്ക് ഒരു ആള്‍ട്ടര്‍നെറ്റീവോ അവയില്‍നിന്ന് മ്യൂച്വലി എക്സ്ക്ലൂസിവോ അല്ല. ഐഡന്റിഫയബിള്‍ ആയ വിഘ്നങ്ങള്‍ക്ക് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ തേടുക എന്നതുതന്നെയാണ് ഡെഫിനിട്ടിവ് ആയ മാര്‍ഗ്ഗം.
ഗണപതിഹോമം അശാസ്ത്രീയമാണെന്ന് വിധിയെഴുതാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്രായോഗികമാണോ എന്നത് ഒരല്പം വ്യത്യസ്തമായ കാരണമാണ്. പലപ്പോഴും ക്ലിയര്‍ലി ഐഡന്റിഫയബിള്‍ അല്ലാത്ത, ടാഞ്ചിബിള്‍ അല്ലാത്ത ഒബ്സ്റ്റക്കിള്‍സ് ഉള്ളപ്പോഴാണ് ഗണപതിഹോമം നടത്തുന്നത്. ചെയ്യിക്കുന്നവന്റെ മനസ്സിലെ വിശ്വാസത്തെ ബെയിസ് ചെയ്തുകൊണ്ടുള്ള ഒരു പേര്‍സണല്‍ എക്സ്പീരിയന്‍സ്. വിശ്വാസം ലീനിയര്‍ ഇക്വേഷനിലിടാവുന്ന ഒരു വേരിയബിള്‍ അല്ലതന്നെ.

suraj::സൂരജ് said...

പേരടി മാഷു പറയുന്ന, c-class politicsന്റെ തറവേലകള്‍ understand ചെയ്യുന്ന, educated upper classന്റെ problemsനെക്കുറിച്ച് ഈ എഴുതിയതു തന്നെ ധാരാളം. Premium politics ആയ വികസനം, ആരോഗ്യം, വിദ്യാഭ്യാസം etc ഒക്കെ consider ചെയ്ത് ആകെ മൊത്തം totally നോക്കിയാല്‍ vote ചെയ്യണ്ടാന്ന് decide ചെയ്യാന്‍ സാധ്യതയുള്ള educated upper class നെ ഉദ്ബുദ്ധരാക്കാന്‍ പറ്റിയ premium political discuusionsമായി പേരടി മാഷ് incarnate ചെയ്യുന്നത് c-class politicsലെ indulge ചെയ്യുന്ന 5% ല്‍ 5% ആയ bloggers കാത്തിരിക്കുന്നുണ്ടാവണം.Especially ഈ c-class politicsന്റെയും Premium Politics ന്റെയുമൊന്നും definitionsഉം nuancesഉം അറിയാത്ത അടിയനെപ്പോലുള്ള retarded ജീവികള്‍ക്ക് :)))

ശ്ശൊ ഈ “എജ്യൂക്കേറ്റഡ് അപ്പര്‍ക്ലാസി“ന്റെ ഓരോരോ “പ്രോബ്ലംസേ“ !

പരാജിതന്‍ said...

