Friday, March 27, 2009

A Note on CPI(M) - PDP

മദനി/സി.പി.എം തിരഞ്ഞെടുപ്പുകാല കൂട്ടുകെട്ടിനോടുള്ള നിലപാട്:-
കോൺഗ്രസ്സ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും മത/വർഗ്ഗീയവാദികളെ വോട്ടാക്കിമാറ്റാൻ നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഇങ്ക്വിലാബെന്തിനാണു മദനിയുടെ സി.പി.എം ബന്ധത്തിൽ എന്നു ലഘൂകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ പ്രത്യക്ഷത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സി.പി.എം. ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്നുള്ളതിനുള്ള അജൻഡയുടെ ഭാഗമായി സി.പി.എം പൊക്കി മുതുകത്തു വയ്ക്കുന്ന വേതാളങ്ങൾ അടങ്ങിയിരിക്കുമെന്നെന്താണ് ഉറപ്പ്? പഴയ ശീലങ്ങളിലേയ്ക്കു മടങ്ങിപ്പോവില്ലെന്നുള്ളതിനും എന്തുറപ്പാണുള്ളത്? പുതിയ ഭൂപരിധികളിൽ നിർവചിക്കപ്പെട്ടിരിക്കുന്ന പൊന്നാനിമണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും മാറിയിട്ടുണ്ട്. എന്നാൽ ഈ മണ്ഡലത്തിലെ പ്രചരണത്തിനിടയിൽ “മലപ്പുറം” എന്ന വാക്ക് മദനി എത്രപ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്? മലപ്പുറത്തിനേയും അതിലെ ജനങ്ങളേയും പ്രത്യേകം ഒരു വിഭാഗക്കാരായി ചിത്രീകരിക്കുവാനും, സദ്ദാമിനേയും ബുഷിനെ ചെരിപ്പെറിഞ്ഞവനേയും ഉൾപ്പെടെ സകലരേയും മലപ്പുറം ജില്ലക്കാരുടെ സ്വന്തം ആൾക്കാരാണെന്ന് വരുത്തിതീർക്കാനും എന്തിനാണ് ഇത്ര വ്യഗ്രത? ഇക്കാര്യത്തിൽ മദനിയേക്കാള്‍ വ്യഗ്രത സി.പി.എമ്മിനാണെന്നു തോന്നുന്നു. കൃത്യമായി വർഗ്ഗീയം പറഞ്ഞു വോട്ടാക്കിമാറ്റുന്നതിലാണ് ഇന്നത്തെ കോർപ്പറേറ്റ് അധികാരരാഷ്ട്രീയത്തിനു താല്പര്യം. പൊതുവേദിയിൽ ചുവപ്പു പുതപ്പിച്ചു അരിവാൾ ചുറ്റികയുടെ ബാനറിനരികെ നിർത്തിയാൽ മദനി പുനർജനിച്ചെന്നു കരുതുവാന്‍ എളുപ്പമല്ല. ഗുജറാത്തിൽ മോഡി ഉൾപ്പെടെയുള്ളവർ നടത്തിയ അനീതികൾക്ക് വികസനത്തിന്റെ ന്യായം പറയുമ്പോൾ എതിർക്കുവാൻ കാണിക്കുന്ന വിവേകമൊന്നും മദനിയുടെ കാര്യത്തിൽ കാണിക്കുവാൻ കഴിയുന്നില്ല പാര്‍ട്ടിക്കും അണികള്‍ക്കും.

