രായിരനെല്ലൂരിലെ കുന്നിന്റെ നെറുകയിൽ നിന്നു ഭ്രാന്തൻ ഉരുട്ടിയിടുന്ന കല്ലുകളെ ധ്യാനിച്ചിരുന്നവർക്കു മാപ്പു്. ഭ്രാന്തൻ കുന്നിൻ മുകളോളം ഭാരം പേറിക്കൊണ്ടുപോയി താഴേയ്ക്കു് ഉരുട്ടിയിട്ട കല്ലുകളുടെ അർത്ഥാന്തരങ്ങളെ ധ്യാനിച്ചിരിക്കുന്നവർക്കും മാപ്പു്.
കുന്നിൽ നിന്നും പടിഞ്ഞാറു നോക്കിയാൽ പുഴയിൽ ചോര കുതിർത്തി പകൽ മരിച്ചു കിടക്കുന്നതു കാണാം. മല കയറും മുമ്പേ ഭ്രാന്തനെ കുറിച്ചു കേട്ട ഒരു കഥ ഓർമ്മ വരുന്നു. കുത്തനെയുള്ള മലമുകളിലേയ്ക്കു വലിയ പാറക്കല്ലു ചുമന്നു കയറ്റുന്നതുപോൽ കഠിനമായ സ്വാദ്ധ്യായങ്ങൾക്കു ശിക്ഷണപ്പെട്ടു വേദാന്തിയായ ഒരുവൻ. അറിവാണു വേദാന്തിയുടെ കഴുത്തിലെ സഹിക്കവയ്യാത്ത ഭാരം. അറിവിന്റെ ഭാരത്തിൽ അമർന്നുപോകാതെ വേദം ഉപേക്ഷിക്കുമ്പോൾ ഭ്രാന്തനു തുടക്കമായി, വേദകല്പിതമായ ജ്ഞാനത്തെ തിരസ്കരിക്കുന്നതു ഭ്രാന്തത്രേ! പകൽ മുഴുവൻ അദ്ധ്വാനിച്ചു കുന്നിന്റെ നെറുകയിലേയ്ക്കു ഉരുട്ടിക്കയറ്റുന്ന കല്ല് ഒടുക്കം താഴേയ്ക്കു് അലസം തള്ളിവിടുന്നതു പോലുള്ള ഭ്രാന്തു്.
പുറകിൽ അരപ്പട്ട കിലുങ്ങി, ചിലമ്പിന്റെ നാദം. ചുവന്ന പട്ടിൽ പൊതിഞ്ഞ കന്മദവിഗ്രഹം ശാന്തമായി നോക്കിക്കൊണ്ടു പറഞ്ഞു ഇതെന്റെ പ്രകൃതിയാണു്, എന്റെ യൗവനം, എന്റെ മണ്ണു്.. നീയാരാണ് ഇവിടേയ്ക്കു് അതിക്രമിച്ചു കടന്നതെന്തിനു്?
അവസാനത്തെ ഭാരവും താഴേയ്ക്കുരുട്ടിയിട്ടതിലെ നിർമലത്വത്തിന്റെ കനമില്ലായ്മയാണു ഞാൻ. ഇതെന്റെ കൂടെ പ്രകൃതിയാണല്ലോ! നീയാരാണു്?
ഞാൻ ഭൂമിയും ആകാശവും ജലവുമാണു്. ഈ മലയാണ്, പ്രകൃതിയാണ്. ചിതയെരിക്കാനല്ലാതെ മനുഷ്യർ പാർക്കാത്ത ഈ ഇടങ്ങൾ എന്റെ സ്വാതന്ത്ര്യമാകുന്നു. ഇവിടെ നിന്നും ഒഴുകിയിറങ്ങുന്ന നീർച്ചോല എന്റെ നഗ്നത ഭൂമിയുടെ ഉർവ്വരതയെ തൊടുന്നയിടം.
ഒരു മരം ഭൂമിയെ തൊട്ടു. അവൾ ഭൂമിയെ തൊട്ടുകൊണ്ടു തുടർന്നു വെളിപ്പെടുത്തി
ഞാൻ ഒരു ചെടി, രണ്ടു വേരുകളിൽ വളർന്നു രണ്ടു ചില്ലകളിലേയ്ക്കു വളർന്നു പന്തലിക്കുന്ന പച്ചപ്പ്. ചുടലപ്പറമ്പിലെ കനൽ എന്റെ കാമം, എന്നെ പ്രാപിക്കാനാവാത്ത അഹന്തകളുടെ അവസാനത്തെ ചൂടു്. എന്റെ നൃത്തത്തിൽ ഈ ചിലമ്പും തളയും അരപ്പട്ടയും ചുവന്നപട്ടും രായിരനെല്ലൂരിന്റെ ഇളകിയാട്ടങ്ങൾ. എന്റെ ശ്വാസം കാറ്റു്. എന്റെ മണം കാടു്.
ഞാൻ ഭ്രാന്തനാണെന്നു ആളുകൾ പറയുന്നു.
അപ്പോൾ ഭ്രാന്തിയുടെ ചുടലനൃത്തത്തിനു കാവലിരിക്കുവാൻ വന്നതാണോ?