അയല്‍‌ക്കാരാ,
വിശ്വാസം, വൈയക്തികമായ ആത്മീയത എന്നിവയൊക്കെ വലിയൊരളവ് വരെ ഒരേ മോള്‍‌ഡില്‍ പെടുത്തി നിര്‍‌വ്വചിക്കാന്‍ പറ്റില്ലെന്നത് ശരി തന്നെ. പക്ഷേ ആത്യന്തികമായി ഹോമങ്ങള്‍, യാഗങ്ങള്‍, മേധങ്ങള്‍ തുടങ്ങിയ മേജര്‍ റിച്വലുകളില്‍ മിക്കതും പുരോഹിതവര്‍‌ഗ്ഗത്തിന്റെ സംഭാവനകളാണെന്നതും അതു കൊണ്ടു തന്നെ അവയ്ക്ക് ഒരേ സമയം സൂക്ഷ്മവും സ്ഥൂലവുമായ പൊളിറ്റിക്കല്‍ മാനങ്ങള്‍ കൈവരുമെന്നതും വിസ്മരിക്കാന്‍ കഴിയുമോ? വൈയക്തികമായ ഒരു ആത്മീയകര്‍‌മ്മം വിപുലീകരിച്ച അനുപാതത്തില്‍ സമൂഹത്തിലേക്ക് പ്രൊജക്ട് ചെയ്യപ്പെടുമ്പോള്‍ അത് അപകടകരമായിത്തീരാനുള്ള സാധ്യത ഏറെയാണ്. അപ്പോള്‍ യുക്തിബോധത്തിന്റെ നിര്‍‌ദ്ദയമായ ചികിത്സ വേണ്ടി വരും. ടാന്‍‌ജിബ്‌ള്‍ അല്ലാത്ത ഒരാപത്ത് ഒഴിവാക്കാന്‍ അല്ലെങ്കില്‍ പ്രതിരോധിക്കാന്‍, ഒരു പരികര്‍മ്മിയെ വീട്ടില്‍ വിളിച്ച് ചില കര്‍‌മ്മങ്ങള്‍ ചെയ്യിച്ച് ശാന്തിയടയുന്ന വിശ്വാസികളുണ്ടാവാം. പക്ഷേ അതേ വിശ്വാസം സ്ഥൂലാകാരം പൂണ്ട്, മുഖ്യമന്ത്രിയുടെ കാര്‍‌മ്മികത്വത്തില്‍ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിന്റെ അധിപനെ നോക്കുകുത്തിയാക്കി നിര്‍‌ത്തി മന്ത്രവാദചികിത്സാ ഡിപ്പാര്‍‌ട്ട്മെന്റ് തുടങ്ങുന്ന അവസ്ഥയിലേക്ക് വളരുകയും ആദ്യം പറഞ്ഞ വിശ്വാസികളില്‍ ചിലര്‍‌ക്ക് അത് ആഹ്ലാദകരവും മറ്റു ചിലര്‍ക്ക് സ്വാഭാവികവുമായി അനുഭവപ്പെടുന്ന അവസ്ഥ വരുമ്പോള്‍ പ്രതിരോധം മാത്രം കൃത്യവും അളന്നു മുറിച്ചതും വിശ്വാസങ്ങളെ തലോടുന്നതുമായിരിക്കണമെന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ അവരെ എന്തു പേരിട്ടു വിളിക്കണം? റോഡിലും റെയില്‍‌വേ സ്റ്റേഷന്‍ കോമ്പൌണ്ടിനുള്ളിലും വരെ അടുപ്പുകൂട്ടി പൊങ്കാലയിടുകയും കഥയറിയാതെ വന്നിറങ്ങുന്ന യാത്രക്കാരെ പൊള്ളുന്ന വെയിലില്‍ ചെരിപ്പിടാതെ നടത്തിക്കുകയും ചെയ്യുന്ന മാസ് ഹിസ്റ്റീരിയയ്ക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ “ഭഗവാനു നൈവേദ്യമര്‍‌പ്പിക്കുകയെന്ന നിര്‍‌ദ്ദോഷമായ വിശ്വാസത്തെ ഭര്‍‌ത്സിക്കുന്നു”വെന്നു മുറിപ്പെടുന്ന വിവരദോഷികളെ എന്തു ചെയ്യണം?

അയല്‍ക്കാരന്‍ said...

മിക്ക ഹൈന്ദവാ‍ചാരങ്ങള്‍ക്കും പൌരോഹിത്യത്തിന്റെ അടിത്തറയാണുള്ളത്. ഈ ആചാരങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലത്ത് പൌരോഹിത്യത്തിന്റെ ദുര്‍ഭൂതങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ ചവിട്ടിയമര്‍ത്തുകയായിരുന്നു എന്നതും വാസ്തവം. ആ മുറിവുകളില്‍ പലതും ഇന്നും ഉണങ്ങിയിട്ടില്ല എന്നതും ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ പൊരൊഹിത്യത്തിന്റെ അടിത്തറയില്‍ പണിയപ്പെട്ട എല്ലാ വിശ്വാസങ്ങളും തള്ളിക്കളയപ്പെടേണ്ടവയാണ് എന്നു വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. അവയുടെ കറുത്ത ചരിത്രങ്ങളെ മറക്കാതെ തന്നെ അവയില്‍ പലതും മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് ഉപയോഗിക്കാം എന്നതാണ് എന്റെ കാഴ്ചപ്പാട്.

