ജോണി ഡെപ്പ് അന്നത്തെ പണിയെല്ലാം തീർത്തു ഒന്നര മണിക്കൂർ വണ്ടിയോടിച്ചു ക്ഷീണിച്ചു വീട്ടിലെത്തി വാതിൽ തുറന്നതേയുള്ളൂ. സ്വീകരണ മുറിയിൽ ജോണിയുടെ ഭാര്യ മെറൽ സ്ട്രീപ്പ് ഒരു കസേരയിൽ അനങ്ങാതെയിരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ജോണിക്കു കാര്യം മനസ്സിലായി. ഇന്നലെ റ്റീവിയിൽ കണ്ടതു പോലെ തന്റെ വീടു തീവ്രവാദികൾ കൈയേറിയിരിക്കുന്നു. ജോണിക്കു പുറകിൽ വീടിന്റെ വാതിൽ തന്നെയടഞ്ഞു.
വേഷം കൊണ്ടു ഇരുപതു വയസ്സു തോന്നിക്കുന്ന ഒരു തീവ്രവാദി തോക്കുചൂണ്ടി ജോണിയെ സോഫയിലിരുത്തി.
‘ഞാൻ ഒന്നര മണിക്കൂർ വണ്ടിയോടിച്ചു വരികയാണ്, ഇന്നു മുഴുവൻ അലച്ചിലായിരുന്നു. ഈ ടൈയും ഷൂസും ഊരിയിട്ടോട്ടെ?’ ജോണി ഡെപ്പ് ചോദിച്ചു.
തീവ്രവാദി സമ്മതിച്ചു കൊടുത്തു.
അപ്പോൾ ജോണി മെറലിനെ നോക്കിക്കൊണ്ടു പറഞ്ഞു, ‘ഈ പണിയൊന്നും എനിക്കു ശീലമില്ല. എന്റെ പൊന്നു് അടിമയെ ആണല്ലോ തീവ്രവാദി ഇപ്പോൾ കസേരയിൽ തടവിലാക്കിയിരിക്കുന്നതു്. അവളെ കുറച്ചു നേരത്തേയ്ക്കു അഴിച്ചു വിടുമോ?’ തീവ്രവാദി അതിനും സമ്മതം പറഞ്ഞു.
‘വിശക്കുന്നുണ്ടോ?’ അടിമ ജോണി ഡെപ്പിനോടു ചോദിച്ചു.
ജോണി ചുണ്ടത്തു വിരലു വച്ച് ശ്‌ശ്‌ശ് എന്നു ശബ്ദമുണ്ടാക്കി. തീവ്രവാദി കേട്ടാൽ എന്തു കരുതും?
തീവ്രവാദി ജോണിയുടേയും അടിമയുടേയും നീക്കങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയായിരുന്നു. അടിമ ജ്യൂസിനുള്ള ഓറഞ്ചു പിഴിയുമ്പോൾ ആണല്ലോ തീവ്രവാദി വീടു സ്വീകരണമുറിയും അടുക്കളയും കൈയേറിയതു്. ജോണി ഡെപ്പ് സങ്കോചത്തോടെ ചോദിച്ചു, ‘പ്ലീസ് ആ ഓറഞ്ചു ജ്യൂസ് ഞാൻ കുടിച്ചോട്ടേ?’
തീവ്രവാദി തോക്കിൻ കുഴൽ കീഴ്ചുണ്ടിൽ അമർത്തി കുറേ ആലോചിച്ചു. എന്നിട്ടു പറഞ്ഞു ‘Yellow കളറിലുള്ള ഓറഞ്ച് ജ്യൂസ് ആണെങ്കിൽ സമ്മതമല്ലെന്നു്.’
ദൈവമേ അടിമ എന്തു ചെയ്യും? മഞ്ഞ നിറമല്ലാത്ത ഓറഞ്ചു ജ്യൂസിനായിട്ട്! ജോണി ഡെപ്പ് എന്തു ചെയ്യും?