കാറ്റിന്റെ ഓളത്തിലിളകിയാടുന്ന മഞ്ചാടിമരം ഒരു വിജൃംഭണത്തിൽ കായകളുടെ തൊണ്ടുവിടർത്തി കുരുക്കൾ ഭൂമിയുടെ ഗർഭപാത്രത്തിലേയ്ക്കിട്ടു. ഒരു തുടം മഞ്ചാടിക്കുരു വാരിയെറിഞ്ഞു അവൾ പരിഹസിച്ചു, വേദം പഠിച്ചവനേ പറയ് ഇതിലെത്ര മഞ്ചാടി മണികൾ?
ഭ്രാന്തനു് അനാദിയായ അറിവിന്റെ വേദപ്പകർച്ചമാത്രം കൈമുതൽ. രായിരനെല്ലൂരിൽ ഉദയവും ഉദയത്തിനു ശേഷം അസ്തമയവുമുണ്ടെന്ന കേവലമായ അറിവൊഴികെ മറ്റെല്ലാം കുന്നിൻ നെറുകയിൽ നിന്നും ഉരുട്ടിയിട്ട വലിയൊരു കല്ല്. എത്ര മഞ്ചാടിക്കുരുക്കൾ എറിഞ്ഞാലും അതിലാകെ രണ്ടെണ്ണമെന്നു ഉത്തരം. ഒന്നെന്റെ പങ്ക്, ഒന്ന് നിന്റെയും.
അരപ്പട്ടയിലെ കിലുക്കങ്ങൾ പൊട്ടിച്ചെറിഞ്ഞു അടുത്ത ചോദ്യം, ഇതിലെത്ര തങ്കനാണ്യങ്ങൾ?
മലകയറുമ്പോൾ മടിശ്ശീല തുളച്ചിട്ടതിലൂടെ ഊർന്നുപോയത്ര പണം.
എന്റെ കനലാട്ടത്തിൽ മുടിയിൽ കടലുപാർക്കുന്നതു കണ്ടില്ലേ? നാഭിയിൽ പുഴയിലെ അകംകാണാ കയം ഒളിച്ചിരിക്കുന്നതും മുലകൾ മദഗന്ധം ചുരത്തുന്നതും അറിയുന്നില്ലേ? ഉടൽ-മണം-വീറു പെണ്ണിന്റെ നീറ്റങ്ങൾ അറിയുന്നില്ലേ? കാമം നിന്റെ ഉള്ളുതുളയ്ക്കുമ്പോൾ പ്രണയമേ നീയെന്താകും?
എന്റെ വേരുകൾ നിന്റെ പുക്കിൾച്ചുഴിയിൽ, അകം വെളിപ്പെടുത്താത്ത ജന്മരഹസ്യങ്ങളുടെ ഗർഭഗേഹങ്ങളിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു നീയുമറിയുന്നില്ലേ? നിന്റെ നീരു് എന്റെയും നീരു്. എന്റെ വിശപ്പിന്റെ ആദ്യത്തെ അന്നമേ നിന്നിലിത്ര കാമമെന്തുള്ളൂ?
പ്രണയമേ നിന്റെ വാക്കുകളിലെ ഭക്തി പോലും എനിക്കു തടവെന്നറിയുമോ?
ഒരു ശിലയിലും പ്രതിഷ്ഠിക്കാതിരിക്കാം പെണ്മയേ നിന്നെ, പകരം നിന്നിലെ
കാറ്റിൽ ചില്ലകളും
മഴയിൽ വേരുകളും
വെയിലിൽ ഇലകളുമാകാം
രായിരനെല്ലൂരിലെ മലകയറി വരുന്നവർക്കു ഞാൻ കല്ലുരുട്ടുന്ന ഭ്രാന്തനും നീ ഭ്രാന്തൻ പൂജിച്ച ദേവിയുമാകാം.
3 comments:
‘പുരുഷാർത്ഥങ്ങളുടെ അവസാനത്തെ പകൽ‘. ഈ ഒരു വാക്യമൊഴിച്ച് ആദ്യഭാഗം വളരെ നന്നായി. ലാസ്റ്റ് ക്വാര്‍ട്ടര്‍ അല്പം ഉഴപ്പിയെന്നും തോന്നി.
സുന്ദരം :)
മനോഹരമായിരിക്കുന്നു.ജനിമൃതികളുടെ വല്ലാത്തൊരുന്മാദമാണ് രായിരനെല്ലൂർ.നമ്മുടെ ബോധാബോധച്ചെരിവുകളെ വെല്ലുവിളിക്കുന്ന പ്രകൃതി.
കുറച്ചുകൂടി ചുരുക്കിയാൽ ഇനിയും ഭംഗിയാക്കാമായിരുന്നു എന്നുതോന്നി.
എന്റെ വിശപ്പിന്റെ ആദ്യത്തെ അന്നമേ നിന്നിലിത്ര കാമമെന്തുള്ളൂ?
കാമം-വിശപ്പ്-പ്രണയം-അന്നം...അതോ തിരിച്ചോ, സ്വയം വിഴുങ്ങുന്ന അറിവിന്റെ വലയം?
കാറ്റിനെ ചില്ലകളും മഴയെ വേരുകളും വെയിലിനെ ഇലകളും അറിയുന്നത് വിശപ്പടങ്ങുന്നതിനു മുന്‍പോ പിന്‍പോ?
എനിക്കിഷ്ടപ്പെട്ടത് അവസാന ഭാഗം.
Post a Comment