ഇന്നത്തെ പുരോഹിതവര്‍ഗ്ഗം വിശ്വാസത്തെ രാഷ്ട്രിയായുധങ്ങളാക്കുന്നതിനെ വേദനയോടെയാണ് കാണുന്നത്. പൌരോഹിത്യത്തിനെതിരേയുള്ള യുദ്ധത്തില്‍ അവിശ്വാസിയും വിശ്വാസിയും ഒരുമിച്ച് പോരാടേണ്ടതുണ്ട്. യുദ്ധം വഴിതെറ്റി വിശ്വാസത്തിനെതിരേയായാല്‍ ഈ സഹവര്‍ത്തിത്വം തകര്‍ക്കപ്പെടും. ഈ ഒരു നേരിയ ബൈഫര്‍ക്കേഷന്‍ പല സെക്യുലറിസ്റ്റുകളും കാണാതെപോകുന്നു.

പൊതുവഴിയടച്ചും മറ്റു മനുഷ്യരെ ബുദ്ധിമുട്ടിച്ചും നടത്തുന്ന ഏത് വിശ്വാസപ്രകടനവും (മതപരമോ രാഷ്ട്രീയമോ മറ്റെന്തുവേണമെങ്കിലോ ആയിക്കോട്ടെ) എതിര്‍ക്കപ്പെടേണ്ടതുതന്നെ. എതിര്‍പ്പ് പൊങ്കാലയോടല്ല, പൊങ്കാലയുടെ പേരില്‍ നടത്തപ്പെടുന്ന അവകാശനിഷേധങ്ങളോടാവണം. ഒരു സൊല്യൂഷന്‍ കണ്ടെത്തേണ്ടത് എല്ലാവരുടേയും ആവശ്യമായി കാണുകയും വേണം.

വിശാഖ്ശങ്കര്‍ said...