മലപ്പുറത്തെ പാവപ്പെട്ട ഒരു മുസൽ‌മാനും ഇറാഖ് അധിനിവേശത്തിന്റെ ഇരയായിരുന്നിട്ടില്ല (വിശാലമായ അര്‍ത്ഥത്തില്‍ എല്ലാവരും അധിനിവേശങ്ങളുടെ ഇരകളാണെന്നു മറക്കുന്നില്ല). വ്യക്തമായ വംശീയ വിരോധം പ്രകടിപ്പിച്ചിരുന്ന സദ്ദാംഹുസൈൻ എന്ന ഏകാധിപതിയോട് അമേരിക്ക ചെയ്ത ക്രൂരത ഒരു ഇസ്ലാമിക പ്രശ്നം മാത്രമായി അവതരിപ്പിക്കുന്ന പ്രസംഗങ്ങൾ മലപ്പുറംകാരന്റെ പട്ടിണിയേയോ സാമൂഹിക അവസ്ഥയേയോ മാറ്റുവാന്‍ എന്തു ചെയ്യുമെന്നാവണം പിണറായി ഉള്‍പ്പെടെ മദനിയോടൊപ്പം വേദി പങ്കിട്ട ഇടതു നേതാക്കള്‍ കരുതിയിരിക്കുക? ഇസ്ലാമിന്റെ ബിംബങ്ങൾ (മലപ്പുറവും അങ്ങനെയൊരു ബിംബമാണെന്ന് മദനി തെളിയിച്ചു) ആവർത്തിച്ചു പറഞ്ഞു “ത്രില്ലടിപ്പിച്ചു” വോട്ടു നേടുന്നതാവരുത് സി.പി.എം പോലെ ഒരു പാർട്ടിയുടെ വഴി. കഴിവുണ്ടാവുമ്പോൾ മാത്രം ചെയ്താൽ മതിയെന്നു പ്രവാചകൻ പറഞ്ഞ ഹജ്ജിനു വേണ്ടി സബ്‌സിഡൈസ് ചെയ്ത കഴിവുണ്ടാക്കൽ അല്ല സാധാരണക്കാരിൽ സാധാരണക്കാരനായ മുസൽമാന്റെ ആവശ്യങ്ങൾ. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട സ്വതന്ത്ര്യ വിദ്യഭ്യാസം ഈ മുസൽ‌മാന്റെ പെൺകുട്ടിയും അർഹിക്കുന്നുണ്ട്. പഠിപ്പില്ലാതെ കെട്ടിച്ചയച്ചു കഴിയുമ്പോഴുണ്ടാവുന്ന ദുരിതങ്ങളിൽ നിന്നു രക്ഷപ്പെടുവാൻ ഇവരിൽ ആരെയും മദനി ആവേശത്തോടെ ഉയർത്തിപ്പിടിച്ച ‘ബുഷിനെ ഷൂ എറിഞ്ഞ’ മുസൽ‌മാന്റെ ചിത്രം സഹായിക്കുകയില്ല.

അവഗണിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടാവുന്നത്, അവഗണനയിൽ നിന്നും രക്ഷപ്പെടുത്തി അത്തരം തീവ്രവാദങ്ങൾ അവസാനിപ്പിക്കുക എന്നതുകൂടിയായിരുന്നല്ലോ മദനിയെ കൂടെച്ചേർക്കുന്നതിനുള്ള ന്യായീകരണം. എന്നാൽ ഇന്ത്യൻ മുസ്ലീം നേരിടുന്ന അവഗണനയുടെ ദൃഷ്ടാന്തങ്ങൾ ഗുജറാത്തിൽ അവൻ ഒറ്റപ്പെട്ടു പോകുന്നതും, അവന്റെ തെരുവുകൾ ഗ്രാമങ്ങളിൽ നിന്നു അടഞ്ഞു കിടക്കുന്നതും, അവന്റെ പെൺ‌മക്കൾ മൈസൂർ കല്യാണത്തിൽ ഒഴിപ്പിക്കപ്പെടുന്നതും മറ്റുമാണ്. ഇന്ത്യ-ഇസ്രയേൽ ബന്ധവും, അമേരിക്കൻ അധിനിവേശവും മറ്റുമല്ല. വ്യക്തമായ വർഗ്ഗീയ നിലപാടിൽ നിന്നും ആവേശമുണർത്തി സംസാരിക്കുന്ന മദനിയല്ല അവഗണിക്കപ്പെട്ട ഇന്ത്യൻ മുസൽ‌മാന്റെ പ്രതിരൂപം. നാലാം ക്ലാസിൽ സ്കോളർഷിപ്പ് കിട്ടിയ മകൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുവാൻ കഴിയാതെ എസ്.ബി.റ്റിയിലെ സന്ദർശകരെ കാത്തുനിൽക്കുന്ന ഉമ്മമാരാണ്. അവഗണിക്കപ്പെട്ട ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതീരൂപങ്ങളിൽ നിന്നും, രക്ഷാദൈവങ്ങളിൽ നിന്നും ഇവർക്കായൊന്നും വേണ്ടി ഒരു വാക്കുപോലും കേട്ടീല്ലല്ലോ?