‘പ്ലീസ്...’ അടിമ കെഞ്ചി. തീവ്രവാദി അലിഞ്ഞു. ജോണിയെ നോക്കി. ജോണിയും കെഞ്ചി ‘പ്ലീസ്...’
തീവ്രവാദി ഒന്നു ആലോചിച്ചുകൊണ്ടു് ഉറക്കെപ്പറഞ്ഞു, ‘Then I need a chocolate drink.’
‘ഡീൽ.’ ജോണി കൈകൊടുക്കുവാൻ മുന്നോട്ടാഞ്ഞു.
‘നോ!’ തീവ്രവാദി പൊടുന്നനെ തോക്കു് ഉയർത്തി ജോണിക്കു നേരെ ചൂണ്ടി. ജോണി അറിയാതെ രണ്ടു കൈകളും ഉയർത്തി.
ഓറഞ്ചു ഡ്രിങ്കും ചോക്ലേറ്റ് ഡ്രിങ്കും അടിമ കൊണ്ടുവന്നു. വീറ്റ് ബ്രെഡിന്റെ സ്ലൈസുകൾക്കു മുകളിൽ അല്പം പീനട്ട് ബട്ടർ തേച്ചതും കൊണ്ടു വന്നുവച്ചു.
ജോണി ഡെപ്പ് ഒറ്റയിറക്കിനു ഓറഞ്ച് ജ്യൂസ് കാലിയാക്കി. തീവ്രവാദി ചോക്ലേറ്റ് ഡ്രിങ്കിനേയും അടിമയേയും സൂക്ഷിച്ചു നോക്കി. അടിമ ഉടൻ ചോക്ലേറ്റ് ഡ്രിങ്ക് ഒരിറയ്ക്കു കുടിച്ചു തീവ്രവാദിക്കു തിരിച്ചു നൽകിക്കൊണ്ടു പറഞ്ഞു, ‘മധുരമുണ്ട്.’
തീവ്രവാദി ജോണിയേയും അടിമയേയും സോഫയുടെ ഒരു മൂലയിലേയ്ക്കു മാറ്റിയിരുത്തി.
‘Face the wall...’ തീവ്രവാദി അലറി.
ജോണി വീട്ടിൽ വന്നു കയറുമ്പോൾ തീവ്രവാദി അടിമയെ ഇരുത്തിയിരുന്ന കസേരയിൽ തീവ്രവാദി കയറിയിരുന്നു. തോക്കു് മടിയിൽ ഭ്രദ്രമായി വച്ചുകൊണ്ടു ചോക്ലേറ്റ് ഡ്രിങ്ക് കഴിച്ചു. പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് തൊട്ടു നോക്കിയതേയില്ല.
ഒടുവിൽ ജോണി ഡെപ്പിനേയും മെറൾ സ്ട്രീപ്പിനേയും ചുമരിൽ നിന്നും മാറി നേരെ നോക്കുവാൻ തീവ്രവാദി അനുവദിച്ചു. ജോണി ഡെപ്പ് പകുതി ആശ്വാസത്തിൽ വാൾ ക്ലോക്കിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു, ‘ഇനിയും ഞങ്ങൾ എത്രനേരം മിണ്ടാതെയിരിക്കണം?’
തീവ്രവാദി അതിനു മറുപടി പറയാതെ ബോബ് ഡില്ലന്റെ ‘You don’t need a weatherman to know which way the wind blows’ ഇയർഫോണിലൂടെ കേട്ടുകൊണ്ടിരുന്നു. തീവ്രവാദി ജോണി ഡെപ്പിന്റെ ഐപ്പോഡും മോഷ്ടിച്ചിരിക്കുന്നു.
‘Are you a Hindu?’
‘അല്ല അല്ല..’ ജോണി ഡെപ്പ് തോക്കിന്റെ കുഴൽ നോക്കി മറുപടി പറഞ്ഞു. ഇപ്പോൾ തോക്കിന്റെ കുഴൽ അടിമയെ ചൂണ്ടിയാണിരിക്കുന്നതു്. അടിമയും ഹിന്ദു അല്ലെന്നു പറഞ്ഞു.