(രാജ്, ഇത്രയും നീണ്ട ഒരു ഓഫ്ടൊപ്പിക് കമന്റിനു ക്ഷമ ചോദിക്കുന്നു.ദിവസവും അമ്പലത്തില്‍ പോകുകയും,എല്ലാവര്‍ക്കും നല്ലതുവരണേയെന്ന് പ്രാര്‍ത്ഥിക്കുകയും,ചന്ദനക്കുറി തൊടുകയും, വിഷുവും, കാര്‍ത്തികയുമൊക്കെ ആഘോഷിക്കുകയും ചെയ്യുന്നൊരു വിശ്വാസിയുടെ വിശ്വാസത്തെ ഒരു അവിശ്വാസിയും, യുക്തിവാദക്കാരനും ആക്രമിക്കുന്നില്ല.മറിച്ച് വ്യക്തിപരവും, നീര്‍ദ്ദോഷവുമായ വിശ്വാസം, ആ തലം വിട്ട് കാലഹരണപ്പെട്ട ദുരാചരങ്ങളുടെ പുനരുത്ഥാരണത്തിനുള്ള ആഹ്വാനങ്ങളായി മാറുമ്പൊഴാണ് പുരോഗമനേച്ഛുക്കളായ മനുഷ്യര്‍ക്ക് അതുമായി കലഹിക്കെണ്ടിവരുന്നത്.ജ്യോതിഷവും, മത്രവാദവുമൊക്കെ അക്കാദമിക്ക് വിഷയങ്ങളാക്കണമെന്നും മറ്റുമുള്ള വാദങ്ങള്‍ വിശ്വാസികളുടെ മാത്രം കാര്യങ്ങള്‍ എന്ന നിലയ്ക്ക് വിട്ടാല്‍, അവിശ്വാസികളും, ഇതര മതവിശ്വാസികളും ഒക്കെ ചേര്‍ന്ന് അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ മഴപെയ്യിക്കാനായി ഹൊമം നടത്തുന്നതും നമുക്ക് കാണേണ്ടിവരും.വിശ്വാസത്തിനു കേന്ദ്രീകൃത സ്വഭാവം നല്‍കാനുള്ള പൌരോഹിത്യത്തിന്റെ ശ്രമങ്ങള്‍ക്കെതിരേ തന്നെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരം.അത് ചില നേരങ്ങളില്‍ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിനെതിരായത് എന്ന നിലയ്ക്ക് ഏറ്റെടുക്കുമെന്നുമാത്രം.എണ്ണമറ്റ മനുഷ്യദൈവങ്ങള്‍, ധ്യാനവും, മന്ത്രങ്ങളുമൊക്കെ ഉപയോഗിച്ച് രോഗശാന്തിവരുത്തിയെന്ന വാദങ്ങള്‍,മകരവിളക്ക് തൊട്ട് പാലുകുടിക്കുന്ന ഗണപതിവരെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഒരു യുക്തിവാദി വാദിക്കുന്നത് അത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹവുമായി നടത്തുന്ന പ്രതിലോമകരമായ ഇടപെടലുകളെ ചെറുക്കുവാനായാണ്. അല്ലാതെ വിശ്വാസികളെ ഓരോ വ്യക്തികളായെടുത്ത് അവരെ വ്യക്തിപരമായി മുറിവേല്‍പ്പിക്കനോ, തേജോവധം ചെയ്യാനോ അല്ലെന്നത് പലപ്പൊഴും വിശ്വാസികള്‍ മനസിലാക്കാറില്ലെന്നതാണ് ഖേദകരം.

വെളുപ്പിനെഴുനേറ്റ് കുളിച്ച് അമ്പലത്തിലോ, പള്ളിയിലോ പോകുന്ന, നാല്‍പ്പത്തൊന്നുദിവസം നോമ്പുനോറ്റ് ശബരിമലചവിട്ടുന്ന, പളനിയില്‍ പോയി തല മുണ്ഡനം ചെയ്യുന്ന, ഈസ്റ്ററിനോ, ഈദിനോ നോമ്പുപിടിക്കുന്ന ഒരു വിശ്വാസിയേയോ, ആ പ്രവര്‍ത്തിയിലൂടെ അയാള്‍ക്കുകിട്ടുന്ന മനശാന്തിയേയോ ഒരു യുക്തിവാദിയും ചോദ്യം ചെയ്തിട്ടില്ല.ആ നിലയ്ക്ക് വിശ്വാസിക്കും അവിശ്വാസിക്കുമിടയില്‍ ഒരു ബൈഫര്‍ക്കേഷനുണ്ടെന്ന് വാദിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത്പൌരോഹിത്യമല്ലേ? അതുതന്നെയല്ലേ അവിശ്വാസികള്‍ക്ക് വോട്ടുചെയ്യരുത് എന്ന മട്ടിലൊക്കെയുള്ള ഇടയലേഖനങ്ങളുടേയും മറ്റും രഹസ്യാജണ്ടയും?

അയല്‍ക്കാരന്‍ said...

വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയില്‍‍ ബൈഫര്‍ക്കേഷന്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യം. പ്രതിലോമകരം എന്ന വിശേഷണം എന്തിനൊക്കെ കൊടുക്കും എന്നത് അതിന്റെ ഒരുദാഹരണം.

അതിലും വലിയ ബൈഫര്‍ക്കേഷനുള്ളത് വിശ്വാസിയായ സാധാരണക്കാരനും വിശ്വാസിയെ ഉപയോഗിച്ചു ജീവിക്കുന്ന പുരോഹിതവര്‍ഗ്ഗത്തിനുമിടയിലാണ് എന്നതും സത്യം. ഈ പോരാട്ടത്തില്‍ ഉല്പതിഷ്ണുക്കളായ എല്ലാവരും വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിഞ്ഞുനില്‍കാതെ ഒരുമിച്ചുപോരാടണം. അതിനാവശ്യമായ മ്യൂച്വല്‍ റെസ്പെക്റ്റ് നഷ്ടപ്പെടാനിടയാക്കുന്ന ഒന്നും അവിശ്വാസിയും വിശ്വാസിയും ചെയ്തുകൂടാ.