മതാധിപരുടെ കർക്കശങ്ങളായ ഇടപെടൽ മൂലം പൊതു സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയാത്ത സമൂഹമാണ് ഇന്ത്യൻ മുസ്ലീമിന്റേത്. സ്വതന്ത്ര്യമായി ചിന്തിക്കുവാനും പഠിക്കുവാനും പണിയെടുക്കുവാനുമാണ് ഇന്ത്യ സമുദായത്തിനു് അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടത്. ബാലറ്റ് പെട്ടിയിലെ വോട്ടുകളുടെ കണക്കു മതനേതാക്കൾ തീരുമാനിക്കുമ്പോൾ മതനേതൃത്വത്തിനു കീഴ്പ്പെട്ടു് എന്നും അധഃകൃതമായിത്തന്നെ കഴിയുവാൻ ഒത്താശ ചെയ്യുകയാണ് ഇന്ത്യൻ രാഷ്ട്രീയം. സി.പി.എം അതിൽ പങ്കുപറ്റുന്നതിൽ വിരോധമില്ല, പക്ഷെ കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയുടെ സ്വഭാവം കാണിച്ച് ജനത്തെ വിഡ്ഢികളാക്കരുത്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ സി.പി.എമ്മിനു ചിലപ്പോൾ ഉറക്കെപ്പറയുവാൻ ധൈര്യം വരാത്ത കാര്യമൊന്നുണ്ട്, രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം. ഇസ്രയേലും ബുഷും കോൺഗ്രസ്സിന്റെ അമേരിക്കൻ സ്നേഹവുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഒരു ഇന്ത്യക്കാരൻ എന്നതിലുപരി മലപ്പുറത്തെ മുസ്ലീമിനെ എന്തിനു ഭയപ്പെടുത്തണം? അവർ ഭയക്കേണ്ടത് അവരെ തളച്ചിടുന്ന മതനേതൃത്വത്തെയാണ്, അവരുടെ ചോര ചിന്തിക്കുവാൻ കൊതിക്കുന്ന മദനിമാരെയാണ്‌.