‘How do I know!’ തീവ്രവാദിയുടെ തോക്കു ശബ്ദിച്ചു. ജോണി ഡെപ്പ് വെടിയേറ്റു സോഫയിൽ നിന്നും നിലത്തേയ്ക്കു മരിച്ചു വീണു. വീഴ്ചയിൽ അയാളുടെ നെറ്റി പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് വച്ചിരിക്കുന്ന ടീപ്പോയിലിടിച്ചു. അടിമയുടെ തൊണ്ടയിൽ നിന്നും വേദനയുള്ള ഒരു സ്വരം പുറത്തുവന്നു.
തീവ്രവാദി അയാളുടെ അടുത്തേയ്ക്കു ഓടിവന്നു.
‘Daddy, daddy are you hurt?’
‘Yes son, I'm.’ ജോണി ഡെപ്പ് തീവ്രവാദിയെ കെട്ടിപ്പിടിച്ചു.
‘But daddy I really didn't mean to hurt you.’
‘സാരമില്ല, എന്റെ കൊച്ചു മാറ്റ് ഡേമൺ. നീ ടീവിയിൽ കാണുന്നവരും ദേഹത്തു കൊള്ളണം വേദനിപ്പിക്കണം എന്നു കരുതിയല്ല വെടിവയ്ക്കുന്നതു്. പാവങ്ങളാണു് എല്ലാവരും.’
മെറൽ സ്ട്രീപ്പ് ഓടിവന്നു തീവ്രവാദിയെ പിടിച്ചെഴുന്നേല്പിച്ചു. ‘മതി മതി ഇന്നത്തെ കളികളൊക്കെ മതിയാക്കു്. കഴിഞ്ഞു.’
തീവ്രവാദിക്കു സങ്കടം തോന്നി.
9 comments:
കഥ മൊത്തത്തിൽ കൊള്ളാം (എനിക്കിതിന്റെ പൊളിറ്റിക്സ് ഇഷ്ടമായില്ലെങ്കിലും)
ഇഷ്ടമായത്:-
1) ഭാഷയിൽ പുതുമയുണ്ട്. ഒരുതരം “‘പരിഭാഷാ മലയാളം” എന്നു തോന്നിപ്പിക്കുന്ന ഭാഷയാണ് ഇത്തരം ട്രീറ്റ്മെന്റിന് ആവശ്യമെന്ന് തോന്നുന്നു. “പ.മ” എന്ന് പറഞ്ഞത് ഒരിക്കലും -ve അർത്ഥത്തിലല്ല.
2) DIrect Narration + ലാളിത്യം.
ഇഷ്ടമല്ലാത്തത്:-
1) ഇ[അ]തിലെ പൊളിറ്റിക്സ്. അതെത്ര വ്യംഗ്യമോ,സുതാര്യമോ ആണെങ്കിൽ കൂടി.
(ഓഫ്)
2) കടൽ കൊള്ളക്കാരൻ Johny Depp - കണ്ണെടുത്താൽ കണ്ടൂട. കാരണം സ്ത്രീകൾക്ക് അയാളോടുള്ള അമിതാരാധന തന്നെ :(
[അസൂയ എന്നും പറയാം]
ഇഷ്ടമായി. സ്റ്റൈലും രാഷ്ട്രീയവും.