വിശാഖ്ശങ്കര്‍ said...

“അതിലും വലിയ ബൈഫര്‍ക്കേഷനുള്ളത് വിശ്വാസിയായ സാധാരണക്കാരനും വിശ്വാസിയെ ഉപയോഗിച്ചു ജീവിക്കുന്ന പുരോഹിതവര്‍ഗ്ഗത്തിനുമിടയിലാണ് എന്നതും സത്യം.“
അയല്‍ക്കാരാ,
താങ്കള്‍ ഉണ്ടെന്ന് പറയുന്ന ആ ബൈഫര്‍ക്കേഷനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് കേവലം പുരോഹിതവര്‍ഗ്ഗത്തില്‍ ഒതുങ്ങിനില്‍ക്കുന്നില്ല.അവരുടെ ശ്രമങ്ങള്‍ക്ക് രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായായ മാനങ്ങള്‍ നല്‍കാന്‍ സംഘടിതവും, കേന്ദ്രീകൃതവുമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.തങ്ങളുടെ വിശ്വാസങ്ങള്‍ ഉപയോഗിച്ച് തങ്ങളെത്തന്നെ തടവിലാക്കാന്‍ നടക്കുന്ന ഇത്തരം സംഘടിതശ്രമങ്ങളെ ചെറുക്കേണ്ടതുണ്ടെന്നത് ആദ്യം മനസിലാക്കേണ്ടത് വിശ്വാസികള്‍ തന്നെയാണ്.ഇടയ്ക്കെവിടൊക്കെയോ വന്നുകയറുന്ന ചില അവ്യക്തതകള്‍ ഒഴിച്ചാല്‍ താങ്കളും അതുതന്നെയാണ് പറയുന്നതെന്നുതോന്നുന്നു.ബാക്കിയാവുന്ന ആ അവ്യക്തതകളെക്കുറിച്ച് നമുക്ക് ആവുംവിധം വ്യക്തതയോടെ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കാം.

Anonymous said...

സത്യം ഒട്ടും കലരാതെ കളവ് എഴുതാനും നല്ല മിനക്കെടാണു അല്ലേ, വിശാഖ് ശങ്കർ, രാജ്, സൂരജ്, മെർകൂഷിഒ, ഹരി.....