Update/Summary:-
സദ്ദാമിനെ തൂക്കിലേറ്റിയവനെ അഗാധമായി സ്നേഹിച്ചും ഗാസയിലെ മുസ്ലീങ്ങളെ നിഷ്ടൂരമായി കൊലചെയ്തവരെയുമായി പങ്കുപറ്റിയും ഇന്ത്യൻ ഗവൺ‌മെന്റ് നിങ്ങളെ വഞ്ചിച്ചു എന്നു പറയുവാൻ ഈ ഇലക്ഷൻ സാഹചര്യത്തിൽ സീപ്പിയെമ്മിനും മദനിക്കും മാത്രമേ കഴിയുകയുള്ളൂ. സാമ്രാജത്വത്തിനും യുദ്ധക്കൊതിക്കും എതിരെ ഓരോ ഇന്ത്യക്കാരനും ഉണ്ടാവേണ്ട പേടിമാത്രമാണോ മദനിയും സീപ്പിയെമ്മും ഇലക്ഷൻ പ്രചരണത്തിലൂടെ മുസ്ലീമിന്റെ മനസ്സിലേയ്ക്ക് കടത്തിവിടുന്നത്? ഇത്തരം പേടികൾ കടത്തിവിട്ട് അരക്ഷിതമാണ് നിങ്ങളുടെ അവസ്ഥയെന്ന് കാപട്യത്തോടെ ബോധ്യപ്പെടുത്തി അധികാരത്തിനുവേണ്ടി നടത്തുന്ന കൈയാങ്കളിയെയാണ് വർഗ്ഗീയത എന്നെല്ലാം പറയേണ്ടി വരുന്നത്. മദനി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉയർത്തിപ്പിടിക്കുന്ന ബുഷിനെ ചെരിപ്പെറിഞ്ഞയാളെ കോൺഗ്രസ്സിനും പൂജിക്കാം മാലയിട്ടു സ്വീകരിക്കാം പക്ഷെ “ഇതാ നിങ്ങളുടെ പേടികളെ ഒരു ചെരിപ്പുകൊണ്ട് എറിഞ്ഞുടച്ച ധീരനെ ഞങ്ങൾ കൂട്ടത്തിൽ ചേർക്കുന്നു” എന്നു പ്രസംഗിച്ചുകൂടാ, അതിൽ അക്ഷന്തവ്യമായ അപരാധമുണ്ട്. കാരണം അത്തരത്തിലൊരു പേടിയുടെ നിറവിലിരുത്തിയാവരുത് മുസ്ലീങ്ങളുടെ വോട്ട് ചോദിക്കുന്നത്, അത് ആ സമൂഹത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂ‍രതയാണ്, മദനിയെ കൂട്ടുപിടിച്ച് സീ.പി.ഐ(എം) ചെയ്തിരിക്കുന്നതും അതു തന്നെയാണ്. [ഈ പറഞ്ഞതിന്റെ അർഥം ഇന്ത്യൻ മുസ്ലീം നേരിട്ടിട്ടുള്ള വംശീയ/വർഗ്ഗീയ നരഹത്യകളെ പേടിക്കേണ്ടതുണ്ട് എന്ന് പറയേണ്ട ആവശ്യമില്ല എന്നല്ല, അതിനെതിരെ സംഘടിക്കുകയും പോരടിക്കുകയും വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായവും. പക്ഷെ അത് കോൺഗ്രസ്സിനും ചെയ്യാവുന്നത് തന്നെയാണ്, അതുകൊണ്ടു തന്നെ അതിനു വലിയ മാർക്കറ്റ് ഇല്ല എന്നു സീപ്പീയെമ്മിനു നന്നായറിയാം!]

Footnote:-
മതം വളരെ വ്യക്തിപരമായ കാര്യമാണു്. സ്വന്തം വീടിന്റെ / ആരാധനാലയത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ അതിനെ ഒതുക്കിവയ്ക്കുവാൻ ഇന്ത്യൻ ജനത പ്രബുദ്ധ കാണിക്കേണ്ടതുണ്ടു്. എത്രയും നേരത്തെ നിയമപരമായി തന്നെ മതത്തെ പൊതുജീവിതത്തിൽ നിന്നും അകറ്റിനിർത്തുവാനും ശ്രമിക്കേണ്ടതുമുണ്ട് (ഇതെഴുതുമ്പോൾ ഇത്തരമൊരു നീക്കം കൊണ്ടു അധികം പരിക്കു പറ്റുക organized മതങ്ങൾക്കാണെന്നും ഹിന്ദുമതം പോലെ വളരെ personalized ആയ ഒരു മതത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും സമൂഹം എളുപ്പമൊന്നും രക്ഷപ്പെടില്ലെന്നും തിരിച്ചറിയുന്നുണ്ട്, വിശദമായ ഒരു വിഷയമായതിനാൽ അതിലേയ്ക്കു പ്രവേശിക്കുന്നില്ല. പൊതുവിൽ ഉദ്ദേശിക്കുന്നതു അധികാരം, സമൂഹം എന്നിവയിൽ മതത്തിനുള്ള കടിഞ്ഞാണുങ്ങൾ പൊട്ടിച്ചുകളയുക എന്നതാണു്). നേരത്തെ ഒരു പോസ്റ്റിൽ എഴുതിയതു പോലെ വ്യക്തമായി മതപരമായ വർഗ്ഗീയത വളർത്തുന്ന, അതിൽ തന്നെ പലപ്പോഴായി ക്രൂരമായ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ചിട്ടുള്ള ബി.ജെ.പിയെ പോലുള്ളവരെ ഒറ്റപ്പെടുത്തുകയാണ് ആദ്യം വേണ്ടതും. ഒപ്പം തന്നെ താൽക്കാലിക ലാഭങ്ങൾക്കായി പുതിയ വർഗ്ഗീയ സമവാക്യങ്ങൾക്കു ഒരു ദേശീയ പാർട്ടിയും വളമിട്ടുകൊടുക്കാതിരിക്കുകയും ചെയ്തെങ്കിൽ എത്ര നന്നായിരുന്നേനെ.