തീവ്രവാദത്തെ ഒരു ഗെയിമുമായി ബന്ധപ്പെട്ട സാഡോ-മസോക്കിസ്റ്റിക് കത്താര്‍സിസുമായി കൂട്ടിക്കെട്ടിയാല്‍ ഡിങ്കന്‍ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയം വല്ലാതെ ലഘുവായി എന്നു തോന്നിയേക്കാം. പക്ഷേ കസബിനെപ്പോലെ ഒരുത്തനെ പ്രൊപഗാന്‍ഡ വഴി കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു 'കുട്ടി'യായി കാണാന്‍ സാധിക്കുന്നില്ലേ? മുറിവേല്‍ക്കുന്നവരിലേക്ക് തിരിയാത്ത, ആശയപരമായ വിജയത്തിന്റെ ഒരു യൂഫോറിയയില്‍ മാത്രം തറഞ്ഞുനില്‍ക്കുന്ന ഒരു കാഴ്ചയാണ് തീവ്രവാദത്തിന്റെ ശക്തി.
പാവങ്ങളാണ് എല്ലാവരും എന്നല്ലെങ്കിലും പാവങ്ങളാണ് പലരും/മിക്കവരും എന്ന്‍ പറയിക്കുന്ന ഒരു തരം വിക്റ്റിമൈസേഷന്‍ ഈ പ്രതിഭാസത്തിനുള്ളിലുണ്ട്.
മറിച്ച് ഫനാ പോലെ ഒരു ഫിലിം --ഹോളിവുഡ് മാത്രമല്ല ബോളീവുഡും- ചെയ്യുന്നത് ഭീകരന്റെ ഹൃദയത്തെ പ്രശ്നവല്‍ക്കരിക്കുന്നതിനുപകരം ഐഡിയലൈസ് ചെയ്യുകയാണ്. പാവങ്ങളാണ് പലരും എന്നതില്‍ നിന്ന് പാവങ്ങളാണ് എല്ലാവരും എന്ന തീര്‍പ്പിലേക്കുള്ള ദൂരം വളരെ കുറവാകുന്നത് അങ്ങനെയാണ്.
*************
Off: ടരന്റീനോയുടെ കില്‍ ബില്‍ കണ്ടിരുന്നോ രാജ്? അതില്‍ അവസാന ഭാഗത്ത് ഇതിന്റെ കോമ്പ്ലിമെന്ററി എന്ന് തോന്നാവുന്ന കാഴ്ചയുണ്ട്. അച്ഛന്റെ ഹിംസാവാസന പകര്‍ന്നുകിട്ടുന്ന കുട്ടിക്ക് ഇഷ്ടമുള്ളത് വയലന്റ് റ്റെലവിഷന്‍ ഷോകള്‍. ആ അച്ഛനെ കൊന്ന് അമ്മ മകളെ പുതിയ വീട്ടിലേക്ക് പോകുന്നു. അടുത്തത് പിറ്റെ ദിവസം രാവിലെ ഒരു സാധാരണ കോമിക് സ്ട്രിപ്പ് കണ്ട് കൈകൊട്ടിച്ചിരിക്കുന്ന കുട്ടിയെ കാണിച്ചുതരുന്നു. (പക്ഷെ തീവ്രവാദിയുടെ ഹൃദയത്തിലേക്കല്ല ഗാംഗ്സ്റ്ററുടെ ഹൃദയത്തിലേക്കാണ് ടരന്റീനോയുടെ കാമറ. ഗാംഗിന്റെ സൈക്കോളജിയില്‍ നിന്ന് ആ കുട്ടി മുക്തി നേടുന്നു എന്നാണ് സൂചന- അത്ര ഇഫക്റ്റീവല്ലെങ്കിലും.)
അരുന്ധതി റോയുടെ The God of Small Things -ൽ ഒരിടത്തു റാഹേൽ വെളുത്തയെ കുറിച്ചു ഇപ്രകാരമാണു് ഓർമ്മിക്കുന്നതു്:
It is only now, these years later, that Rahel with adult hindsight, recognized the sweetness of that gesture. A grown man entertaining three raccoons, treating them like real ladies. Instinctively colluding in the conspiracy of their fiction, taking care not to decimate it with adult carelessness. Or affection.