നാലുലക്ഷം ഹിന്ദുക്കൾ കാശ്മീരിൽ ആട്ടിയോടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തപ്പോൾ നിങ്ങളുടെ പാർട്ടി കമാന്നൊരക്ഷരം മുണ്ടിയില്ല.എന്തായിരുന്നു കാരണം?
വേണ്ട, അതൊന്നും ഞാൻ ചോദിക്കുന്നില്ല.ഞാന്നും ഐയിടെ യാണു അതെല്ലാം കേട്ടത്. വടക്കേ ഇന്ത്യ വേറെ എന്ന കാഴ്ചപ്പാടാണല്ലോ നിങ്ങൾക്കൊക്ക്കെ. എന്നെ ബീജേപ്പിക്കാരന്റെ ഒപ്പമാക്കിയ പ്രാദേശികസംഭവം സൂചിപ്പിക്കട്ടെ. നിങ്ങളൊക്കെ വല്ല്യ വല്ല്യനാട്ടിൽ പഠിപ്പും പത്രാസുമായി കഴിയുകയായതുകൊണ്ട് എന്റെ കൊച്ചു തിരൂരിൽ നടന്ന ഒരു സങ്ഗതി നിങ്ങൾ അറിഞ്ഞിരിക്കില്ല.
തിരൂരിൽ തുഞ്ചൻപറമ്പ് എന്നു കേട്ടുകാണുമല്ലോ. ആ തിരൂരിൽ ഒരു തുഞ്ചൻ പ്രതിമ സ്ഥാപിക്കാനൊരു നീക്കമുണ്ടായി. പ്രശസ്തനായ ഒരു ശിൽ‌പ്പി ഒരു താടിക്കാരൻ എഴുത്താണികൊണ്ട് ഓലയിലെഴുതുന്ന പ്രതിമയുമുണ്ടാക്കി.
എന്നാൽ ഈ പ്രതിമ സ്താപിക്കുന്നത് അനിസ്ലാമികമാണെന്നും അതുകോണ്ടുതന്നെ മൂസ്ലീം ഭൂരിപക്ഷജില്ലയിൽ അതു തടയണമെന്നുംലീഗിലെ സുന്നികളിലെ ഒരുവിഭാഗം വാദിച്ചു. മറുഭാഗം ഒന്നും മിണ്ടിയില്ല.കോൺഗ്രസ് ശരി പറഞ്ഞു.മർക്സിസ്റ്റ് പാർട്ടി, പ്രതിമാസ്ഥാപനം ഉപേക്ഷിച്ചാലത്തെ അവസ്ഥയിലും നേട്ടമുണ്ടാക്കാൻ പറഞ്ഞതെന്താണെന്നോ, തങ്ങളുടെ തന്നെ അണീകളോട്?
“എഴുത്തച്ചനെ സവർണ്ണവർഗ്ഗീയതയോടു പടവെട്ടിയ വിപ്ലവകാരി എന്നനിലക്കു അവതരിപ്പിക്കുമ്പോഴേ അതിൽ പുരോഗമനാത്മകമായ എന്തെങ്കിലും സമൂഹത്തിനു കാണാൻ കഴിയൂ എന്നും, എഴുത്താണിയും പഴയ താളിയോലയും പിടിച്ചു കൊണ്ടുള്ള എഴുത്തച്ഛന്റെ പ്രതിമ, സവർണ്ണഫാസിസ്റ്റുകൾ ഇന്നും സമൂഹത്തീനുമേൽ പിടിമുറുക്കാനുപയോഗിക്കുന്ന വിഗ്രഹാരാധനതുടങ്ങിയ അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ എന്നും!
സവർണ്ണഫാസിസ്റ്റ് മെൽക്കോയ്മക്കെതിരെ (അന്നു കേന്ദ്രത്തിൽ വാജ്പേയ്യി)യുള്ള നമ്മുടെ പോരാട്ടത്തിൽ ന്യൂനപക്ഷങങളെ നമ്മുടെകൂടെ നിർത്തേണ്ടതുകൊണ്ട് അവർക്കുകൂടി യോജിക്കാവുന്നതരത്തിൽ പ്രതിമ പരിഷ്കരിക്കേണ്ടതാണ്! ആരും കണ്ടിട്ടില്ലാത്ത എഴുത്തഛ്നെ ആധുനികകാലത്തെ സന്യാസികളുടെ ഇമേജിൽ ഒരു താടിക്കാരനായ്യി ചീത്രീകരിക്കുന്നതും തെറ്റൂതന്നെ. അദ്ദേഹത്തിന്റെ ഭാഷാപിതൃത്വം സൂചിപ്പിക്കുന്നതിനു സഹയകമായി ഒരു പെന്നും മഷിക്കുപ്പിയും പുസ്തകവും മാത്രമായ ഒരു ശിൽ‌പ്പം സ്താപിച്ചാൽമതി എന്ന് “ന്യൂനപക്ഷങ്ങൾക്കുംകൂടി യോജിക്കാൻ സാധിക്ക്കുന്ന” തീരുമാനമെടുക്കുന്നതാണു ഉചിതം!
അന്നാണു ഞാൻ പു.ക.സ വിട്ടത്.
ഇതുകൂടി പറയട്ടെ,
അന്നു തുൻചൻപ്രതിമക്കു പകരൻ ‘കുപ്പിയും കോലും’സ്ഥാപിക്കുന്നതിനെ ബീജേപ്പിക്കാരോടു ചേറ്ന്നല്ലെങ്കിലും എതിർത്തവരിൽ കവി യൂസഫലി കച്ചേരിയും കാഥികൻ യു.ഏ.ഖാദറും ഉണ്ടായിരുന്നു.
ഇതൊന്നും മുത്തശ്ശിയല്ലാതെ മറ്റൊരു പത്രവും റിപ്പോറ്ട്ട് ചെയ്തതുമില്ല. അതാവും ഒബാമക്കെത്ര ജെട്ടിയുണ്ട് എന്നുപോലും അറിയുന്ന പല മലയാളികളും അറിയാതിരുന്നത്!
ഇതിനെക്കുറിച്ച് എതിരഭിപ്രായം ഞാൻ പറഞ്ഞതീന്റ്റെ വിലകുറക്കാൻ, തിരസ്കരിക്കപ്പെട്ട പ്രതിമയുടെശിൽ‌പ്പി എന്റെ ജാതിക്കാരനായതുകൊണ്ടാണ് എന്റെ എതിർപ്പ് എന്നു ഒരുമുഴം മുങ്കൂട്ടി എറിയാനും ജാതിയതക്കെതിരെ പ്രവർത്തിച്ച ഏക്കേജിയുടെ പാറ്ട്ടിയ്ടെ ഒരു ലൊക്കൽ കമ്മറ്റി മുതിർന്നു എന്നും അറിയിക്കട്ടെ. പെരുത്തു സലാം!
നിങ്ങളിൽ കേരളത്തിനു പുറത്തുള്ളവർക്കു, ചെയ്യാൻപറ്റാത്ത വോട്ടിനെക്ക്കുറിച്ചാവും ഖേദം. അടിയൻ ആദ്യമായി ഇക്കുറി വിലയേറിയവോട്ടവകാശം പെട്ടിയിലിടാതെ ആ ദിവസം എന്തെങ്കിലും നല്ലകാര്യം ചെയ്യാൻ പോകുന്ന്!