9 comments:

ശ്രീഹരി::Sreehari said...

/ പൊതുവിൽ ഉദ്ദേശിക്കുന്നതു അധികാരം, സമൂഹം എന്നിവയിൽ മതത്തിനുള്ള കടിഞ്ഞാണുങ്ങൾ പൊട്ടിച്ചുകളയുക എന്നതാണു് /


എനിക്കു തോന്നുന്നത് ഉത്തരവാദി സി.പി.എം അല്ല എന്നാണ്.
മതങ്ങള്‍ വോട്ടുബാങ്കുകളായിത്തീരുന്നത് കൊണ്ടാണ് എല്ലാ പാര്‍ലമെന്ററി പാര്‍ട്ടികള്‍ക്കും ഏതെങ്കിലും ഒരു വര്‍‌ഗീയകക്ഷിയുമായി കൂട്ടുകൂടേണ്ടി വരുന്നത്...

ബി.ജെ.പിയുടെ കാര്യം വേറേ... അവര്‍ ഉള്ളില്‍ നിന്നേ വര്‍ഗീയത വമിക്കുന്നവരാണ്. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരുടെ ലക്ഷ്യം ആത്യന്തികമായി അധികാരം ആണെങ്കിലും, അതിലുപരി അണികളില്‍ പലരുടേയും അടിസ്ഥാനമായ വികാരം മതവിദ്വേഷമാണ്....

ഇവിടെ കോണ്‍ഗ്രസ് ആണ് വര്‍‌ഗീയപ്രീണനം ഇത്ര ശക്തമായി തുടങ്ങിവെച്ചത്... സംസ്ഥാനതലത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാന്‍ തട്ടിക്കൂട്ടിയ വിമോചനസമരത്തിന്റെ മുഖം വര്‍ഗീയതയുടേയും, മതമൗലീകവാദത്തിന്റെയും തന്നെയായിരുന്നു...

പാര്‍ലമെന്ററി വ്യവസ്ഥിതിയില്‍ മതത്തെച്ചുറ്റിപ്പറ്റിയുള്ള വോട്ടുബാങ്കുകളൂടെ ശക്തിയെക്കുറിച്ച് ഇടതുപക്ഷം ആദ്യമായി ബോധവാന്മാരായതും അന്ന് തന്നെയായിരിക്കണം....

ജനങ്ങള്‍ക്ക് എന്തൊക്കെ നന്മ ചെയ്താലും ശരി വോട്ട് ചെയ്യാന്‍ നേരത്ത് മതവും വര്‍ഗവും പുരോഹിതവചനങ്ങളും ഒക്കെയാണ് ചാലകശക്തിയെങ്കില്‍ അതില്‍ രാഷ്ട്രീയക്കാര്‍ എന്തു പിഴച്ചു?

ഇവിടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രശ്നത്തില്‍, പാവപ്പെട്ടവന്റെ പിള്ളേര്‍ എങ്ങിനെയെങ്കിലും പിഴച്ചോട്ടെ എന്ന് കരുതിയാണ് ആദ്യം ആന്റണി സര്‍ക്കാറും പിന്നെ ബേബ്ബി സര്‍ക്കാറും 50:50 എങ്ങിനെയെങ്കിലും നടപ്പിലാക്കാന്‍ ശ്രമിച്ചത്... പക്ഷേ എന്തായി?

