Sunday, December 6, 2009

ഡിസംബര്‍ 6

ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു – യോഹന്നാന്‍ എഴുതിയ സുവിശേഷം.

ബൈബിളില്‍ ദാര്‍ശനികമായി ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന വരിയേതെന്നു ചോദിച്ചാല്‍ ചിലര്‍ക്കെങ്കിലും ഈ വരികള്‍ ഓര്‍മ്മവന്നേയ്ക്കും. അതിന്റെ വ്യാഖ്യാനങ്ങളിലേയ്ക്കു സമീപിക്കുന്നില്ല, കുറച്ചുദിവസം മുമ്പായിരുന്നു ഒരു സുഹൃത്തുമായി ഈ വരികളെ കുറിച്ചു സംസാരിച്ചതിന്റെ തുടര്‍ച്ചയായി ബൈബിള്‍ വായനയിലായിരുന്നു. അന്നൊരിക്കല്‍ തിരികെ വീട്ടിലേയ്ക്കു പ്രവേശിക്കുമ്പോള്‍ വീട്ടുടമസ്ഥ തനി പാലക്കാടന്‍ ഉച്ചാരണത്തില്‍ കൃസ്ത്യാനിയായോ എന്നു ചോദിക്കയുണ്ടായി.

‘നിങ്ങളെന്തിനാ ബൈബിള്‍ വെയ്ക്കണേ?’, ബൈബിളെന്നല്ല ഒട്ടുമിക്ക ആദ്ധ്യാത്മിക പുസ്തകങ്ങളും എന്റെ കൈവശമുണ്ടെന്നു ചിരിച്ചൊഴിയുവാന്‍ നോക്കിയപ്പോള്‍ അവര്‍ ആവേശത്തോടെ പറഞ്ഞു, ‘സായിബാബയെ കുറിച്ചു ബൈബിളിലുള്ളത് ഞാന്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്.’

തിരതള്ളിവന്ന നിരാശയും ഖേദവും പ്രകടിപ്പിക്കാതെ മുറിയിലേയ്ക്ക് വേഗം ഒഴിഞ്ഞുപോന്നു. പിന്നെ കുറച്ചു കഴിഞ്ഞെപ്പോഴോ വാതില്‍ക്കല്‍ അവരുടെ ശബ്ദം കേട്ടു. ഖുറാനുണ്ടോ? ഉവ്വെന്നു മറുപടി പറഞ്ഞപ്പോള്‍ ആവേശമായി. അതിലുമുണ്ടത്രെ സായിബാബയെ കുറിച്ച്. സ്ഥലസൗകര്യക്കുറവുമൂലം അടുത്തകാലത്തു നാട്ടിലേയ്ക്കു പുസ്തകങ്ങള്‍ തിരിച്ചയതില്‍ ഖുറാനും ഉള്‍പ്പെട്ടിരുന്നു. എന്നിരുന്നാലും ആവേശം ഒട്ടും കുറയാതെ ബൈബിള്‍ വന്നെടുത്തു് അവര്‍ അടയാളപ്പെടുത്തി വച്ചിരുന്ന ഭാഗം കാണിച്ചു തന്നു. ‘വെളിപാടുകളിള്‍’ യേശുവിനെ വിവരിക്കുന്ന ചില വരികള്‍ ആള്‍ദൈവത്തിന്റെ വര്‍ണ്ണനകളോടു സാമ്യപ്പെടുന്നു. ‘എന്തൊരു അത്ഭുതം അല്ലേ?’ അവര്‍ വീണ്ടും അതിശയപ്പെടുന്നു.

അവര്‍ കൈയ്യേറിയ ബൈബിള്‍ താളുകളില്‍ ഗ്രാഫൈറ്റിന്റെ നരച്ചനിറത്തില്‍ മതപരമായ അസഹിഷ്ണുത വെളിപ്പെട്ടുകിടക്കുന്നു. കര്‍സേവകരെയും സംഘ്പരിവാറിനെയുമൊക്കെയാണു് ഓര്‍മ്മ വന്നതു്. ഒരര്‍ത്ഥത്തില്‍ വരികള്‍ക്കു കീഴെ പെന്‍സിലോടിച്ചു അവര്‍ അടയാളപ്പെടുത്തിയെടുക്കുന്നതു സ്വയം ആവര്‍ത്തിക്കുവാന്‍ ചരിത്രത്തിനുള്ള ക്രൂരമായ ഇച്ഛയെയാണു്.

