Wednesday, April 15, 2009

Face the Facts

ഇടതുമുന്നണിയ്ക്കു വോട്ടുതേടിക്കൊണ്ട് ബ്ലോഗിൽ പല സുഹൃത്തുക്കളും മുന്നോട്ടുവന്നിരിക്കുന്നതിനെ സന്തോഷത്തോടെ വരവേൽക്കുന്നു. ജനാധിപത്യപ്രക്രിയയിൽ ബ്ലോഗ് എന്ന നവമാധ്യം പങ്കെടുക്കുന്നതു വളരെ നല്ല കാര്യമാണ്.

ഒരു സുഹൃത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാമ്പ്യേൻ പോസ്റ്റിൽ നിന്നും ലഭിച്ചത്:

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖ്യാപിക്കാന്‍‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

മേല്പറഞ്ഞ വാഗ്ദാനങ്ങളിലൂടെ വാദങ്ങൾ ഉയർത്തി ജനഹിതം തേടുന്ന ഇടതുമുന്നണി പശ്ചിമ ബംഗാൾ 30 കൊല്ലം ഭരിച്ചതിന്റെ കണക്കുകൾ.

[കാര്യസൂചിക: ദേശീയ തലത്തിലെ നിലവാരവും/പ.ബംഗാളിന്റെ നിലവാരവും.]

* ഗാർഹിക വരുമാനം: Rs. 115,025/ Rs.111,632
[തുടർന്നുള്ള വിവരങ്ങൾ ശതമാനക്കണക്കിലാണ്]
* ടാറിട്ട റോഡുകൾക്കു സമീപമുള്ള വീടുകൾ: 71/44
* വൈദ്യുതീകരിക്കപ്പെട്ട വീടുകൾ: 69/54
* ടെലിഫോൺ സൗകര്യമുള്ള വീടുകൾ: 20/13
* അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ (രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ശതമാനം): 11/15
* സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ (രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ശതമാനം): 9/18
* പ്രാഥമിക വിദ്യഭ്യാസം മുടക്കിയ കുട്ടികൾ: 19/38

വിവരങ്ങൾക്കു കടപ്പാട്: indicus.net

പ്രാഥമിക വിദ്യഭ്യാസം മുടക്കി കുട്ടികൾ പോകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നു ദാരിദ്ര്യമാണ്. ഈ കുട്ടികളാകട്ടെ ബാലവേലയിൽ നിന്നും തുടങ്ങി സമൂഹത്തിന്റെ താഴേ തട്ടിൽ തന്നെ അടിഞ്ഞുപോകുന്നു. ദേശീയ ശരാശരിയുടെ ഇരട്ടി കുട്ടികൾ പ.ബംഗാളിൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞുപോന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ വികസനത്തെ താറുമാറാക്കുന്ന വാദങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതേ ഇടതുമുന്നണിയാണ് 30 കൊല്ലത്തെ ഭരണത്തിനു ശേഷവും ദേശീയ ശരാശരിയുടെ താഴെ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണകർത്താക്കൾ എന്നു സമ്മതിദായകർ ഓർക്കുക എല്ലായ്പ്പോഴും.

വലിയ വാക്കുകളും ചെറിയ പ്രവർത്തിയും കൈമുതലായിട്ടുള്ള ഇത്തരമൊരു മുന്നണിയുടെ വക്താക്കൾക്കു വോട്ടു ചെയ്യണോ എന്നു രണ്ടല്ല രണ്ടായിരം വട്ടം ആലോചിക്കുക.