സഭയുടെയും പല ഹിന്ദുസംഘടനകളുടേയും മുസ്ലീം സംഘടനകളുടേയും ഒത്താശയോടെ വിദ്യാഭ്യാസകച്ചവടം ചെയ്യുന്ന കോളേജ് മാനേജ്‌മെന്റുകളുടെ തോന്നിവാസത്തിനൊപ്പമല്ലേ പൊതുജനവികാരം പോലും ഉണ്ടായിരുന്നത്?

അതേ പ്രശ്നത്തില്‍ ഒരു പ്രസ്താവന നടത്തിയതിന്റെ പേരിലല്ലേ ആന്റണിമുഖ്യന് രാജി വെക്കേണ്ടി വന്നത്? ( നോക്കുക ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു? എല്ലാം അദ്ദേഹം അതിജീവിച്ചു. ഒടുവില്‍ "ന്യൂനപക്ഷവിരുദ്ധം" എന്ന് വിശേഷിപ്പിക്കപ്പെട്ട ഒറ്റ പ്രസ്താവനയോടെ പുള്ളിയുടെ കസേര പോയി..)

സി.പി.എം ആയാലും കോണ്‍ഗ്രസ് ആയാലുമവരുടെ ലക്ഷ്യം അധികാരത്തിലെത്തുക എന്നതാണ്. സ്വാര്‍ഥതാല്പര്യമായാലും അല്ലെങ്കിലും പ്രതിപക്ഷത്തിരുന്നത് കൊണ്ട് പ്രത്യേക്കിച്ച് ഉപയോഗവുമില്ലല്ലോ....

ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്തോ ആവട്ടെ വര്‍‌ഗീയപ്രീണനം ഇല്ലാതെ അധികാരത്തില്‍ എത്താന്‍ ഉള്ള സാമൂഹ്യചുറ്റുപാടുകള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല... അത് ഉണ്ടാക്കാന്‍ ഉള്ള ബാധ്യത "അരാഷ്ട്രീയവാദികള്‍" എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ക്കുള്‍പ്പടെ എല്ലാ ജനങ്ങള്‍ക്കുണ്ട്...

മദനിയുടെ പ്രസംഗം കേട്ടാല്‍ മുന്‍ പിന്‍ നോക്കാതെ കുറെ പേര്‍ വോട്ട് ചെയ്യും എന്നുള്ളത് കൊണ്ട് തന്നെയാണ് സി.പി.എമ്മിന് അവരെ പ്രീണീപ്പിക്കേണ്ടി വരുന്നത്. അതേ പോലെ ലീഗിനെ കോണ്ട് നടക്കുന്ന കോണ്‍‌ഗ്രസിന്റെ വികാരവും മറ്റൊന്നല്ല....

പൊതുജനം... തേങ്ങാക്കൊല....

ബ്ലോഗില്‍ വര്‍‌ഗീയതക്കെതിരെ അല്ലെങ്കില്‍ ഏതെങ്കിലും മതവിശ്വാസവുമായി ബധപ്പെട്ട ഒരു ദുരാചാരത്തിനെതിരെ പോസ്റ്റിട്ടാല്‍ അപ്പോഴറിയാം... സിപിഎം വര്‍ഗീയപ്രീണനം നടത്തുന്നു എന്ന് ഇപ്പോള്‍ ആരോപിക്കുന്ന പലരുടേയും തനിക്കൊണം... ഉള്ളില്‍ വര്‍ഗീയത വെച്ചുകൊണ്ട് വര്‍ഗീയതപ്രീണനത്തിനെതിരെ പ്രസംഗിക്കാന്‍ പത്രങ്ങളടക്കം കുറേ പേര്‍....

അരവിന്ദ് :: aravind said...

രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം.

you said it.

Pramod.KM said...