കുട്ടികളുടെ റോൾ പ്ലേകളെ പൊടുന്നനെ ഒരു രാഷ്ട്രീയത്തിന്റെ കൊമ്പിൽ പിടിച്ചു കെട്ടണോ? കസബിന്റെ പേര് ഇവിടെ ഗുപ്തൻ പറഞ്ഞതുകൊണ്ടു അയാളെ ഉദാഹരണമാക്കിയാൽ മതം അയാളെ സംബന്ധിച്ചു അയാൾക്കു പൂർണ്ണമായും ഉൾക്കൊള്ളാനാവാത്ത വലിയൊരു സമ്യസയാണ്. അതുകൊണ്ടാണു എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചില ചെറിയ കാര്യങ്ങളിൽ അവർ സ്വയം തളച്ചിടുന്നതു്. ചെറുപ്പത്തിൽ സ്ത്രീകളുടെ വേഷം കെട്ടുന്ന ആൺകുട്ടികൾ സാരിയുടെ ഉടുക്കുന്നതിനെ കുറിച്ചു അധികം ബേജാറാവുന്നതു പോലെ. അതേ കളിയിൽ തുടരുവാൻ അനുവദിക്കുമ്പോൾ തനിക്കു ഉൾക്കൊള്ളുവാൻ സാധിക്കുന്നതിലും വ്യാപ്തിയുള്ളതാണു തന്റെ റോൾ എന്നു കുട്ടി മനസ്സിലാക്കുന്ന പ്രോസസുമില്ലേ? ജോണി ഡെപ്പിന്റെ കുടുംബത്തിലും അത്തരം ചിലതായിരുന്നു ഉദ്ദേശിച്ചിരുന്നതു്.
ടെററിസ്റ്റ് = കുട്ടി, ടെററിസം = കുട്ടിക്കളി എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. അതേ സമയം ജോണി കുട്ടിയോടു അവസാനം പറയുന്ന വാചകം ഈ ഒരു ഫീൽ പ്രത്യേകിച്ചും കുട്ടിത്തത്തിനോടു ബന്ധപ്പെട്ട നിഷ്കളങ്കതയെ പ്രൊജക്റ്റ് ചെയ്യുന്ന ഒന്നാവരുതായിരുന്നു എന്നു് ഇപ്പോൾ തോന്നുന്നുണ്ടു്.
ടെമ്പ്ളേറ്റിനു അല്‍പ്പം കുഴപ്പമുണ്ടോ? ദാ, സ്ക്രീന്‍ ഷോട്ട് -
അതില്‍, പോസ്റ്റിനേക്കാള്‍ കമന്റിന്റെ റെന്‍ഡറിങ്ങ് നന്ന്.
ഇതു വായിച്ചിട്ട്, “അതിനിപ്പോ എന്താ?” എന്നൊരു കൊളീഗ് ചോദിച്ചതു കാരണമാണ് ഞാന്‍ എന്റെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. :) :(
അപ്പോള്‍ "ദി ബ്രൈഡ് ", "കോപ്പര്‍ ഹെഡ്ഡി"നെ കൊന്ന ശേഷം മകളോട് "...I will be waiting for you" എന്നു പറഞ്ഞതോ ഗുപ്താ?
റ്റരാന്റീനോ അങ്ങനെയൊന്നും ഡീപ്പായി ഉദ്ദേശിച്ചില്ലെന്ന് തോന്നുന്നു.
കഥ നന്നായിരുന്നു.അതിലെ politics അത്ര ലഘു അല്ല എന്നു തോന്നുന്നു.ചെയ്യുന്ന മഹാപാതകങ്ങളെല്ലാം ശരിയാണ് എന്നു വിശ്വസിക്കുന്ന തീവ്രവാദികളിലെ ഒരു യുവ സമൂഹത്തിന്റെ ദുരന്തം ഞാനിവിടെ ദര്‍ശിച്ചു. എല്ലാവരും അല്ലെങ്കിലും ചിലരെങ്കിലും പാവങ്ങള്‍ തന്നെ.
not bad....
good one..i would like to read it as a short story rather than searching for the deep rooted "terrorism" in between the lines.
Post a Comment