Ps: കേരളം കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളായ കശുവണ്ടി, കുരുമുളക്, എന്നിവയ്ക്കൊരു ദോഷമുണ്ട്, സാധാരണക്കാരില്‍ സാധാരണക്കാരനു ഇവയെക്കൊണ്ടൊന്നും വലിയ ഉപകാരമില്ല, ഉപയോഗത്തിനായി നോക്കുമ്പോള്‍ കിട്ടാന്‍ വലിയ വിലയും കൊടുക്കേണ്ടിവരുന്നു.

ഒരു കഷ്ണം റബ്ബര്‍ കൊണ്ടു് ഇന്നല്പം ഉപയോഗമുണ്ട്, കേരളത്തിനു സ്തുതി!

Saturday, October 17, 2009

Pink

വെളിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയായിരുന്നു
അപ്പോള്‍ നൂലില്‍ കെട്ടിയിറക്കിയതുപോലെ പകല്‍ വന്നു

കണ്ണുതുറന്നുറങ്ങരുതേ അരുതേ
സ്വപ്നങ്ങളില്‍ നഗ്നരാക്കപ്പെടുന്നവര്‍ കരഞ്ഞു
കണ്‍പുരികങ്ങളിലേയ്ക്കവര്‍
ഏണികയറി പേനുകളായ് കുടിയേറിപ്പോയ്

ചുണ്ണാമ്പുണ്ടോ? ഒരു വെറ്റിലയെടുക്കാന്‍
ഓര്‍ത്തോര്‍ത്തു പേടിപ്പിക്കുന്നു കള്ളിയങ്കാട്ടെ തമാശ

മുടിനാരു പിഴുതു വിചാരണ ചെയ്തു
ഓര്‍മ്മകളുമായുള്ള സമ്പര്‍ക്കത്തിനു ശിക്ഷനല്‍കി

അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നു
വന്നുകയറിയപ്പോള്‍ ശാസിച്ചു ഓടിച്ചുവിട്ടു
ഉടുപ്പിന്റെ നിറം ഒട്ടും ശരിയല്ല
പിങ്ക് ഉടുപ്പിട്ട മരണം ഹാഹാഹാ!

Saturday, September 26, 2009

ചിരിയുടേയും മറവിയുടേയും പുസ്തകം

മിലാന്‍ കുന്ദേരയുടെ The Book of Laughter and Forgetting എന്ന നോവലിലെ ആദ്യത്തെ അദ്ധ്യായം:

In February 1948, the Communist leader Klement Gottwald stepped out on the balcony of a Baroque palace in Prague to harangue hundreds of thousands of citizen massed in Old Town Square. That was a great turning point in the history of Bohemia. A fateful moment of the kind that occurs only once or twice a millennium.

Gottwald was flanked by his comrades, with Clementis standing close to him. It was snowing and cold, and Gottwald was bareheaded. Bursting with solicitude, Clementis took off his fur hat and set it on Gottwald's head.

The propaganda section made hundreds of thousands of copies of the photograph taken on the balcony where Gottwald, in a fur hat and surrounded by his comrades, spoke to the people. On that balcony the history of Communist Bohemia began. Every child knew that photograph, from seeing it on posters and in schoolbooks and museums.

Four years later, Clementis was charged with treason and hanged. The propaganda section immediately made him vanish from history and, of course, from all photographs. Ever since, Gottwald has been alone on the balcony. Where Clementis stood, there is only the bare palace wall. Nothing remains of Clementis but the fur hat on Gottwald's head.


സെബാസ്റ്റ്യന്‍ പോള്‍ കുന്ദേരയെ വായിച്ചു കാണണം. ഇതേ പുസ്തകത്തിലെ The struggle of man against power is the struggle of memory against forgetting എന്ന വരിയിലൂടെയാവണം ഒരു പക്ഷെ കുന്ദേര ഏറ്റവും കൂടുതല്‍ എടുത്തെഴുതപ്പെടുന്നതു്‌. അധികാരത്തിന്റെ ഉരുക്കുമുഷ്ടിക്കെതിരെ പൊരുതുവാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ മറവിയ്ക്കെതിരെ ഓര്‍മ്മയെന്നോണമാണു്‌. അതുകൊണ്ടു തന്നെയാവണം മാധ്യമവിചാരം എന്ന പരിപാടി പത്തുകൊല്ലത്തോളം നടത്തിയിരുന്ന സെബാസ്റ്റ്യന്‍ പോളിനു അധികാരത്തിന്റേയും മറവിയുടെയും പക്ഷത്തുനിന്നു മാറിനിന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകളോടെ ഉണര്‍ന്നുവരേണ്ടി വന്നതു്‌.

മാധ്യമങ്ങള്‍ ഓര്‍മ്മയുടെ കൂറുകാരാണു്‌, അതുകൊണ്ടാണു മാധ്യമങ്ങളെ പലരും പേടിക്കുന്നതും.