"മലപ്പുറത്തെ പാവപ്പെട്ട ഒരു മുസൽ‌മാനും ഇറാഖ് അധിനിവേശത്തിന്റെ ഇരയായിരുന്നിട്ടില്ല“- ഇതിന്റെ അര്‍ത്ഥം നേരിട്ട് അനുഭവമുള്ള അധിനിവേശത്തിനെതിരെ മാത്രമേ പ്രതിഷേധിക്കാവൂ എന്നാണൊ? എങ്കില്‍ നമുക്കൊന്നും ആറ്റംബോംബിനെപ്പെറ്റിയോ ലോകമഹായുദ്ധത്തെപ്പറ്റിയോ മിണ്ടാന്‍ പറ്റില്ലല്ലോ.കൂട്ടുകാരുമായി ചെറുപ്പത്തില്‍ അടി കഴിഞ്ഞതിനെപറ്റിയാവും, എങ്കില്‍ പലര്‍ക്കും പറയാനുണ്ടാവുക!
“വ്യക്തമായ വംശീയ വിരോധം പ്രകടിപ്പിച്ചിരുന്ന സദ്ദാംഹുസൈൻ എന്ന ഏകാധിപതിയോട് അമേരിക്ക ചെയ്ത ക്രൂരത ഒരു ഇസ്ലാമിക പ്രശ്നം മാത്രമായി അവതരിപ്പിക്കുന്ന പ്രസംഗങ്ങൾ മലപ്പുറംകാരന്റെ പട്ടിണിയേയോ സാമൂഹിക അവസ്ഥയേയോ മാറ്റുവാന്‍ എന്തു ചെയ്യുമെന്നാവണം പിണറായി ഉള്‍പ്പെടെ മദനിയോടൊപ്പം വേദി പങ്കിട്ട ഇടതു നേതാക്കള്‍ കരുതിയിരിക്കുക?"- സദ്ദാം ഹുസൈന്‍ എന്ന വ്യക്തിക്കെതിരെയാണോ അമേരിക്ക ചെയ്ത ക്രൂ‍രത!!പട്ടിണി മാറ്റുവാനുള്ള വഴികള്‍/തൊഴിലില്ലായ്മ മാറ്റുവാനുള്ള വഴികള്‍ എന്നിങ്ങനെ അക്കമിട്ടു നിരത്താവുന്ന വഴികള്‍ വല്ലതുമുണ്ടെങ്കില്‍ എത്രമുമ്പേ നമ്മുടെ പട്ടിണി മാറേണ്ടതാണ്:)
‘മതമില്ലാത്ത ജീവന്‍’എന്ന പാഠത്തിനെതിരെ നടന്ന പ്രതിഷേധം നമുക്കറിയാം. എന്നിട്ടല്ലേ ‘രാഷ്ട്രീയം മതത്തില്‍ നിന്നും ജനതയെ ലിബറേറ്റ് ചെയ്യുന്നതിനെപ്പറ്റി’ ചിന്തിക്കാനാവുക!

Anonymous said...

http://www.youtube.com/watch?v=nfI_jS66_Is
madaniyude manam maattam

NEELAMBARI said...

.

NEELAMBARI said...

We are not sure whether Maadni is a changed man. He says he has moved away from some of his previous hard core ideologies. CPI(M) also repeats the same.

If he is a changed man why should we keep him away from the main stream.

Coming into the electoral politics may at least force him to give up his religious terrorism . That will be much appreciable for the community as well as for the nation.

Take the case of Communist Party of Nepal (Maoist) and Prachanda. See the transformation.

Anonymous said...

Dude, super great article.

Jayasankar

Anonymous said...

...please where can I buy a unicorn?

Anonymous said...

[url=http://italtubi.com/tag/Effetti-collaterali/ ]levitra 10 mg [/url] kcSi sono errati. Scrivere a me in PM. levitra vendita wiwvstlnrp [url=http://www.mister-wong.es/user/COMPRARCIALIS/comprar-viagra/]comprar viagra[/url]