ജോണി ഡെപ്പ് അന്നത്തെ പണിയെല്ലാം തീർത്തു ഒന്നര മണിക്കൂർ വണ്ടിയോടിച്ചു ക്ഷീണിച്ചു വീട്ടിലെത്തി വാതിൽ തുറന്നതേയുള്ളൂ. സ്വീകരണ മുറിയിൽ ജോണിയുടെ ഭാര്യ മെറൽ സ്ട്രീപ്പ് ഒരു കസേരയിൽ അനങ്ങാതെയിരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ജോണിക്കു കാര്യം മനസ്സിലായി. ഇന്നലെ റ്റീവിയിൽ കണ്ടതു പോലെ തന്റെ വീടു തീവ്രവാദികൾ കൈയേറിയിരിക്കുന്നു. ജോണിക്കു പുറകിൽ വീടിന്റെ വാതിൽ തന്നെയടഞ്ഞു.
വേഷം കൊണ്ടു ഇരുപതു വയസ്സു തോന്നിക്കുന്ന ഒരു തീവ്രവാദി തോക്കുചൂണ്ടി ജോണിയെ സോഫയിലിരുത്തി.
‘ഞാൻ ഒന്നര മണിക്കൂർ വണ്ടിയോടിച്ചു വരികയാണ്, ഇന്നു മുഴുവൻ അലച്ചിലായിരുന്നു. ഈ ടൈയും ഷൂസും ഊരിയിട്ടോട്ടെ?’ ജോണി ഡെപ്പ് ചോദിച്ചു.
തീവ്രവാദി സമ്മതിച്ചു കൊടുത്തു.
അപ്പോൾ ജോണി മെറലിനെ നോക്കിക്കൊണ്ടു പറഞ്ഞു, ‘ഈ പണിയൊന്നും എനിക്കു ശീലമില്ല. എന്റെ പൊന്നു് അടിമയെ ആണല്ലോ തീവ്രവാദി ഇപ്പോൾ കസേരയിൽ തടവിലാക്കിയിരിക്കുന്നതു്. അവളെ കുറച്ചു നേരത്തേയ്ക്കു അഴിച്ചു വിടുമോ?’ തീവ്രവാദി അതിനും സമ്മതം പറഞ്ഞു.
‘വിശക്കുന്നുണ്ടോ?’ അടിമ ജോണി ഡെപ്പിനോടു ചോദിച്ചു.
ജോണി ചുണ്ടത്തു വിരലു വച്ച് ശ്ശ്ശ് എന്നു ശബ്ദമുണ്ടാക്കി. തീവ്രവാദി കേട്ടാൽ എന്തു കരുതും?
തീവ്രവാദി ജോണിയുടേയും അടിമയുടേയും നീക്കങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയായിരുന്നു. അടിമ ജ്യൂസിനുള്ള ഓറഞ്ചു പിഴിയുമ്പോൾ ആണല്ലോ തീവ്രവാദി വീടു സ്വീകരണമുറിയും അടുക്കളയും കൈയേറിയതു്. ജോണി ഡെപ്പ് സങ്കോചത്തോടെ ചോദിച്ചു, ‘പ്ലീസ് ആ ഓറഞ്ചു ജ്യൂസ് ഞാൻ കുടിച്ചോട്ടേ?’
തീവ്രവാദി തോക്കിൻ കുഴൽ കീഴ്ചുണ്ടിൽ അമർത്തി കുറേ ആലോചിച്ചു. എന്നിട്ടു പറഞ്ഞു ‘Yellow കളറിലുള്ള ഓറഞ്ച് ജ്യൂസ് ആണെങ്കിൽ സമ്മതമല്ലെന്നു്.’
ദൈവമേ അടിമ എന്തു ചെയ്യും? മഞ്ഞ നിറമല്ലാത്ത ഓറഞ്ചു ജ്യൂസിനായിട്ട്! ജോണി ഡെപ്പ് എന്തു ചെയ്യും?
‘പ്ലീസ്...’ അടിമ കെഞ്ചി. തീവ്രവാദി അലിഞ്ഞു. ജോണിയെ നോക്കി. ജോണിയും കെഞ്ചി ‘പ്ലീസ്...’
തീവ്രവാദി ഒന്നു ആലോചിച്ചുകൊണ്ടു് ഉറക്കെപ്പറഞ്ഞു, ‘Then I need a chocolate drink.’
‘ഡീൽ.’ ജോണി കൈകൊടുക്കുവാൻ മുന്നോട്ടാഞ്ഞു.
‘നോ!’ തീവ്രവാദി പൊടുന്നനെ തോക്കു് ഉയർത്തി ജോണിക്കു നേരെ ചൂണ്ടി. ജോണി അറിയാതെ രണ്ടു കൈകളും ഉയർത്തി.