പള്ളിക്കുളം.. said...

"മതം വളരെ വ്യക്തിപരമായ കാര്യമാണു്. സ്വന്തം വീടിന്റെ / ആരാധനാലയത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ അതിനെ ഒതുക്കിവയ്ക്കുവാൻ ഇന്ത്യൻ ജനത പ്രബുദ്ധ കാണിക്കേണ്ടതുണ്ടു്."

ഇസ്ലാമിന് അന്യമായ ഒരു വാദമാണിത്.
രാഷ്ട്രീയം ഉൾപ്പടെ എല്ലാ മേഖലകളിലും ഇടപെട്ട് അവയെ ശുദ്ധീകരിച്ചുകൊണ്ടാണ് അതു ചരിത്രത്തിൽ മുന്നേറിയത്..

Binish Joseph said...

ഒരു ബി.ജെ.പി യെ മാത്രം വിമര്‍ശിച്ചത് കൊണ്ട് ഇതിനു പരിഹാരം ആകുന്നില്ല. രാഷ്ട്രത്തിന് വേണ്ടി എന്ത് ചെയ്തു, ഇനി എന്ത് ചെയും എന്നതിനെ അടിസ്ഥാനം ആക്കി ഭരണ കര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിയാതെ പോകുന്നു... വര്‍ഗീയത ഇന്ന് മതം ഇല്ലെന്നു പറയുന്നവര്‍ പോലും ആയുധമാക്കി മാറ്റുന്നത് തങ്ങളുടെ അഴിമതികള്‍ മറച്ചു വയ്ക്കാന്‍ വേണ്ടിയാണ്... ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ ഉള്ള കഴിവ് ജനത്തിന് ഉണ്ടാകട്ടെ എന്ന് പ്രാര്‍തിക്കാനെ നമുക്ക് ഇപ്പോള്‍ കഴിയൂ. വര്‍ഗീയതയും പ്രാദേശിക വാദവും ആരില്‍ നിന്നുണ്ടായാലും അത് എതിര്‍ക്കപ്പെടണം.