ഓറഞ്ചു ഡ്രിങ്കും ചോക്ലേറ്റ് ഡ്രിങ്കും അടിമ കൊണ്ടുവന്നു. വീറ്റ് ബ്രെഡിന്റെ സ്ലൈസുകൾക്കു മുകളിൽ അല്പം പീനട്ട് ബട്ടർ തേച്ചതും കൊണ്ടു വന്നുവച്ചു.
ജോണി ഡെപ്പ് ഒറ്റയിറക്കിനു ഓറഞ്ച് ജ്യൂസ് കാലിയാക്കി. തീവ്രവാദി ചോക്ലേറ്റ് ഡ്രിങ്കിനേയും അടിമയേയും സൂക്ഷിച്ചു നോക്കി. അടിമ ഉടൻ ചോക്ലേറ്റ് ഡ്രിങ്ക് ഒരിറയ്ക്കു കുടിച്ചു തീവ്രവാദിക്കു തിരിച്ചു നൽകിക്കൊണ്ടു പറഞ്ഞു, ‘മധുരമുണ്ട്.’
തീവ്രവാദി ജോണിയേയും അടിമയേയും സോഫയുടെ ഒരു മൂലയിലേയ്ക്കു മാറ്റിയിരുത്തി.
‘Face the wall...’ തീവ്രവാദി അലറി.
ജോണി വീട്ടിൽ വന്നു കയറുമ്പോൾ തീവ്രവാദി അടിമയെ ഇരുത്തിയിരുന്ന കസേരയിൽ തീവ്രവാദി കയറിയിരുന്നു. തോക്കു് മടിയിൽ ഭ്രദ്രമായി വച്ചുകൊണ്ടു ചോക്ലേറ്റ് ഡ്രിങ്ക് കഴിച്ചു. പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് തൊട്ടു നോക്കിയതേയില്ല.
ഒടുവിൽ ജോണി ഡെപ്പിനേയും മെറൾ സ്ട്രീപ്പിനേയും ചുമരിൽ നിന്നും മാറി നേരെ നോക്കുവാൻ തീവ്രവാദി അനുവദിച്ചു. ജോണി ഡെപ്പ് പകുതി ആശ്വാസത്തിൽ വാൾ ക്ലോക്കിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു, ‘ഇനിയും ഞങ്ങൾ എത്രനേരം മിണ്ടാതെയിരിക്കണം?’
തീവ്രവാദി അതിനു മറുപടി പറയാതെ ബോബ് ഡില്ലന്റെ ‘You don’t need a weatherman to know which way the wind blows’ ഇയർഫോണിലൂടെ കേട്ടുകൊണ്ടിരുന്നു. തീവ്രവാദി ജോണി ഡെപ്പിന്റെ ഐപ്പോഡും മോഷ്ടിച്ചിരിക്കുന്നു.
‘Are you a Hindu?’
‘അല്ല അല്ല..’ ജോണി ഡെപ്പ് തോക്കിന്റെ കുഴൽ നോക്കി മറുപടി പറഞ്ഞു. ഇപ്പോൾ തോക്കിന്റെ കുഴൽ അടിമയെ ചൂണ്ടിയാണിരിക്കുന്നതു്. അടിമയും ഹിന്ദു അല്ലെന്നു പറഞ്ഞു.
‘How do I know!’ തീവ്രവാദിയുടെ തോക്കു ശബ്ദിച്ചു. ജോണി ഡെപ്പ് വെടിയേറ്റു സോഫയിൽ നിന്നും നിലത്തേയ്ക്കു മരിച്ചു വീണു. വീഴ്ചയിൽ അയാളുടെ നെറ്റി പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് വച്ചിരിക്കുന്ന ടീപ്പോയിലിടിച്ചു. അടിമയുടെ തൊണ്ടയിൽ നിന്നും വേദനയുള്ള ഒരു സ്വരം പുറത്തുവന്നു.
തീവ്രവാദി അയാളുടെ അടുത്തേയ്ക്കു ഓടിവന്നു.
‘Daddy, daddy are you hurt?’
‘Yes son, I'm.’ ജോണി ഡെപ്പ് തീവ്രവാദിയെ കെട്ടിപ്പിടിച്ചു.
‘But daddy I really didn't mean to hurt you.’
‘സാരമില്ല, എന്റെ കൊച്ചു മാറ്റ് ഡേമൺ. നീ ടീവിയിൽ കാണുന്നവരും ദേഹത്തു കൊള്ളണം വേദനിപ്പിക്കണം എന്നു കരുതിയല്ല വെടിവയ്ക്കുന്നതു്. പാവങ്ങളാണു് എല്ലാവരും.’
മെറൽ സ്ട്രീപ്പ് ഓടിവന്നു തീവ്രവാദിയെ പിടിച്ചെഴുന്നേല്പിച്ചു. ‘മതി മതി ഇന്നത്തെ കളികളൊക്കെ മതിയാക്കു്. കഴിഞ്ഞു.’
തീവ്രവാദിക്കു സങ്കടം തോന്നി.